തിരുവനന്തപുരം: ലോ അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥികളിൽ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും നേതാക്കളുണ്ട്. തങ്ങൾ പഠിച്ച കലാലയത്തിലെ ഇപ്പോഴത്തെ വിദ്യാർത്ഥികൾ ദീർഘനാളായി സമരം ചെയ്യുന്പോഴും ഭരണരംഗത്തും, നിയമരംഗത്തും മറ്റ് മേഖലകളിലും ഉന്നത സ്ഥാനം വഹിക്കുന്ന ഇവരിൽ പലരും പ്രതികരിച്ചിട്ടില്ല.

ലോ അക്കാദമിയുടെ വെബ്സൈറ്റിൽ തങ്ങളുടെ അഭിമാനമായി മാനേജ്മെന്റ് പ്രസിദ്ധീകരിച്ചിരിക്കുന്ന പൂർവ വിദ്യാർത്ഥികളുടെ പട്ടികയിൽ നിന്ന്, ഒറ്റനോട്ടത്തിൽ കണ്ടെത്തിയവരിൽ ഇപ്പോഴത്തെ മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മയും കെ.കെ. ശൈലജയും ഉണ്ട്. മാത്രമല്ല, ലീഗ് നേതാവ് അബ്ദുറബ്ബും, കേരള കോൺഗ്രസ് (എം) നേതാവ് മോൻസ് ജോസഫും കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് സി പി ഐ നേതാക്കളായ ബിനോയ് വിശ്വം, ഇ. എസ്. ബിജിമോൾ, പി എസ് സുപാൽ, സിനിമാ നിർമ്മാതാവ് സുരേഷ് കുമാർ എന്നിവർ ഉൾപ്പെടുന്നു. ലോ അക്കാദമിയുടെ നേട്ടപ്പട്ടികയിൽ ഇവർ മാത്രമല്ല, സീനിയർ അഭിഭാഷകർ മുതൽ ഹൈക്കോടതി ജഡ്ജിമാർ വരെ ഇവിടെ പഠിച്ചവരിലുണ്ട്.

സർക്കാർ ഭൂമി കൈവശം വയ്ക്കുന്നതടക്കം നിരവധി ആക്ഷേപങ്ങൾ ഉയർന്നുവരുന്പോഴും, മന്ത്രിമാർ പോലും പ്രതികരിക്കാൻ തയ്യാറാകുന്നില്ല. ഇപ്പോഴത്തെ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തോട് പ്രതികരിക്കാനും പ്രശ്ന പരിഹാരത്തിന് ഇടപെടാനും കഴിയുന്നവരിൽ പലരും മൗനം ഭൂഷണമാക്കി നിൽക്കുന്നതിന് കാരണം അന്വേഷിച്ചാൽ ഈ പട്ടികയിൽ അവരെ കണ്ടെത്താനാകും. ഈ പട്ടിക കാണുക, ലോ അക്കാദമി അഭിമാനമായി കരുതുന്ന കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രധാന സ്ഥാനങ്ങളിൽ നിൽക്കുന്നവരാണ് മിക്കവരും.
alumini-kerala-law-academy-750

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ