ന്യൂ​ഡ​ൽ​ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വിധിച്ചു. ഭരണഘടനാ ബെഞ്ചിലെ മൂന്ന് ജഡ്ജിമാരാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത്. ജസ്റ്റീസുമാരായ കുര്യൻ ജോസഫ്, റോഹിൽടണ്‍ നരിമാൻ, യു.യു.ലളിത് എന്നിവരാണ് മുത്തലാഖിനെതിരേ വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ, ജസ്റ്റീസ് എസ്.അബ്ദുൾ നസീർ എന്നിവർ വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തി.

മുത്തലാഖ് നിരോധിക്കാൻ ആവശ്യമെങ്കിൽ ആറുമാസത്തിനകം നിയമനിർമാണം നടത്തണമെന്നു ജഡ്ജിമാരായ ജെ.എസ്. കേഹാറും ജസ്റ്റിസ് എസ്. അബ്ദുൽ നസീറും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഭരണഘടനയുടെ 14, 15, 21, 25 അനുച്ഛേദങ്ങൾ മുത്തലാഖ് ലംഘിക്കുന്നില്ല. മുത്തലാഖ് ആയിരം വർഷത്തിലധികമായി സുന്നി വിഭാഗത്തിന്റെ ഭാഗമാണെന്നും മുസ്‌ലിം വ്യക്തിനിയമത്തിന്റെ പരിധിയിൽപ്പെടുന്നതാണെന്നും ഇരുവരും വിലയിരുത്തി.

പുതിയ നിയമം നിലവിൽ വരുന്നതുവരെ ആറുമാസത്തേക്കു മുത്തലാഖിനു വിലക്കും ഏർപ്പെടുത്തി. ആറുമാസത്തിനുള്ളിൽ നിയമനിർമാണം നടത്തിയില്ലെങ്കിൽ ഈ വിലക്കു തുടരും. മുസ്‌ലിം വ്യക്തിനിയമം മനസ്സിലാക്കി വേണം നിയമനിർമാണം നടത്തേണ്ടതെന്നും രാഷ്ട്രീയ പാർട്ടികൾ വ്യത്യാസങ്ങൾ മാറ്റിവച്ച് നിയമനിർമാണത്തിനു കേന്ദ്രത്തിനു പിന്തുണ നൽകണമെന്നും ഇരുവരും വിധിന്യായത്തിൽ ആവശ്യപ്പെട്ടു.

മുസ്‌ലിങ്ങളുടെ വിശ്വാസത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഭാഗമാണ് മുത്തലാഖ് എന്നായിരുന്നു ചീഫ് ജസ്റ്റീസിന്‍റെ വിയോജന കുറിപ്പ്. മതപരമായ വിഷയത്തിൽ സുപ്രീംകോടതി ഇടപെടുന്നതിനെക്കാൾ ഉചിതം പാർലമെന്‍റ് ഇടപെടുന്നതാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

Live Updates:

11.48 am: മുസ്ലിം വനിതാ വ്യക്തി നിയമ ബോർഡ് പ്രസിഡന്റ് ഷീസ്റ്റ അംബർ സുപ്രീം കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിക്കുന്നു

11.34 am: വിധി സ്വാഗതാർഹമെന്ന് ഹർജിക്കാരിയായ ശയറാ ബാനു

10.47 am: ചീ​ഫ്​ ജ​സ്​​റ്റി​സും എ​സ്. അ​ബ്​​ദു​ൽ ന​സീറും മുത്തലാഖ് നിയമവിരുദ്ധമല്ലെന്നാണ് കണ്ടെത്തിയത്.

10.40 am: കു​ര്യ​ൻ ജോ​സ​ഫ്, ആ​ർ.​എ​ഫ്. ന​രി​മാ​ൻ, യു.​യു. ല​ളി​ത് എന്നീ ജഡ്ജിമാരാണ് മുത്തലാഖ് നിയമവിരുദ്ധമാണെന്ന് വിധിച്ചത്

10.22 am: അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ മൂന്ന് ജഡ്ജിമാർ മുത്തലാഖ് നിയമവിരുദ്ധമാണെന്ന് വിധി പ്രസ്താവിച്ചപ്പോൾ നിയമ വിരുദ്ധമല്ലെന്ന് ചീഫ് ജസ്റ്റിസ് അടക്കം രണ്ട് ജഡ്ജിമാർ നിലപാടെടുത്തത്

10.20 am : മു​ത്ത​ലാ​ഖ്​ നിയമവിരുദ്ധമെന്ന് സുപ്രീം കോടതി. അടുത്ത ആറു മാസത്തേക്ക് ഒറ്റത്തവണ മുത്തലാഖ് വിലക്കുകയും ചെയ്തു.

ഒറ്റയിരുപ്പില്‍ മൂന്നു തവണ തലാഖ് പറഞ്ഞു മൊഴി ചൊല്ലുന്നവര്‍ക്കെതിരെ ഊരുവിലക്ക് ഏര്‍പ്പെടുത്തുമെന്നും ഇതുസംബന്ധിച്ച് സമുദായത്തിനു മാര്‍ഗനിര്‍ദേശം നല്‍കുമെന്നും അഖിലേന്ത്യാ വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. മുത്തലാഖ് വഴി വിവാഹമോചനം നടത്തരുതെന്നു വിവാഹവേളയില്‍ വരന്മാര്‍ക്ക് ഉപദേശം നല്‍കാന്‍ എല്ലാ ഖാസിമാരോടും ആവശ്യപ്പെടുമെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

മുത്തലാഖിന്റെ ഇരയായ ഉത്തരാഖണ്ഡ് സ്വദേശി ശഹറാ ബാനുവാണ് കേസിലെ മുഖ്യ ഹരജിക്കാരി. മുസ്ലിം വിമണ്‍സ് ക്വസ്റ്റ് ഫോര്‍ ഈക്വാലിറ്റി എന്ന സംഘടനയും, മുത്തലാഖിന്റെ ഇരകളായ നാല് മുസ്ലിം സ്ത്രീകളും പിന്നീട് കക്ഷി ചേര്‍ന്നു. ഇവര്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാരും, കോടതി നിശ്ചയിച്ച അമിക്കസ് ക്യൂറി സല്‍മാന്‍ ഖുര്‍ഷിദും മുത്തലാഖ് നിരോധിക്കണമെന്ന് കോടതിയില്‍ വാദിച്ചപ്പോള്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡും, ജംഇയ്യത്തുല്‍ ഉലമ ഹിന്ദും മാത്രമായിരുന്നു പ്രതിരോധിക്കാനുണ്ടായിരുന്നത്.

മുത്തലാഖ് പൂര്‍ണ്ണമായും റദ്ദാക്കണമെന്നതാണ് ഹരജിക്കാരുടെ വാദമെങ്കില്‍, എല്ലാ ത്വലാഖുകളും റദ്ദാക്കണമെന്ന തലത്തിലേക്ക് ഉയര്‍ത്തിയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്. മുത്തലാഖ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആചാരമാണെന്നും, അതില്‍ കോടതി ഇടപെടുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കുമെന്നുമായിരുന്നു മുസ്ലിം വ്യക്തി നിയമബോര്‍ഡ് കോടതിയില്‍ സ്വീകരിച്ച നിലപാട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook