ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. 60 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മുതൽ പോളിംഗ് ആരംഭിച്ചു. കനത്ത സുരക്ഷാവലയത്തിൽ ആണ് സംസ്ഥാനം. സംസ്ഥാനത്തെ 20 ആദിവാസി സീറ്റുകളിലേക്കാണ് ഏവരും ഉറ്റു നോക്കുന്നത്.

34 ശതമാനം വോട്ട് ഷെയറുളള ആദിവാസി മേഖലയാണ് കാലങ്ങളായി സിപിഎമ്മിന് അധികാരം ഉറപ്പുവരുത്തുന്നത്. എന്നാല്‍ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ മാറ്റം ത്രിപുരയിലും പ്രതിഫലിച്ചേക്കുമെന്നാണ് കണക്കുകൂട്ടല്‍.

മത്സര രംഗത്തുള്ളത് 497 സ്ഥാനാര്‍ത്ഥികളാണ്. ആകെ വോട്ടര്‍മാര്‍ 2569216. പോളിംഗ് ബൂത്തുകളുടെ എണ്ണം 3214‍. സിപിഎം സ്ഥാനാർത്ഥി രമെന്ദ്ര നാരായൺ ദബ്ബർമ്മയുടെ മരണത്തെ തുടർന്ന് ചരിലാം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാര്‍ച്ച് 12ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്.

സിപിഎമ്മിനെതിരെ ബിജെപി – ഐപിഎഫ്ടി സഖ്യം സർവസന്നാഹവും ഉപയോഗിച്ച് പ്രചാരണം നടത്തിയിരുന്നു. ഈ വാശിയേറിയ പ്രചാരണത്തിന് സാക്ഷ്യം വഹിച്ചാണ് ത്രിപുരയിലെ വോട്ടർമാർ പോളിംഗ് ബൂത്തിലെത്തുന്നത്. നേതാക്കൾ കൂട്ടതോടെ ബിജെപിയിലേക്ക് മാറിയതോടെ പ്രചാരണ രംഗത്ത് ഇത്തവണ കോണ്‍ഗ്രസ് സജീവമായിരുന്നില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി രാവിലെ 7 മുതല്‍ വൈകീട്ട് 3 വരെയാണ് പോളിംഗ് സമയം നിശ്ചയിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook