/indian-express-malayalam/media/media_files/uploads/2023/06/mob-lynching.jpg)
ചിത്രീകരണം: വിഷ്ണു റാം
പട്‌ന: ബിഹാറിലെ സരൻ ജില്ലയിൽ ബീഫ് കടത്തിയെന്നാരോപിച്ച് ട്രക്ക് ഡ്രൈവറെ തല്ലിക്കൊന്നു. മെഡിക്കൽ ആവശ്യത്തിനായി രജിസ്റ്റേർഡ് ഫാക്ടറിയിലേക്ക് അസ്ഥികൾ കൊണ്ടുപോവുകയായിരുന്ന അൻപത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഏഴു പേരെ അറസ്റ്റ് ചെയ്തു.
വാഹനത്തിന് ചില തകരാറുകളുണ്ടായതിനെ തുടർന്ന് മുഹമ്മദ് സഹിറുദ്ദീൻ ട്രക്ക് ഖോരി പാകർ ഗ്രാമത്തിന് സമീപം പാർക്ക് ചെയ്യുകയായിരുന്നു. സഹായിയായ ഖുർഷിദ് അലിക്കൊപ്പം സഹിറുദ്ദീൻ ഒരു മെക്കാനിക്കിനെ അന്വേഷിക്കുന്നതിനിടെ ചില ഗ്രാമവാസികൾ എത്തുകയും എന്താണ് കൊണ്ടുപോകുന്നതെന്ന് അന്വേഷിക്കാനും തുടങ്ങി. ട്രക്കിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിച്ചതോടെ ബീഫ് കടത്തുന്നതായി സംശയം തോന്നിയ ഗ്രാമവാസികൾ സഹിറുദ്ദീനെ മർദിക്കാൻ തുടങ്ങി. ഇതിനിടയിൽ സഹായിയായ അലി ഓടി രക്ഷപ്പെട്ടു.
സഹിറുദ്ദീനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതേ ജില്ലയിലെ മജ്വാലിയ ഗ്രാമത്തിലെ താമസക്കാരനാണ് സഹിറുദ്ദീൻ. മെഡിക്കൽ ആവശ്യങ്ങൾക്കായി അസ്ഥികൾ ഉപയോഗിച്ച് മരുന്ന് തയ്യാറാക്കുന്ന ലൈസൻസുള്ള മർഹൗറ ഫാക്ടറിയിലേക്ക് അസ്ഥികൾ കൊണ്ടുപോകുകയായിരുന്നു സഹിറുദ്ദീൻ. ഇത് സാധാരണ നടക്കുന്നതാണെന്ന് സരൺ പൊലീസ് സൂപ്രണ്ട് ഗൗരവ് മംഗ്ല ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സംഭവത്തിനുപിന്നാലെ തങ്ങൾ ഉടൻ നടപടിയെടുക്കുകയും ഏഴ് ഗ്രാമീണരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
മാർച്ചിന് ശേഷം സരണിൽ നടക്കുന്ന രണ്ടാമത്തെ ആൾക്കൂട്ട ആക്രമണമാണിത്. മാർച്ച് ഏഴിന്, ബീഫ് വിൽക്കുന്നതായി ആരോപിച്ച് സിവാൻ സ്വദേശി നസീം ഖുറേഷിയെ (54) മർദിച്ച് കൊലപ്പെടുത്തിയിരുന്നു. ആക്രമണത്തിനിരയായി ഏതാനും മണിക്കൂറുകൾക്ക് ശേഷം ഖുറേഷി മരിക്കുകയും കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.