അഗര്‍ത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. 81 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയതായാണു നിലവില്‍ ലഭ്യമായ കണക്കുകളില്‍നിന്നു ലഭിക്കുന്ന വിവരം. അന്തിമ കണക്കുകള്‍ വരുമ്പോള്‍ പോളിങ് ശതമാനം ഉയരാനാണു സാധ്യത. മാര്‍ച്ച് രണ്ടിനാണു വോട്ടെണ്ണല്‍.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സി പി എം നേതാവും പാര്‍ട്ടിയുടെ രണ്ടു പോളിങ് ഏജന്റുമാരും ഉള്‍പ്പെടെ മൂന്നു പേര്‍ക്കു പരുക്കേറ്റു.
സൗത്ത് ത്രിപുര ജില്ലയിലെ ശാന്തിർബസാർ മണ്ഡലത്തിലെ കലച്ചേര പോളിങ് സ്റ്റേഷനു പുറത്ത് സി പി എം അനുഭാവിയെ മർദിച്ചതായി ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. ധൻപൂരിൽ ഇടതുമുന്നണിയുടെ പോളിങ് ഏജന്റുമാരെ ആക്രമിച്ച് ബൂത്തുകളിൽനിന്ന് പുറത്താക്കിയെന്നു പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാർ ആരോപിച്ചു. ഗോമതി ജില്ലയിലെ ഉദയ്പൂരിലും ദക്ഷിണ ത്രിപുരയിലെ ബെലോണിയയിലും അക്രമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
40-45 ഇടങ്ങളില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ് റിപ്പോര്‍ട്ട് ചെയ്തു. വോട്ട് ചെയ്യുന്നതില്‍നിന്ന് ജനങ്ങളെ തടയാന്‍ ‘ബി ജെ പിക്കു വേണ്ടി കുബുദ്ധികള്‍’ പ്രശ്‌നമുണ്ടാക്കിയതായി മണിക് സര്‍ക്കാര്‍ ആരോപിച്ചു. ടിപ്ര മോത അധ്യക്ഷന്‍ പ്രദ്യോത് ദേബ്ബര്‍മയും ബി ജെ പിക്കെതിരെ രംഗത്തെത്തി.
സംഘർഷ സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു പോളിങ്. 400 കമ്പനി സിഎപിഎഫ് , 9000 ത്രിപുര സ്റ്റേറ്റ് റൈഫിൾസ്, 6000 പൊലീസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ വിന്യസിച്ചിരുന്നു. 28 ലക്ഷത്തോളം വോട്ടർമാർക്കായി 3,327 പോളിങ് സ്റ്റേഷനുകൾ ഒരുക്കിയിരിക്കുന്നത്.
60 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 259 സ്ഥാനാർഥികളാണു ജനവിധി തേടിയത്. ബി ജെ പി 55 സീറ്റിലാണു മത്സരിക്കുന്നത്. സി പി എം 47 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും തിപ്ര മോത 42 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് 28 സീറ്റിലും മത്സരിക്കുന്നു.
ബി ജെ പി-ഐ പി എഫ് ടി, സി പി എം-കോണ്‍ഗ്രസ്, വലിയൊരു വിഭാഗം ആദിവാസികളുടെ മനസ് കവര്‍ന്ന മുൻ രാജകുടുംബാംഗം പ്രദ്യോത് ദേബ് ബര്‍മയുടെ നേതൃത്വത്തിലുള്ള തിപ്ര മോത്ത പാര്‍ട്ടി തമ്മിലുള്ള ത്രികോണ മത്സരമാണു നടക്കുന്നത്. മികച്ച ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് അധികാരം നിലനിർത്താനാണു ബിജെപി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ ബിജെപിയുടെ പ്രചാരണത്തിനായി എത്തിയിരുന്നു.
കാല്‍നൂറ്റാണ്ടു നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018ലാണ് ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തിയത്. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും നേടാതിരുന്ന ബിജെപി, 2018 ലെ തിരഞ്ഞെടുപ്പില്‍ 36 സീറ്റ് നേടിയാണ് അധികാരമുറപ്പിച്ചത്. അതേസമയം, കോൺഗ്രസിന്റെ കൈപിടിച്ച് ഭരണത്തിലേക്കു തിരിച്ചെടുത്താനുള്ള ശ്രമമാണു സിപിഎം നടത്തുന്നത്.
രണ്ടു പതിറ്റാണ്ട് മുമ്പ് മിസോറാമില്‍നിന്നു കുടിയേറിയ ബ്രൂ സമുദായത്തിലെ കുടുംബങ്ങള്‍ ആദ്യമായി ഈ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. ധലായ് ജില്ലയിലെ അംബാസ മണ്ഡലത്തിലെ ഹദുക്ലൗപാര പോളിങ് ബൂത്തിലാണ് കുടിയേറ്റക്കാര്‍ കൂട്ടത്തോടെ എത്തിയത്. ബ്രൂ കുടിയേറ്റക്കാര്‍ക്കുള്ള ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പായ നൈസിങ്പാറയില്‍ വൈദ്യുതി കണക്ഷന്‍, ജലവിതരണം, ടോയ്ലറ്റുകള്‍ എന്നിവയുടെ അഭാവത്തെക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.