അഗർത്തല: ഫെബ്രുവരി 18 ന് തിരഞ്ഞെടുപ്പ് നടന്ന ത്രിപുരയിൽ പോൾ ചെയ്ത ആകെ വോട്ട് 88 ശതമാനത്തിലേറെയാണ്. സിപിഎമ്മിന് നിർണ്ണായക സ്വാധീനമുളള സംസ്ഥാനമാണിത്. മണിക് സർക്കാറിന്റെ നേതൃത്വത്തിൽ 25 വർഷമായി സിപിഎം ഭരണം തുടരുന്ന ഇവിടെ ബിജെപി ഭരണം പിടിക്കുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം.

ആക്സിസ് മൈ ഇന്ത്യ, ന്യൂസ് 24 ചാനലുകൾ 44 മുതൽ 50 സീറ്റ് വരെയാണ് ബിജെപിക്ക് പ്രവചിച്ചത്. ഇടതുപക്ഷത്തിന് 9 മുതൽ 15 സീറ്റ് വരെ മാത്രം പ്രവചിക്കപ്പെട്ടു. ന്യൂസ് എക്സ് സർവ്വേ 35 നും 45 നും ഇടയിൽ സീറ്റുകളിൽ ബിജെപി ജയിക്കുമെന്ന് പറയുമ്പോൾ ഇടതുപക്ഷം പരമാവധി 23 സീറ്റ് വരെ മാത്രമേ നേടൂ എന്നാണ് പ്രവചനം.

ആകെ പത്ത് എംഎൽഎമാരിൽ ഏഴ് പേരാണ് ഇവിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ത്രിപുരയിൽ അതുകൊണ്ട് തന്നെ രണ്ടാം സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ബിജെപി വളർന്നിരുന്നു. സംസ്ഥാനത്ത് വിഘടനവാദികളുടെ സ്വാധീനം കുറയ്ക്കാനും സമാധാനം നിലനിർത്താനും സാധിച്ചത് 25 വർഷത്തെ സിപിഎം ഭരണത്തിലാണ്. ഇതുകൊണ്ട് തന്നെ വലിയ ജനസ്വാധീനമാണ് പാർട്ടിക്ക് ഇവിടെ നേടാനായിട്ടുളളതും.

1988 ഫെബ്രുവരി മുതൽ 1993 മാർച്ച് വരെ അവസാനമായി ഭരണം നടത്തിയ കോൺഗ്രസ് ഇവിടെ 59 സീറ്റുകളിലാണ് മൽസരിച്ചത്. കാക്രബോൺ മണ്ഡലത്തിൽ മാത്രമാണ് അവർ സ്ഥാനാർത്ഥിയെ നിർത്താതിരുന്നത്. സിപിഎം 57 സംസ്ഥാനങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ