അഗർത്തല: ബിജെപി-ഐപിഎഫ്‌ടി സർക്കാർ ഭരിക്കുന്ന ത്രിപുരയിൽ, മെയ് ദിനത്തിന് ഇനി പൊതു അവധിയില്ല. പൊതു അവധി ദിനങ്ങളുടെ 2019 ലെ പട്ടിക പുറത്തുവന്നപ്പോഴാണ് ലോക തൊഴിലാളി ദിനമായ മെയ് ഒന്ന് പട്ടികയിൽ നിന്ന് നീക്കിയത്.

പ്രതിപക്ഷ പാർട്ടികളുടെ കടുത്ത പ്രതിഷേധങ്ങൾക്കിടയിലാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്. 11 ഉത്സവങ്ങളോടൊപ്പം മെയ് ദിനം നിയന്ത്രിത അവധിയായിരിക്കുമെന്ന് അണ്ടർ സെക്രട്ടറി എസ്.കെ ദേബർമ്മ ശനിയാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിനെ തുടന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുക്കാവുന്ന നാല് അവധികളാണ് വർഷത്തിൽ ലഭിക്കുന്നത്.

ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ മനോഭാവത്തിന്റെ പ്രതിഫലനമാണ് ഈ നടപടി എന്ന് ത്രിപുര മുൻ തൊഴിൽ മന്ത്രി മാണിക് ദേ പ്രതികരിച്ചു. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമായാണ് മെയ് ദിനത്തെ കരുതുന്നത്.​ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരത്തിൽ മെയ് ദിനത്തെ പൊതു അവധി പട്ടികയിൽ നിന്നും ഒഴിവാക്കിയതായി അറിവില്ലെന്നും മാണിക് ദേ അഭിപ്രായപ്പെട്ടു.

തൊഴിലാളി സമൂഹം പോരാട്ടങ്ങളിലൂടെ നേടിയ അവകാശങ്ങളുടെ പ്രതീകമായാണ് മെയ് ദിനം അവധിയായി ആഘോഷിക്കുന്നത്. അതിനാൽ തൊഴിലാളി വിരുദ്ധമായ നീക്കം ഒഴിവാക്കി മെയ് ദിനം പൊതു അവധിയായി പുനഃസ്ഥാപിക്കണമെന്ന് ത്രിപുര സിപിഎം സംസ്ഥാന സെക്രട്ടറി ഹരിപദ ദാസ് ആവശ്യപ്പെട്ടു.

1978ൽ ത്രിപുരയിലെ ആദ്യ ഇടത് സർക്കാരായ നൃപൻ ചകർവർത്തിയുടെ സർക്കാരാണ് മെയ് ദിനം പൊതു അവധിയായി പ്രഖ്യാപിച്ചത്. ബിജെപി സർക്കാരിന്റെ കോർപ്പറേറ്റ് താൽപര്യങ്ങളാണ് ഈ നയങ്ങളിലൂടെ കാണാനാവുന്നതെന്ന് ത്രിപുരയിലെ കോൺഗ്രസ് വൈസ് പ്രസിഡന്റുമായ തപസ് ദേ പറഞ്ഞു. മെയ് ദിനം ഏതെങ്കിലുമൊരു പാർട്ടിയുടെ സ്വന്തമല്ലെന്നും ഇത് അന്താരാഷ്ട്ര തൊഴിലാളി ദിനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സർക്കാരിന്റെ ഈ നീക്കത്തെ അംഗീകരിക്കാനാവില്ലെന്ന് ത്രിപുര ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സമർ റോയ് അഭിപ്രായപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ