ഹൈദരാബാദ് പൊലീസ് സോഷ്യൽ മീഡിയ “ട്രോളുകൾ”ക്കെതിരെ കർശന നടപടി പ്രഖ്യാപിച്ചതായി, ഡപ്യൂട്ടി പൊലീസ് കമ്മീഷണർ (സൈബർ ക്രൈംസ്) സ്നേഹ മെഹ്‌റ പറഞ്ഞു. ഇത്തരം കേസുകളിൽ കഴിഞ്ഞ മാസം 20 കേസുകൾ രജിസ്റ്റർ ചെയ്യുകയും സെക്ഷൻ 41 എ സിആർപിസി പ്രകാരം എട്ട് ട്രോളന്മാർക്കെതിരെ നോട്ടീസ് നൽകി.
ഡൽഹി എക്‌സൈസ് അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ബിആർഎസ് നേതാവും എംഎൽസിയുമായ കെ കവിതയെ അപമാനിക്കുന്ന തരത്തിലുള്ള ഓൺലൈൻ ഉള്ളടക്കത്തെക്കുറിച്ച് മാർച്ച് രണ്ടാം വാരത്തിൽ നിരവധി പരാതികൾ ലഭിച്ചതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ, ട്രാക്ഷനുകൾ വർധിപ്പിക്കുന്നതിനും സാമ്പത്തിക നേട്ടങ്ങൾക്കുമായി ഇത്തരം ഉള്ളടക്കം ട്രോളുകൾ പോസ്റ്റ് ചെയ്തതായി പൊലീസ് കണ്ടെത്തി. ഇവർ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
“ഈ (നടപടി) ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് സ്വന്തം വ്യക്തതിത്വം വെളിപ്പെടുത്താതെ പ്രവർത്തിക്കുന്ന ട്രോളന്മാർക്ക് രക്ഷപ്പെടാൻ കഴിയില്ലെന്നുള്ള സന്ദേശമാണ്,”ഡിസിപി സ്നേഹ മെഹ്‌റ മാധ്യമപ്രവർത്തകരോട് പറഞ്ഞു:
ചില യുവാക്കൾ തങ്ങളുടെ സബ്‌സ്‌ക്രൈബർമാരെ വർധിപ്പിക്കാനും ഓൺലൈനിൽ നിന്ന് പണം സമ്പാദിക്കുക എന്ന ഉദ്ദേശ്യത്തോടെയും പൊതു പ്രവർത്തകർക്കെതിരെ മോർഫ് ചെയ്ത വീഡിയോകൾ ഉപയോഗിച്ച് ആക്ഷേപകരവും അപകീർത്തികരവും അപമാനകരവുമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതായി പൊലീസ് നിരീക്ഷിച്ചു. ലൈക്കുകളും, സബ്‌സ്‌ക്രൈബർമാരെയും വർധിപ്പിക്കാനായി പലരും സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതായി, ഡിസിപി പറഞ്ഞു.
ഈ പ്രവർത്തികൾ ഐപിസി, ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് എന്നിവ പ്രകാരവും ശിക്ഷാർഹമാണെന്നും ഡിസിപി യൂട്യൂബ് ചാനലുകളുടെ ഉടമകൾക്കും ഓപ്പറേറ്റർമാർക്കും മുന്നറിയിപ്പ് നൽകി. സ്ത്രീകളെ പൊതുവായോ വ്യക്തിപരമായോ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന മെമ്മുകളോ വീഡിയോകളും പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.
വിവിധ പൊതുപ്രവർത്തകർക്കെതിരെ അപകീർത്തികരവും അപമാനകരവുമായ മോർഫ് ചെയ്ത വീഡിയോകൾ പ്രചരിപ്പിക്കുന്ന വിവിധ ട്രോൾ ചാനലുകളുടെ ഉടമകൾക്കോ അപ്‌ലോഡ് ചെയ്യുന്നവർക്കോ എതിരെ അടുത്തിടെ 20 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എട്ട് പേരെ കണ്ടെത്തുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. 20നും 30നും ഇടയിൽ പ്രായമുള്ള, പഠിക്കുന്നവരോ പഠനം ഉപേക്ഷിച്ചവരോ ആയ യുവാക്കളാണ് ട്രോളന്മാരിൽ ഭൂരിഭാഗവും. ഇങ്ങനെ ട്രോളുകൾ ചെയ്യാനുള്ള ആവേശവും ആകർഷണവും ദീർഘകാലം തുടരുമ്പോൾ, അത് നിയമലംഘനം നടത്താനോ അസഭ്യപരമായ പ്രവർത്തികൾക്കോ യുവാക്കളെ പ്രോൽസാഹിപ്പിച്ചേക്കാം, ഡിസിപി പറഞ്ഞു.
കവിതയ്‌ക്കെതിരായി അശ്ലീലവും ആക്ഷേപകരവും അസഭ്യവും മാന്യതയില്ലാത്തതുമായ ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സ്ത്രീയും ജനപ്രതിനിധിയും ആയതിനാൽ നടപടിയെടുക്കേണ്ടതുണ്ടെന്നും ചോദ്യങ്ങൾക്ക് മറുപടിയായി ഡിസിപി കൂട്ടിച്ചേർത്തു. ഒരു പ്രത്യേക സ്ഥാനത്തുള്ള സ്ത്രീയെ ആരെങ്കിലും ബഹുമാനിക്കുന്നില്ലെങ്കിൽ, അവർക്ക് സമൂഹത്തിലെ ഒരു സ്ത്രീയെയും ബഹുമാനിക്കാൻ കഴിയില്ല, ഡിസിപി സ്നേഹ പറഞ്ഞു.
എന്നാൽ, നോട്ടീസ് ലഭിച്ച എട്ടുപേരും പാർട്ടികൾക്കതീതമായ രാഷ്ട്രീയ പ്രവർത്തകർക്കെതിരെ എല്ലാത്തരം ഉള്ളടക്കങ്ങളും അപ്ലോഡ് ചെയ്തവരാണെന്ന് ഡിസിപി വ്യക്തമാക്കി. ചിലർക്കെതിരെ നടപടിയെടുക്കാൻ ഗൂഗിളിന്റെ സഹായം പൊലീസ് തേടിയിട്ടുണ്ട്. അവരുടെ സോഷ്യൽ മീഡിയ പേജുകളോ ഹാൻഡിലുകളോ ചാനലുകളോ നീക്കം ചെയ്യാൻ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയെടുക്കാൻ ഇന്റഗ്രേറ്റഡ് സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന് കത്തെഴുതാനുള്ള നീക്കത്തിലാണ് ഹൈദരാബാദ് പൊലീസ്.