അഗർത്തല: അഗർത്തലയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ത്രിപുരയിലെ സെപാഹിജാല ജില്ലയിലെ നെഹൽചന്ദ്രനഗറിൽ ഒരു കൂട്ടം ആളുകളിൽനിന്നും ആക്രമണമുണ്ടായതായി രണ്ട് പാർലമെന്റംഗങ്ങൾ ഉൾപ്പെടെയുള്ള ഇടതുപക്ഷ, കോൺഗ്രസ് നേതാക്കളുടെ സംഘം പറഞ്ഞു. ആക്രമിക്കുന്ന സമയത്ത് സംഘത്തിലെ ആളുകൾ ജയ് ശ്രീറാം എന്നു വിളിക്കുന്നുണ്ടായിരുന്നു. മൂന്നു കാറുകളും അക്രമികൾ തകർത്തു. സംഭവത്തിൽ പ്രതിനിധി സംഘത്തിലുണ്ടായിരുന്ന ആർക്കും പരുക്കേറ്റിട്ടില്ല.
ആക്രമണ സമയത്ത് തങ്ങൾക്കൊപ്പമുണ്ടായിരുന്ന സുരക്ഷാ വിഭാഗം ഇടപെട്ടില്ലെന്ന് എംപി ആരോപിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി സംസ്ഥാനത്തെത്തിയ ഏഴ് പാർലമെന്റംഗങ്ങളുടെ സംഘം ശനിയാഴ്ച നടത്താനിരുന്ന ഔട്ട്‌ഡോർ പരിപാടികൾ താൽക്കാലികമായി നിർത്തിവച്ചതായി സംഭവത്തിന് ശേഷം സിപിഐ(എം) സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി അറിയിച്ചു.
ഇടത്-കോൺഗ്രസ് നേതാക്കളുടെ സംഘം നെഹൽചന്ദ്രനഗറിൽ മുൻകൂട്ടി അറിയിക്കാതെ സന്ദർശനം നടത്തിയതായി പൊലീസ് അവകാശപ്പെട്ടു. ഈ സമയത്ത് ചിലർ മുദ്രാവാക്യങ്ങൾ വിളിച്ചു. അക്രമസമയത്ത് സംഘത്തിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്ന ആരോപണം അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ജ്യോതിഷ്മാൻ ദാസ് ചൗധരി നിഷേധിച്ചു.
”ഒപ്പമുണ്ടായിരുന്ന പൊലീസ് അകമ്പടി സംഘം പെട്ടെന്ന് പ്രതികരിക്കുകയും സംഘത്തെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു. മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. ഒരാൾക്കും പരുക്കൊന്നുമേറ്റില്ല. രണ്ടു മൂന്നു വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് അക്രമികളെ പിടികൂടാൻ റെയ്ഡ് തുടരുകയാണ്,” അദ്ദേഹം പറഞ്ഞു.

മാർച്ച് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം നടന്ന അക്രമ സംഭവങ്ങളെക്കുറിച്ച് വിലയിരുത്താനാണ് അസം, പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള ഇടതുമുന്നണി, കോൺഗ്രസ് എംപിമാരുടെ സംഘം സംസ്ഥാനത്തെത്തിയത്. എംപിമാർ മൂന്ന് ടീമുകളായി തിരിഞ്ഞ് സെപാഹിജാല, ഗോമതി, വെസ്റ്റ് ത്രിപുര, ഖോവായ്, ധലായ് ജില്ലകളുടെ വിവിധ ഭാഗങ്ങൾ പകൽ സമയത്ത് സന്ദർശിച്ചു.
സിപിഐഎം രാജ്യസഭാ എംപി എളമരം കരീം, കോൺഗ്രസ് ലോക്‌സഭാ എംപി അബ്ദുൾ ഖലെക്ക് എന്നിവർ സെപാഹിജാലയിലെ ബിഷാൽഗഡിലും പടിഞ്ഞാറൻ ത്രിപുരയുടെ ചില ഭാഗങ്ങളിലും സന്ദർശനം നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു, കോൺഗ്രസ് ലോക്‌സഭാ എംപി രഞ്ജിത രഞ്ജൻ, സിപിഐഎം രാജ്യസഭാ എംപിമാരായ എ.എ.റഹീം, ബികാഷ് രഞ്ജൻ ഭട്ടാചാര്യ എന്നിവർ അടങ്ങുന്ന രണ്ടാമത്തെ ടീം പശ്ചിമ ത്രിപുരയിലെ കൽകാലിയ ഗ്രാമം സന്ദർശിച്ചു. സിപിഐ(എം) ലോക്‌സഭാ എംപി പി.ആർ.നടരാജന്റെയും ബിനോയ് ബിശ്വത്തിന്റെയും മൂന്നാമത്തെ സംഘം ദുർഗാബാരി, ഉഷാബസാർ, കാളികാപൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളും മറ്റ് ചില ഗ്രാമങ്ങളും സന്ദർശിച്ചു. മുൻ മുഖ്യമന്ത്രി മണിക് സർക്കാർ, മുൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ പബിത്ര കർ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
ത്രിപുരയുടെ ചുമതലയുള്ള ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ജനറൽ സെക്രട്ടറി ഡോ. അജയ് കുമാർ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ബിരജിത് സിൻഹ, മുതിർന്ന കോൺഗ്രസ് നേതാവ് ഗോപാൽ ചന്ദ്ര റോയ്, ജിതേന്ദ്ര ചൗധരി തുടങ്ങിയ നേതാക്കളും കരീമിനും ഖാലിക്കിനും ഒപ്പമുണ്ടായിരുന്നു.

”സംഭവസ്ഥലത്ത് നിന്ന് മടങ്ങിയ ശേഷം, നെഹൽചന്ദ്രനഗറിൽ 20 ഓളം കടകൾ കത്തിനശിച്ചതായും സ്ഥിതിഗതികൾ വിലയിരുത്താൻ പ്രതിനിധി സംഘം ഉച്ചയ്ക്ക് ശേഷം സ്ഥലത്തെത്തിയതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്ന് അബ്ദുൾ ഖാലിക് പറഞ്ഞു. ബിഷാൽഗഡിലെ നെഹൽചന്ദ്രനഗറിൽ 20 കടകൾ കത്തിനശിച്ചതായി ഞങ്ങളെ അറിയിച്ചു. അവിടെ സന്ദർശിക്കാനും ദുരിതബാധിതരുമായി സംസാരിക്കാനും ഞങ്ങൾ പോയി. പെട്ടെന്ന്, ചിലർ വന്നു, തങ്ങൾ ബിജെപി അനുഭാവികളാണെന്ന് പറയുകയും അവരുടെ കടകൾ കത്തിച്ചതായി അവകാശപ്പെടുകയും ചെയ്തു. ഞങ്ങൾ അവരോട് സംസാരിക്കുന്നതിനിടെ ചിലർ ഞങ്ങളുടെ വാഹനങ്ങൾക്ക് നേരെ കല്ലെറിയാൻ തുടങ്ങി. ഞങ്ങളുടെ നാല് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഞങ്ങളെ സഹായിക്കാൻ പൊലീന് ഒന്നും ചെയ്തില്ലായെന്നത് വളരെ ആശ്ചര്യകരമാണ്,” അദ്ദേഹം പറഞ്ഞു.
പട്ടാപ്പകൽ പ്രതിനിധി സംഘത്തിന് സുരക്ഷ നൽകാൻ സാധിക്കാത്ത സംസ്ഥാന സർക്കാർ ജനങ്ങളുടെ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നത് നിരർത്ഥകമാണെന്ന് ഖാലിക് പറഞ്ഞു. ഏഴ് എംപിമാരും നിരവധി എംഎൽഎമാരും ത്രിപുരയിൽ സുരക്ഷിതരല്ലെങ്കിൽ സാധാരണക്കാർ ഇവിടെ എത്രത്തോളം സുരക്ഷിതരായിരിക്കുംമെന്ന് രഞ്ജീത രഞ്ജൻ ചോദിച്ചു. അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ബിജെപി നേതാക്കൾ തയ്യാറായില്ല.