scorecardresearch

ത്രിപുരയില്‍ ബി ജെ പി സഖ്യം വിട്ട് എട്ടാമത്തെ എം എല്‍ എ; അനുഗമിച്ച് കോണ്‍ഗ്രസിലെ ‘നല്ല സുഹൃത്തുക്കള്‍’

രണ്ടു വര്‍ഷത്തിനിടെ എം എല്‍ എ സ്ഥാനം രാജിവച്ച എട്ടുപേരിൽ അഞ്ചും ബി ജെ പിക്കാരാണ്

ത്രിപുരയില്‍ ബി ജെ പി സഖ്യം വിട്ട് എട്ടാമത്തെ എം എല്‍ എ; അനുഗമിച്ച് കോണ്‍ഗ്രസിലെ ‘നല്ല സുഹൃത്തുക്കള്‍’

ത്രിപുരയില്‍ മുതിര്‍ന്ന ബി ജെ പി നേതാവും എം എല്‍ എയുമായ ദിബ ചന്ദ്ര ഹ്രാങ്ഖാള്‍ നിയമസഭയില്‍നിന്ന് ഇന്നു രാജിവച്ചിരിക്കുകയാണ്. എം എല്‍ സ്ഥാനം രാജിവയ്ക്കുന്ന ബി ജെ പി ഭരണസഖ്യത്തിലെ എട്ടാമനാണ് അദ്ദേഹം. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം രാജിസമര്‍പ്പിച്ചത്.

ധലായ് ജില്ലയിലെ കരംചെറ മണ്ഡലത്തില്‍നിന്നു നാലു തവണ ജയിച്ചയാളാണ് അറുപത്തിഴേുകാരനായ ഹ്രാങ്ഖാള്‍. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് അദ്ദേഹം ബി ജെ പിയിലെത്തുന്നത്. അതിനു മുന്‍പ് മൂന്നു തവണ കോണ്‍ഗ്രസ് ടിക്കറ്റിലാണു ഹ്രാങ്ഖാള്‍ വിജയിച്ചത്. രാജിക്കു കാരണം ‘വ്യക്തിപരമായ കാര്യങ്ങള്‍’ ആണെന്നു അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബി ജെ പി സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര(ഐ പി എഫ് ടി)യുടെ മന്ത്രിയായിരുന്ന മേവാര്‍ കുമാര്‍ ജമാതിയ ഒരു മാസം മുമ്പ് രാജിവച്ചിരുന്നു. സര്‍ക്കാരിന്റെ മോശം പ്രകടനം ചൂണ്ടിക്കാട്ടിയായിരുന്നു രാജി. രണ്ടു വര്‍ഷത്തിനിടെ രാജിവച്ച എട്ട് എം എല്‍ എമാരില്‍ അഞ്ചു പേരും ബി ജെ പിക്കാരാണ്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായ ആശിഷ് സാഹ, കോണ്‍ഗ്രസ് യുവനേതാവ് ബാപ്തു ചക്രവര്‍ത്തി, പാര്‍ട്ടി വക്താവ് പ്രശാന്ത ഭട്ടാചാര്യ എന്നിവര്‍ക്കൊപ്പമെത്തിയാണു ദിബ ചന്ദ്ര ഹ്രാങ്ഖാള്‍ രാജി സമര്‍പ്പിച്ചത്.

കോണ്‍ഗ്രസിലേക്കു മടങ്ങുമോയെന്ന ചോദ്യത്തിന്, ”ഞാന്‍ തീരുമാനമെടുക്കുമ്പോള്‍ നിങ്ങളറിയും. പക്ഷേ അത് ഇന്നില്ല,”എന്നാണു ഹ്രാങ്ഖാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. തന്നോടൊപ്പം വന്ന കോണ്‍ഗ്രസ് നേതാക്കള്‍ ‘നല്ല സുഹൃത്തുക്കള്‍’ ആണെന്നും ബി ജെ പിയിലെയും സി പി എമ്മിലെയും ആളുകളുമായും തനിക്കു സമാനമായ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”അവര്‍ക്ക് ഇന്ന് എന്നോടൊപ്പം വരാന്‍ കഴിഞ്ഞില്ല, പക്ഷേ ഞങ്ങള്‍ എപ്പോഴും അവരുമായി ചര്‍ച്ചയിലാണ്,”ഹ്രാങ്ഖാള്‍ പറഞ്ഞു.

ബി ജെ പി-ഐ പി എഫ് ടി സര്‍ക്കാരിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കാന്‍ വിസമ്മതിച്ച അദ്ദേഹം, ഇന്നു താന്‍ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നു കൂട്ടിച്ചേര്‍ത്തു.

നേരത്തെ ബി ജെ പി വിട്ട് കോണ്‍ഗ്രസിലേക്കു മടങ്ങിയ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ സുദീപ് റോയ് ബര്‍മാനുമായുള്ള ഹ്രാങ്ക്ഖാളിന്റെ അടുപ്പം അദ്ദേഹം കോണ്‍ഗ്രസിലേക്കു തിരിച്ചുവരവിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചുകൊണ്ട് ഹ്രാങ്ഖാള്‍ ബര്‍മനൊപ്പമുണ്ടായിരുന്നു. ബിപ്ലബ് കുമാര്‍ ദേബിനെ നീക്കം ചെയ്യുന്നതിനുള്ള സമ്മര്‍ദതന്ത്രമായി കണക്കാക്കപ്പെട്ട ഡല്‍ഹി യാത്രയില്‍ ബര്‍മനൊപ്പം ഹ്രാങ്ഖാളുമുണ്ടായിരുന്നു.

എന്നാല്‍, ഈ വര്‍ഷമാദ്യം ബിപ്ലബ് കുമാര്‍ ദേബിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിനെത്തുടര്‍ന്നു ഹ്രാങ്ക്ഖാളിനു പാര്‍ട്ടിയില്‍ കാര്യമായ റോളുണ്ടായിരുന്നില്ല.

ഹ്രാങ്ക്ഖാള്‍ അസുഖബാധിതനായിരുന്നുവെന്നും അതു കാരണമായിരിക്കാം രാജിയെന്നും സംസ്ഥാനത്തെ ബി ജെ പിയുടെ മുഖ്യ വക്താവ് സുബ്രത ചക്രവര്‍ത്തി പ്രതികരിച്ചു. ”അദ്ദേഹത്തിന്റെ രാജി ഞങ്ങളുടെ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കില്ല. ബി ജെപി ഏതെങ്കിലും വ്യക്തിയെ ആശ്രയിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.

സിംനയില്‍നിന്നുള്ള ഐ പി എഫ് ടിയുടെ എം എല്‍ എയായിരുന്ന ബ്രിസ്വകേതു ദേബ്ബര്‍മയാണു നിയമസഭയില്‍നിന്നു രാജിവച്ച ആദ്യ ഭരണകക്ഷി അംഗം. കഴിഞ്ഞ വര്‍ഷം രാജിവച്ച അദ്ദേഹം ഐ പി എഫ് ടിയുടെ എതിരാളി ഗ്രോത്രവര്‍ഗ പാര്‍ട്ടിയായ ദ ഇന്‍ഡീജെനസ് പ്രോഗ്രസീവ് റീജിയണല്‍ അലയന്‍സ് (ടി ഐ പി ആര്‍ എ) മോതയില്‍ ചേരുകയായിരുന്നു.

ബി ജെ പിയുടെ സുര്‍മ എം എല്‍ എ ആശിഷ് ദാസ് രാജിവച്ച രണ്ടാമന്‍. തുടര്‍ന്നു തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും അതും ഉപേക്ഷിച്ച് ത്രിപുരയില്‍ കഷ്ടിച്ച് സാന്നിധ്യമുള്ള കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍ പി ഐ) യിലേക്കു മാറി.

അഗര്‍ത്തലയില്‍നിന്നുള്ള ബി ജെ പി എംഎല്‍എ സുദീപ് റോയ് ബര്‍മനും ബര്‍ദോവാലി എം എല്‍ എ ആശിഷ് കുമാര്‍ സാഹയുമാണു പിന്നീട് സഭാംഗത്വം രാജിവച്ചത്. ഇരുവരും പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബര്‍മന്‍ ഉപതിരഞ്ഞെടുപ്പില്‍ തന്റെ തട്ടകത്തില്‍നിന്ന് വീണ്ടും നിയമസഭയിലെത്തി. എന്നാല്‍ ബര്‍ദോവാലിയില്‍നിന്ന് ജനവിധി തേടിയ ആശിഷ് കുമാര്‍ സാഹ മുഖ്യമന്ത്രി മണിക് സാഹയോട് പരാജയപ്പെട്ടു.

കാര്‍ബുക്ക് മണ്ഡലത്തില്‍നിന്നുള്ള ബി ജെ പിയുടെ ആദിവാസി എം എല്‍ എയായിരുന്ന ബര്‍ബുമോഹന്‍ ത്രിപുര സെപ്റ്റംബറില്‍ രാജിവച്ച് ടി ഐ പി ആര്‍ എ മോതയില്‍ ചേര്‍ന്നിരുന്നു.

തുടര്‍ന്ന് ഐ പി എഫ് ടിയുടെ എം എല്‍ എമാരായ ധനഞ്ജയ് ത്രിപുര (റൈമാവല്ലി മണ്ഡലം), മേവാര്‍ കുമാര്‍ ജമാതിയ (രാമചന്ദ്രഘട്ട്) എന്നിവര്‍ രാജിവച്ച് ടി ഐ പി ആര്‍ എ മോതയില്‍ ചേര്‍ന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Tripura eighth mla leaves bjp led coalition friends in congress