അഗർത്തല: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം നടപ്പാക്കാനാകില്ലെന്ന് ത്രിപുരയും അറിയിച്ചു. കശാപ്പ് നിയന്ത്രണം നടപ്പാക്കാനാകില്ലെന്ന് ത്രിപുര കൃഷി-മൃഗ സംരക്ഷണ ക്ഷേമ വകുപ്പ് മന്ത്രി അഗോര്‍ ദെബ്ബാര്‍മ്മ വ്യക്തമാക്കി. ജനങ്ങളുടെ താത്പര്യത്തിന് എതിരാണ് കേന്ദ്രത്തിന്റെ നിര്‍ദേശമെന്നും അദ്ദേഹം ഇൻഡോ-ഏഷ്യൻ ന്യൂസ് സർവീസിനോട് പറഞ്ഞു.

വര്‍ഗീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേന്ദ്രം ഇത്തരത്തില്‍ നിയമം കൊണ്ടുവരുന്നതെന്നും ചര്‍ച്ചകളോ പഠനങ്ങളോ നടത്താതെയാണ് കേന്ദ്രത്തിന്റെ ഉത്തരവെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ദെബ്ബാര്‍മ്മ പറഞ്ഞു. സംസ്ഥാനത്തെ ദളിതരുള്‍പ്പെടെയുളള വലിയൊരു വിഭാഗം ജനങ്ങള്‍ കാലികളുടെ തോലെടുക്കുന്ന ജോലി ചെയ്യുന്നവരാണ്. കൂടാതെ കൃഷിക്കാര്‍ കന്നുകാലികളെ കച്ചവടം നടത്തുന്നുമുണ്ട്. ഇവരെയെല്ലാം വിജ്ഞാപനം നേരിട്ട് ബാധിക്കുമെന്ന് ത്രിപുര സിപിഐഎം സംസ്ഥാന സെക്രട്ടറി ബിജാന്‍ ധാര്‍ പറഞ്ഞു.

രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങളാണ് കേന്ദ്ര സർക്കാറിന്റെ ഉത്തരവിനെതിരെ ഉയരുന്നത്. കേരളമാണ് കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ഏറ്റവും ശക്തമായി പ്രതിഷേധിച്ചത്. കേന്ദ്രത്തിന്റെ തീരുമാനം ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്നും ഇത് സംസ്ഥാന സർക്കാറുകളുടെ അധികാരത്തിലുള്ള കടന്നു കയറ്റമാണെന്നുമാണ് കേരളത്തിന്റെ നിലപാട്. മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. കേന്ദ്രം പുറത്തിറക്കുന്ന എല്ലാ വിജ്ഞാപനങ്ങളും നടപ്പിലാക്കണമെന്ന് യാതൊരു നിർബന്ധവും ഇല്ല എന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കിയിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും വിജ്ഞാപനത്തെ ശക്തമായി എതിർത്ത് രംഗത്തെത്തി.

ഇതിനിടയിൽ കശാപ്പിന് കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ നാലാഴ്ചത്തേക്കാണ് കശാപ്പ് നിയന്ത്രണ ഉത്തരവ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് സ്റ്റേ ചെയ്തത്. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണ്, ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് എന്തവകാശമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ