ജയ്പൂര്‍: രാജസ്ഥാനില്‍ കന്നുകാലികളുമായി സഞ്ചരിച്ച വാഹനം തടഞ്ഞ് ഗോരക്ഷാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ മൃഗപരിപാലന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്. ജയ്സാല്‍മീറില്‍ നിന്നും നിയമപരായി അമ്പതോളം പശുക്കളെ തമിഴ്നാട്ടിലേക്ക് കൊണ്ടുവരികയായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ വെച്ചാണ് അമ്പതോളം ഗോരക്ഷാ പ്രവര്‍ത്തകര്‍ അഞ്ച് ട്രക്കുകള്‍ തടഞ്ഞത്. ഒരു ട്രക്ക് പൂര്‍ണമായി തകര്‍ത്ത അക്രമികള്‍ മറ്റൊരു ട്രക്കിന് തീയിടാനും ശ്രമിച്ചു. എന്നാല്‍ പൊലീസ് ഇടപെട്ട് ശ്രമം വിഫലമാക്കി. ഉദ്യോഗസ്ഥര്‍ക്കും ട്രക്കിനും നേരെ അക്രമികള്‍ കല്ലെറിയുകയും പശുക്കളെ ട്രക്കില്‍ നിന്ന് വലിച്ച് പുറത്തിടുകയും ചെയ്തു.

ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പശുക്കളെ ഒരു ഫാമിലേക്ക് മാറ്റി ഉദ്യോഗസ്ഥരെ സ്ഥലത്ത് നിന്നും കൊണ്ടുപോയി. ഗോരക്ഷാ അക്രമണത്തെ ഗൗരവമായി കാണാതിരുന്ന ഒരു ഇന്‍സ്പെക്ടറടക്കം ഏഴ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
സ്ഥലത്ത് വൈകിയെത്തിയെന്നും നടപടികള്‍ കൈക്കൊള്ളുന്നതില്‍ വീഴ്ച്ച വരുത്തുകയും ചെയ്തതിനാണ് നടപടി. സംഭവത്തില്‍ കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ