മുംബൈ: പുണെ-മുംബൈ ദേശീയപാതയോരത്ത് ചരക്ക് ലോറി അപകടത്തില്‍ പെട്ടു. 30 അടിയോളം താഴ്ചയിലേക്കാണ് ട്രക്ക് വീണത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് കീഴ്മേല്‍ മറിഞ്ഞ് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ട്രക്ക് ഡ്രൈവര്‍ വണ്ടിയില്‍ കിടക്കുമ്പോള്‍ പ്രദേശവാസികളും മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരും ഉളളി മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നിരവധി പേരാണ് അപകടത്തിന് പിന്നാലെ ഡ്രൈവറെ ശ്രദ്ധിക്കാതെ ഉളളി മോഷ്ടിക്കാനെത്തിയത്. ഏറെ വൈകിയാണ് ഡ്രൈവറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് അപകടം നടന്നത്. പുണെയില്‍ നിന്നും മുംബൈയിലേക്ക് ചരക്ക് കയറ്റിക്കൊണ്ടുപോവുകയായിരുന്ന ട്രക്കാണ് അപകടത്തില്‍ പെട്ടത്.
ഉളളി കയറ്റിയ ട്രക്ക് അപകടത്തില്‍ പെട്ടെന്ന വാര്‍ത്ത കാട്ടുതീ പോലെയാണ് പടര്‍ന്നതെന്ന് പൊലീസ് പറഞ്ഞു.

ഇതിന് പിന്നാലെ പ്ലാസ്റ്റിക് സഞ്ചികളും തുണികളുമായി വന്ന പ്രദേശവാസികള്‍ ഉളളി ശേഖരിച്ച് മടങ്ങുകയായിരുന്നു. റോഡില്‍ നിര്‍ത്തിയ മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരും ഉളളി മോഷ്ടിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന് ശേഷം ലോനാവ്‌ല പൊലീസ് ഉളളി മോഷണത്തിന് കേസെടുത്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ