ന്യൂഡൽഹി: മുത്തലാഖിനെ ക്രിമിനൽ കുറ്റമാക്കി കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബില്ലിന് മുകളിൽ കടുത്ത നിലപാടുമായി രാജ്യസഭയിൽ പ്രതിപക്ഷം. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിക്കാതെ വന്നതോടെ പ്രത്യേക യോഗം ചേരാനും പ്രതിപക്ഷം തീരുമാനിച്ചു.

ബില്ലിനെ എതിർക്കുന്ന പ്രതിപക്ഷ കക്ഷികളുടെ പ്രത്യേക യോഗമാണ് പ്രതിപക്ഷം വിളിച്ചിരിക്കുന്നത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം കൂടുതൽ ശക്തമായി ആവശ്യപ്പെടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. രാജ്യസഭയിൽ പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാൽ കേന്ദ്ര സർക്കാർ അങ്കലാപ്പിലാണ് ഉള്ളത്.

അതേസമയം വിഷയത്തിൽ പ്രതിപക്ഷ നിലപാടിലേക്കാണ് ഇപ്പോൾ ഭരണപക്ഷവും നീങ്ങിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത് പോലെ ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടേക്കും. ഇതിനായി പ്രതിപക്ഷവുമായി ചർച്ച നടത്താനും ഭരണപക്ഷം ആലോചിക്കുന്നുണ്ട്.

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ നേരത്തേ തന്നെ ലോകസഭ പാസാക്കിയിരുന്നു. നിയമ മന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ഭേദഗതി നിർദേശങ്ങൾ വോട്ടിനിട്ട് തളളിയാണ് സഭ ബിൽ പാസ്സാക്കിയത്. നാല് മണിക്കൂർ നേരം നീണ്ട ചർച്ചകൾക്ക് ശേഷമാണ് ബിൽ പാസ്സായത്.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ മന്ത്രിതല സമിതി തയ്യാറാക്കിയ ബില്ലാണ് ലോക്‌സഭയിലെത്തിയത്. പുതിയ ബില്ലിനെതിരെ മുസ്ലീം വ്യക്തിനിയമ ബോർഡ് ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്.

ഒറ്റയടിക്കു മൂന്നു തവണ തലാഖ് ചൊല്ലുന്നതു നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബിൽ. മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നു വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണു ബില്ലിലുളളത്. വിവാഹ മോചനശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അർഹതയുണ്ടാവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ