അഗര്‍ത്തല: ത്രിപുരയിലെ ബിജെപി അതിക്രമങ്ങളെ ന്യായീകരിച്ച് ഗവര്‍ണര്‍. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ത്രിപുരയിലെ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്കെതിരേയും സ്ഥാപനങ്ങള്‍ക്കെതിരേയും വ്യാപക അക്രമമാണ് ബിജെപി നടത്തുന്നത്. ഈ സാഹചര്യത്തിലാണ് അക്രമങ്ങളെ ന്യായീകരിച്ചു കൊണ്ടുള്ള ഗവര്‍ണര്‍ തഥാഗത് റോയിയുടെ ട്വീറ്റ്.

‘ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഒരിക്കല്‍ ചെയ്ത കാര്യം, ജനാധിപത്യത്തിലൂടെ തന്നെ തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു സര്‍ക്കാരിന് തിരുത്താം, തിരിച്ചും’ എന്നായിരുന്നു ഗവര്‍ണറുടെ ട്വീറ്റ്. 2008 ല്‍ ഇടതുപക്ഷം അധികാരത്തിലേറിയപ്പോള്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു. ഈ സംഭവത്തെ പരോക്ഷമായി പരാമര്‍ശിച്ചു കൊണ്ട് ഗവര്‍ണറുടെ പ്രതികരണം.

അതേസമയം, അക്രമം തുടരുന്ന ത്രിപുരയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി രംഗത്തെത്തി. ബെലോനിയ നഗരത്തില്‍ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടത് പരാമര്‍ശിച്ചാണ് സിപിഎം രംഗത്ത് വന്നത്.

”ഞങ്ങളുടെ പ്രതിമകള്‍ തകര്‍ക്കാനേ നിങ്ങള്‍ക്കാവൂ, ആവേശം തല്ലിക്കെടുത്താനാകില്ല,” സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.

25 വര്‍ഷത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് ത്രിപുരയില്‍ ആദ്യമായി അധികാരത്തിലേറിയ ബിജെപിയുടെ പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് പലയിടത്തും സിപിഎം ഓഫീസുകള്‍ ആക്രമിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ 200 ഓളം കേസുകള്‍ സംസ്ഥാനത്ത് ഇതിനോടകം റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് സിപിഎമ്മിന്റെ 514 പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി ബിജന്‍ ധര്‍ പറഞ്ഞു. സിപിഎം പ്രവര്‍ത്തകരുടെ 1539 വീടുകള്‍ തകര്‍ക്കപ്പെട്ടുവെന്നും 196 വീടുകള്‍ക്ക് തീയിട്ടെന്നും 134 ഓഫീസുകള്‍ തകര്‍ത്തുവെന്നും 64 ഓഫീസുകള്‍ തീയിട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook