അഗർത്തല: ത്രിപുരയിൽ സിപിഎം പാർട്ടി മുഖപത്രമായ ദേശർകഥ നാളെ മുതൽ വീണ്ടും പ്രസിദ്ധീകരിക്കും. പത്രത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയ സർക്കാർ ഉത്തരവ് ത്രിപുര ഹൈക്കോടതി സ്റ്റേ അനുവദിച്ചതോടെയാണിത്.

സിപിഎമ്മിന്റെ ത്രിപുരയിലെ മുഖപത്രമായ ദേശർകഥയുടെ പ്രസിദ്ധീകരണം തടഞ്ഞതിന് പിന്നിൽ സർക്കാരിന്റെ രാഷ്ട്രീയ താത്പര്യം ഉണ്ടെന്ന് വിമർശനം ഉയർന്നിരുന്നു. ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് കുമാർ രസ്തോഗിയുടേതാണ് വിധി.   നാല്പത് വര്‍ഷത്തോളമായി പ്രസിദ്ധീകരിക്കപ്പെടുന്നതും, പ്രചാരത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ളതുമായ ദിനപത്രമാണ് ത്രിപുരയിലെ ദേശര്‍കഥ.

ഒക്ടോബർ ഒന്നിനാണ് വെസ്റ്റ് ത്രിപുരയിലെ ജില്ലാ മജിസ്റ്റ്രേറ്റ് ദിനപത്രത്തിന്റെ രെജിസ്റ്റ്രേഷന്‍ റദ്ദാക്കിയത്. ഇതിന് പിന്നാലെ ദേശര്‍കഥയുടെ രെജിസ്റ്റ്രേഷന്‍ സെര്‍ടിഫിക്കറ്റും ദിനപത്രങ്ങളുടെ രെജിസ്റ്റ്രാര്‍ പിന്‍വലിച്ചു.

‘ഡെയിലി ദേശർകഥ’യുടെ റജിസ്ട്രേഷൻ റദ്ദാക്കിയ നടപടി പിൻവലിക്കണമെന്ന്, നേരത്തെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതു പത്രസ്വാതന്ത്ര്യം തടയുന്ന നടപടിയാണെന്നും രാഷ്ട്രീയപ്രേരിതമാണോ സർക്കാർ  നടപടിയെന്ന് അന്വേഷിക്കണമെന്നും എഡിറ്റേർസ് ഗിൽഡ് ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook