അഗർത്തല: ബിജെപി നേതാവ് ബിപ്ലബ് കുമാർ ദേബ് ത്രിപുര മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അദ്ദേഹം രാജിക്കത്ത് നൽകിയതായി പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ഡൽഹിയിലുണ്ടായിരുന്ന ദേബ് ശനിയാഴ്ച രാവിലെ അഗർത്തലയിൽ തിരിച്ചെത്തിയിരുന്നു.
അതേസമയം ബിപ്ലവിന്റെ രാജിക്ക് പിറകെ ഡോ.മണിക് സാഹയെ ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപി തിരഞ്ഞെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷനും രാജ്യസഭാ എംപിയുമാണ് സാഹ.
അടുത്ത വർഷം ആദ്യം സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെയാണ് ബിപ്ലവിന്റെ രാജി.
“ഞങ്ങളെ അത്ഭുതപ്പെടുത്തി. എന്താണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചതെന്ന് അറിയില്ല. എന്നാൽ പാർട്ടി കേന്ദ്ര നേതൃത്വവുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. പാർട്ടിക്ക് ചില പദ്ധതികൾ ഉണ്ടായിരിക്കാം, അത് പാർട്ടിക്ക് നല്ലതായിരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, ”ദേബിന്റെ ക്യാബിനറ്റിലെ ഒരു മന്ത്രി പറഞ്ഞു.
വൈകിട്ട് അഞ്ചിന് നിയമസഭാ കക്ഷി യോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. ‘സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിയെ പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. ഞങ്ങൾക്ക് ഒരു പുതിയ മുഖ്യമന്ത്രി ഉണ്ടാകും,” പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവും മുതിർന്ന നേതാവ് വിനോദ് താവ്ഡെയുമാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള കേന്ദ്ര നിരീക്ഷകർ.