Latest News

ത്രിപുരയിലെ അക്രമങ്ങൾ: 102 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ യുഎപിഎ ചുമത്തി

ഈ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെമെന്നും അവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സമർപിക്കണമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോട് പൊലീസ് ആവശ്യപ്പെട്ടു

Tripura high court, tripura HC on vandalism, tripura HC on violence, Tripura Police, Tripura mosque vandalism, Tripura law and order, Tripura crime, Tripura Police on Fake news, Tripura Rally, Panisagar, Panisagar rally, Indian Express, തൃപുര, ഹൈക്കോടതി, Malayalam News, IE Malayalam
പ്രതീകാത്മക ചിത്രം

അഗർത്തല: നാല് സുപ്രീം കോടതി അഭിഭാഷകർക്കെതിരെ യുഎപിഎയും ഐപിസി പ്രകാരമുള്ള വകുപ്പുകളും ചുമത്തിയതിന് പിറകെ102 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയും ത്രിപുര പോലീസ് സമാന കുറ്റങ്ങൾ ചുമത്തി. ത്രിപുരയിലെ സമീപകാല സംഘർഷങ്ങളെക്കുറിച്ചും മുസ്ലീം പള്ളികൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ചും “അതിക്ഷേപകരമായ വാർത്തകൾ/പ്രസ്താവനകൾ” പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയെന്നും ഈ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെമെന്നും ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയ്ക്ക് ത്രിപുര പൊലീസ് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

ത്രിപുര പോലീസ് ഈ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ രജിസ്ട്രേഷൻ വിശദാംശങ്ങൾ, ബ്രൗസിംഗ് വിശദാംശങ്ങൾ, അവർ ലോഗിൻ ചെയ്‌ത ഐപി വിലാസങ്ങളുടെ പട്ടിക, ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട മൊബൈൽ നമ്പറുകൾ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങളും തേടിയിട്ടുണ്ട്.

“സോഷ്യൽ മീഡിയയിലെ വർഗീയ പ്രചരണത്തിന് അഭിഭാഷകരുടെ പത്രസമ്മേളനവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തി,” എന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

ത്രിപുരയിൽ അക്രമം, പള്ളികൾ തകർക്കൽ തുടങ്ങിയ ആരോപണങ്ങളെക്കുറിച്ചുള്ള ഒരു സ്വതന്ത്ര വസ്തുതാന്വേഷണ സംഘത്തിന്റെ ഭാഗമായി ത്രിപുരയിലെത്തിയ അഭിഭാഷകർ, ന്യൂനപക്ഷങ്ങളുടെ ഉടമസ്ഥതയിലുള്ള പള്ളികളും വീടുകളും കടകളും ഏതാനും ഹിന്ദു സംഘടനകൾ ആക്രമിച്ചുവെന്നു പറഞ്ഞ് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.

Also Read: ക്രൂയിസ് കപ്പൽ മയക്കുമരുന്ന് വേട്ട: തിരക്കഥയൊരുക്കിയത് എൻസിപിയുമായി അടുത്ത വ്യക്തിയെന്ന് ബിജെപി നേതാവ്

കിംവദന്തികളും വ്യാജവാർത്തകളും പ്രചരിപ്പിക്കാൻ സന്ദർശക സംഘത്തിന്റെ വാർത്താസമ്മേളനം സാമൂഹ്യമാധ്യമങ്ങളിൽ ഉപയോഗിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

എന്തിനാണ് അഭിഭാഷകർക്കെതിരെ യുഎപിഎ ചുമത്തിയതെന്ന ചോദ്യത്തിന്, “വസ്തുതകൾ വളച്ചൊടിച്ചതിൽ” നാല് അഭിഭാഷകർക്ക് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

150 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധനയ്ക്കായി ആദ്യം പട്ടികപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

അവയുടെ ഉള്ളടക്കം സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷം, “വിദ്വേഷം സൃഷ്‌ടിക്കാൻ” സാധ്യതയുള്ളതായി ആരോപിക്കപ്പെടുന്ന 101 അക്കൗണ്ടുകൾ ചുരുക്കപ്പട്ടികയിലേക്ക് ചേർത്തെന്നും പൊലീസ് പറയുന്നുയ

വെസ്റ്റ് അഗർത്തല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് നമ്പർ 181 പ്രകാരം 68 ട്വിറ്റർ അക്കൗണ്ടുകൾക്കും 31 ഫേസ്ബുക്ക് അക്കൗണ്ടുകൾക്കും രണ്ട് യൂട്യൂബ് അക്കൗണ്ടുകൾക്കും നോട്ടീസ് അയച്ചു. ഒരു ഫെയ്‌സ്ബുക്ക് ഉപഭോക്താവിനെതിരെ നേരത്തെ പ്രത്യേക കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

“അക്കൗണ്ടുകളും പേജുകളും ബ്ലോക്ക് ചെയ്യാനും ഉപയോക്താക്കളുടെ വിശദാംശങ്ങൾ നൽകാനും ആവശ്യപ്പെട്ട് ഈ സോഷ്യൽ മീഡിയ കമ്പനികളുടെ അധികാരികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്,” ഉദ്യോഗസ്ഥർ പറഞ്ഞു.

Also Read: ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പാചക വാതകം ഉപേക്ഷിക്കേണ്ടി വന്നു; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

യുഎപിഎയിലെ വകുപ്പ് 13, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 153 ബി, 469, 471, 503 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 504, 120 ബി (ക്രിമിനൽ ഗൂഢാലോചന) വകുപ്പുകൾ എന്നിവ പ്രകാരമാണ് എഫ്‌ഐആർ രേഖപ്പെടുത്തിയത്.

വെസ്റ്റ് അഗർത്തല പൊലീസ് സ്റ്റേഷനിൽ ആദ്യം അന്വേഷണം ആരംഭിച്ച കേസ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ക്രൈംബ്രാഞ്ചിന് കൈമാറി.

അതേസമയം, വിഷയത്തിലെ പോലീസ് നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഹാനികരമല്ലെന്ന് ഭരണകക്ഷിയായ ബിജെപിയുടെ വക്താവ് നബേന്ദു ഭട്ടാചാര്യ പറഞ്ഞു.

“പോലീസിന് തെളിവുകൾ ശേഖരിക്കുകയും പ്രശ്നം അന്വേഷിക്കുകയും വേണം. ജനാധിപത്യത്തിൽ അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും അനിവാര്യമാണ്, പക്ഷേ അത് പരിധിയില്ലാത്തതായിരിക്കില്ല. ഈ സ്വാതന്ത്ര്യത്തിന് ചില നിയന്ത്രണങ്ങളുണ്ട്, അല്ലാത്തപക്ഷം അത് ദുരുപയോഗം ചെയ്യപ്പെടാം,” ഭട്ടാചാര്യ പറഞ്ഞു.

വിഷയത്തിൽ സംസ്ഥാന സർക്കാരിന് മൃദുസമീപനം സ്വീകരിക്കാമായിരുന്നുവെന്ന് ത്രിപുര സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ബിരജിത് സിൻഹ പറഞ്ഞു.

“അഭിഭാഷകർ ഇവിടെ വന്നത് വർഗീയ കലാപം ഉണ്ടാക്കാനല്ല. അവർക്കെതിരെ ഇത്തരം നിയമങ്ങൾ പ്രയോഗിക്കുന്നത് ശരിയല്ല. വർഗീയ പ്രചരണം നടത്തിയാൽ സർക്കാരിന് നടപടിയെടുക്കാം. ഇത് നിയമത്തിന്റെ ദുരുപയോഗമാണ്,” സിൻഹ പറഞ്ഞു.

കഴിഞ്ഞ മാസം ആദ്യം വർഗീയ മുദ്രാവാക്യങ്ങൾ ഉയർത്തുകയും മതപരമായ ഇടങ്ങൾ നശിപ്പിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നോ എന്ന് ത്രിപുരയിലെ ട്രൈബൽ കൗൺസിൽ ഭരണകക്ഷിയായ ടിപ്ര മോതയുടെ തലവനും രാജ കുടുംബാംഗവുമായ പ്രദ്യോത് കിഷോർ ദേബ്ബർമൻ ചോദിച്ചിരുന്നു.

അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും കേവലമല്ലെന്നും എന്നാൽ മതപരമായ അസഹിഷ്ണുതയാണ് വിഷയമെന്നും ദേബർമാൻ പറഞ്ഞു. ത്രിപുരയിൽ സംഭവിച്ചത് സംസ്ഥാനത്തിന്റെ സ്വഭാവത്തിന് അനുസരിച്ചുള്ള കാര്യങ്ങളല്ലെന്നും ഗൗരവതരമായ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അത് ജനങ്ങളെ അറിയാൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാമുദായിക സൗഹാർദ്ദം തകർക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യരുതെന്ന് മുതിർന്ന സിപിഎം നേതാവ് പബിത്ര കർ പറഞ്ഞു, എന്നാൽ ചില അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് പോലീസ് ആവശ്യപ്പെടുന്നതിനെ അദ്ദേഹം വിമർശിച്ചു.

റിപ്പോർട്ട്: ദേബ്‌രാജ് ദേബ്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Tripura violence social media accounts booked under uapa

Next Story
നാഥനില്ലാ കളരി; സംസ്ഥാനത്ത് പകുതിയോളം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ലprincipal, college
The moderation of comments is automated and not cleared manually by malayalam.indianexpress.com