ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ത്രിവേന്ദ്ര സിംഗ് റാവത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡെറാഡൂൺ പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഹൈകോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്, ജെ.പി നന്ദ, ഉമ ഭാരതി എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.

സത്പാൽ മഹാരാജ്, പ്രകാശ് പന്ത്, ഹാരക് സിങ് സിംഗ് റാവത്ത്, മദൻ കൗശിക് തുടങ്ങിയ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

2014 ലെ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇപ്പോഴത്തെ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമായി അടുത്ത ബന്ധമുള്ളയാളാണ് ത്രിവേന്ദ്ര സിംഗ് റാവത്ത്. ഇദ്ദേഹം, 1983 മുതൽ 2002 വരെ ആർഎസ്എസ് ഓർഗനൈസിംഗ് സെക്രട്ടറിയായും സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.

മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമയും ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും ഉണ്ട് ഈ 56 കാരന്. ഇദ്ദേഹത്തിന്റെ പേരിൽ ഇതുവരെ ക്രിമിനൽ കേസുകളൊന്നും ചുമത്തപ്പെട്ടിട്ടില്ലെന്നതാണ് ബിജെപി കാണുന്ന മേന്മകളിലൊന്ന്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ