ന്യൂഡല്‍ഹി : സിംഹത്തോടൊപ്പം സാരിയുടുത്ത് ഇന്ത്യന്‍ പതാകയുമേന്തി നില്ക്കുന്ന ഉത്തരേന്ത്യന്‍ സ്ത്രീയുടെ രൂപമാണ് പതിവായി ബിജെപിയുടെ ഭാരതമാതാവായി പ്രചരിപ്പെട്ടിട്ടുള്ളത്. എന്നാല്‍ തിരഞ്ഞെടുപ്പ് ആസന്നമായ ത്രിപുരയില്‍ ഭാരതമാതാവിന് ഗോത്രവേഷമാണ്. സംസ്ഥാനത്തെ നാല് പ്രധാന ഗോത്രവംശത്തിന്റെ പാരമ്പര്യ വസ്ത്രത്തിലാണ് ബിജെപി ഭാരതമാതാവിനെ പ്രചരിപ്പിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവംശങ്ങളുടെ ഇടയിലും ക്രമേണ ഭാരത മാതാവെന്ന ആശയം കൊണ്ടുവരികയെന്നതാണ് ഇതിനുപിന്നിലുള്ള പദ്ധതി.
” ഈ പ്രദേശത്തെ ഗോത്രവിഭാഗങ്ങള്‍ നേരിടുന്ന അന്യഥാത്വം അവരെ രാജ്യത്തെ മറ്റു വിഭാഗങ്ങളില്‍ നിന്നെല്ലാം അകറ്റുന്നുണ്ട്. അതിനെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ഉദ്ദേശത്തോടെയാണ് ഇങ്ങനെയൊന്ന് നടപ്പാക്കുന്നത്. അവരും ഭാരതത്തിന്റെ ഭാഗവും ഭാരത മാതാവ് അവരുടേത് കൂടിയുമാണ്. ഓരോ ഗോത്രങ്ങള്‍ക്കും അവരുടെതായ സംസ്കാരവും വേഷവിധാനങ്ങളും ഉണ്ട്. അതിനെ നമ്മള് ബഹുമാനിക്കുന്നു. ത്രിപ്പുരയുടെ ചുമതലവഹിക്കുന്ന ബിജെപി നേതാവ് സുനില്‍ ഡിയോധര്‍ പറഞ്ഞു.
സംസ്ഥാനത്തെ പ്രധാന നാല് ഗോത്രവംശങ്ങളായ ദേബ്ബര്‍മ, ത്രിപുരി, റിയാങ്, ചക്മ എന്നിവരെ ലക്ഷ്യംവെക്കുന്നതാണീ ബിജെപി തന്ത്രം. സംസ്ഥാനത്തെ ഗോത്രവംശങ്ങളില്‍ 77.8 ശതമാനം വരുന്ന ഈ ഗോത്രങ്ങളുടെ പാരമ്പര്യ വസ്ത്രധാരണം ആണിത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘ഭാരത മാതാ’വിന്റെ ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുവാനാണ് ബിജെപി പദ്ധതി.
“ക്രമേണ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും സമാനമായ ഭാരത മാതാവിനെ പ്രചരിപ്പിക്കാന്‍ പാര്‍ട്ടി പദ്ധതിയുണ്ട്.” സുനില്‍ ഡിയോധര പറഞ്ഞു.
” സാധാരണയായി ബിജെപിയുടെ എല്ലാ പരിപാടികളിലും ഭാരതമാതാവിന്റെയും ഞങ്ങളുടെ സ്ഥാപകരായ ദീന്‍ദയാല്‍ ഉപാദ്ധ്യയ, ശ്യാമപ്രസാദ് മുഖര്‍ജി എന്നിവരുടെയും ചിത്രങ്ങള്‍ ഉണ്ടാകാറുണ്ട്. ത്രിപ്പുരയില്‍ പതിവായി ഉപയോഗിക്കുന്ന സാരിയുടുത്ത ഭാരത മാതാവിനോടൊപ്പം പാരമ്പര്യ ത്രിപുര വേഷത്തിലുള്ള ഭാരതമാതാവിനേയും ഉപയോഗിക്കാനാണ് ഞങ്ങളുടെ തീരുമാനം. സംസ്ഥാനത്ത് ധാരാളം ബംഗാളി ജനസംഖ്യ ഉള്ളതുകൊണ്ടാണത്. ” സുനില്‍ ഡിയൊര പറഞ്ഞു..
ചരിത്രപരമായി ബംഗാളി വേരുകളുള്ള ഭാരതമാതാവ് ദേശീയതയുമായി കൂട്ടിവായിക്കപ്പെടുന്നത് 1882ല്‍ ബങ്കിം ചന്ദ് ചതോപദ്ധ്യായ എഴുതിയ ‘ആനന്ദ്മഠം’ എന്ന നോവലിന്റെ പ്രചാരത്തോടെയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി കൂട്ടിവായിക്കപ്പെടുന്ന ഈ നോവലില്‍ തന്നെയാണ് ‘വന്ദേമാതരം’ എന്ന മുദ്രാവാക്യവും ആദ്യമായി ഉപയോഗിക്കുന്നത്. ഭാരതമാതാവിനെ പല രൂപങ്ങളിലും കല്പ്പിച്ചിട്ടുണ്ട് എങ്കിലും അതിന് ഇന്ന് കാണുന്ന രാഷ്ട്രീയ മാനം നല്‍കുന്നത് ഹിന്ദുത്വ ദേശീയതയാണ്.
ത്രിപുരയില്‍ ഇടഞ്ഞു നില്ക്കുന്ന ഗോത്രവംശങ്ങളായ ത്വിപ്രാലാന്‍ഡ് മുന്നേറ്റത്തേയും തിരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ വടക്കുകിഴക്കന്‍ ജനാധിപത്യ സഖ്യത്തില്‍ ( എന്‍ഇഡിഎ) എത്തിക്കുവാനുള്ള ശ്രമത്തിലാണ് ബിജെപി.