ഡറാഡൂൺ: ഉത്തരാഖണ്ഡിൽ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി ത്രിവേന്ദ്ര സിംഗ് റാവത്തിനെ തിരഞ്ഞെടുത്തു. ഇദ്ദേഹം നാളെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുൻ ആർഎസ്എസ് നേതാവായ റാവത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന് നേരത്തേ തന്നെ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. സംസ്ഥാനത്ത് 70 ൽ 57 സീറ്റിലും വിജയിച്ച ബിജെപി എംഎൽഎ മാരുടെ യോഗത്തിലാണ് നിയമസഭ കക്ഷി നേതാവിനെ തീരുമാനിച്ചത്.

ഔദ്യോഗികമായി നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിച്ചതോടെ ഇതുമായി ബന്ധപ്പെട്ടുയർന്ന ഊഹാപോഹങ്ങൾക്ക് അവസാനമായി. 2014 ലെ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇപ്പോഴത്തെ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമായി അടുത്ത ബന്ധമുള്ളയാളാണ് ത്രരിവേന്ദ്ര സിംഗ് റാവത്ത്. ഇദ്ദേഹം, 1983 മുതൽ 2002 വരെ ആർഎസ്എസ് ഓർഗനൈസിംഗ് സെക്രട്ടറിയായും സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.

ബിജെപി ഝാർഖണ്ഡ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ഇദ്ദേഹം ദ്വൈവാല നിയോജക മണ്ഡലത്തിൽ മൂന്നാം തവണയാണ് തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം മുൻപ് കൃഷി മന്ത്രിയായിരുന്ന ഇദ്ദേഹത്തിനെതിരെ പിന്നീട് വന്ന കോൺഗ്രസ് സർക്കാർ അഴിമതി കുറ്റം ചുമത്തിയിരുന്നു. എന്നാൽ ഈ കേസ് തെളിയിക്കാൻ കോൺഗ്രസ് സർക്കാരിന് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം തിരിച്ചടിച്ചു. ഈ കേസിൽ ഉടൻ തന്നെ മാനനഷ്ട കേസ് നൽകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമയും ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും ഉണ്ട് ഈ 56 കാരന്. ഇദ്ദേഹത്തിന്റെ പേരിൽ ഇതുവരെ ക്രിമിനൽ കേസുകളൊന്നും ചുമത്തപ്പെട്ടിട്ടില്ലെന്നതാണ് ബിജെപി കാണുന്ന മേന്മകളിലൊന്ന്. കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തൊമർ, ബിജെപി ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ, സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രഥാൻ, ബിജെപി സംസ്ഥാന ഘടകത്തിന്റെ ചുമതലയുള്ള ശ്യാം ജാജു എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു നിയമസഭാ അംഗങ്ങളുടെ യോഗം നടന്നത്.

സംസ്ഥാനത്ത് കോൺഗ്രസ് വിട്ട് ബിജെപി യിൽ ചേർന്ന മുതിർന്ന നേതാക്കൾക്ക് മുഖ്യമന്ത്രി സ്ഥാനം നൽകിയേക്കുമെന്ന പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ വിജയിച്ച മുൻ കോൺഗ്രസ് നേതാക്കൾക്ക് മന്ത്രിസഭയിൽ പരിഗണന ലഭിച്ചേക്കും. 11 അംഗങ്ങൾ മാത്രമാണ് കോൺഗ്രസിന് ഇപ്പോൾ സഭയിൽ ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ