അഗർത്തല: കൃത്യസമയത്തെ ഇടപെടലിലൂടെ ട്രെയിൻ അപകടം ഒഴിവാക്കിയ അച്‍ഛനും മകൾക്കും ത്രിപുര മന്ത്രിയുടെ ആദരം. 45 കാരനായ സ്വപാൻ ദബ്ബാർമയ്‌ക്കും മകൾ സോമതിയ്‌ക്കും വീട്ടിൽ പ്രഭാത ഭക്ഷണം ഒരുക്കിയാണ് ത്രിപുര മന്ത്രി സുധീപ് റോയ് ബർമാൻ നന്ദി പറഞ്ഞത്. സ്വപാന്റെയും മകളുടെയും ഇടപെടലിലൂടെ 2000 ത്തോളം യാത്രക്കാരുടെ ജീവൻ ആണ് രക്ഷപ്പെട്ടത്.

ജൂൺ 15 ന് ദലായ് ജില്ലയിലെ അംബാസയിലെ റെയിൽവേ ട്രാക്കിനു സമീപത്തുകൂടി നടന്നു വരികയായിരുന്നു സ്വപാനും മകളും. കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ റെയിൽവേ ട്രാക്കിൽ കിലോമീറ്ററുകളോളം മണ്ണ് മൂടിക്കിടക്കുന്നത് അപ്പോഴാണ് ഇരുവരും കണ്ടത്. ആ സമയത്ത് ട്രെയിൻ അതുവഴി വരുന്നുണ്ടായിരുന്നു. ഉടൻ തന്നെ ഇരുവരും ഷർട്ട് അഴിച്ച് വീശി. അപായ സൂചനയാണെന്ന് മനസ്സിലാക്കി ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തി. സിഗ്നൽ ലഭിച്ചില്ലായിരുന്നുവെങ്കിൽ വലിയൊരു അപടകം ഉണ്ടാവുമായിരുന്നെന്നാണ് ലോക്കോ പൈലറ്റ് സോനു കുമാർ മണ്ടാൽ പിന്നീട് പറഞ്ഞത്.

സ്വപാന്റെയും മകളുടെയും പ്രവൃത്തിയിൽ സന്തോഷവാനായ മന്ത്രി ബർമാൻ ഇരുവരെയും പ്രഭാത ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ‘ഇരുവരും അപകട മുന്നറിയിപ്പ് നൽകിയില്ലായിരുന്നുവെങ്കിൽ നിരവധി പേരുടെ ജീവൻ നഷ്‌ടപ്പെട്ടേനെ. ഈ സംഭവം അറിഞ്ഞതും ഇരുവരെയും ഞാൻ വീട്ടിലേക്ക് ക്ഷണിച്ചു’, മന്ത്രി പറഞ്ഞതായി എഎൻഎ റിപ്പോർട്ട് ചെയ്‌തു.

കഴിഞ്ഞ വ്യാഴാഴ്‌ച ത്രിപുര അസംബ്ലിയും സ്വപാനെയും മകളെയും അഭിനന്ദിച്ചിരുന്നു. ഇരുവർക്കും സഭാ നടപടികൾ കാണുന്നതിനായി വിഐപി ഗ്യാലറിയിൽ ഇരിപ്പിടവും നൽകി. ഇരുവർക്കും പാരിതോഷികം നൽകണമെന്ന് പൂജ്യവേളയിൽ മന്ത്രി ബർമാൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനോട് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ