ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ അനുകൂലിച്ച് രാഷ്ട്രീയപ്പാർട്ടികളും പ്രമുഖരും. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. വിധി ചരിത്രപരമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി: മുത്തലാഖ് വിഷയത്തിൽ സുപ്രീകോടതി വിധി ചരിത്രപരം. മുസ്‍‌ലിം സ്ത്രീകൾക്ക് തുല്യത ലഭിക്കാനും വനിതാശാക്തീകരണം ബലപ്പെടുത്താനും വിധി സഹായകമാവും.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ: വിധി ചരിത്രപരം. വിധി ആരുടെയെങ്കിലും വിജയമോ തോൽവിയോ അല്ല. പാർട്ടിക്കതീതമായി ഞാൻ ഇതിനെ സ്വാഗതം ചെയ്യുന്നു.

Read More: എന്താണ് മുത്തലാഖ്? അറിയേണ്ടതെല്ലാം

കോൺഗ്രസ് നേതാവ് കപിൽ സിബൽ: സുപ്രീം കോടതി വിധിയെ ഞങ്ങൾ പ്രകീർത്തിക്കുന്നു. വ്യക്തിനിയമങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം മുത്തലാഖിനെ ആക്ഷേപിക്കുകയും ചെയ്യുന്നതാണ് വിധി.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്: സ്ത്രീകൾക്ക് നീതി ലഭിക്കുന്നതിനുളള തുടക്കമാണ് വിധി. സ്ത്രീശാക്തീകരണത്തിനുളള നാഴികക്കല്ലാണ്.

അസദുദ്ദീൻ ഉവൈസി: സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നു. പക്ഷേ അത് നടപ്പിലാക്കുക എന്നത് അത്യന്തം ദുഷ്കരമായിരിക്കും.

കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്: സംഭവിക്കുമെന്ന് പ്രതീക്ഷിച്ചതെന്താണോ അതുതന്നെ സംഭവിച്ചു. ഇത് നല്ലൊരു തീരുമാനമാണ്. സത്യവും യാഥാർത്ഥ്യവും ഇസ്ലാമിന്റെ യഥാർത്ഥ സ്നേഹവും പ്രകടമാക്കുന്ന തീരുമാനം.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. എത്രയും പെട്ടെന്ന് നിയമം കൊണ്ടുവരണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർഥിക്കുന്നു.

കേന്ദ്രമന്ത്രി മേനക ഗാന്ധി: നല്ല വിധി. ലിംഗ നീതിക്കും ലിംഗ തുല്യതയിലേക്കുള്ള മറ്റൊരു ചുവടുവയ്പ്.

ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി: വിധിയെ സ്വാഗതം ചെയ്യുന്നു. സൂക്ഷ്മബുദ്ധിയുള്ളതാണ് സുപ്രീം കോടതി വിധി.

സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ അഞ്ച് ജസ്റ്റിസുമാരില്‍ കുര്യന്‍ ജോസഫ്, യു.യു. ലളിത്, ആര്‍.എഫ്. നരിമാന്‍ എന്നിവര്‍ മുത്തലാഖിന് വിരുദ്ധമായ നിലപാടാണ് എടുത്തത്. ചീഫ് ജസ്റ്റിസ് കെഹാറും ജസ്റ്റിസ് അബ്ദുല്‍ നസീറും മുത്തലാഖ് മുസ്ലിം വ്യക്തി നിയമത്തിന്റെ ഭാഗമാണെന്ന് അഭിപ്രായപ്പെട്ടു. ഒടുവിൽ ഭൂരിപക്ഷ വിധി പ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണെന്ന അന്തിമവിധിയിലേക്ക് സുപ്രീം കോടതി എത്തിച്ചേരുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ