ന്യൂഡൽഹി: മുസ്‍ലിം വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചാൽ പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുൾ റോഹ്ത്തഗി അറിയിച്ചു. മുത്തലാഖ് മൂലം മുസ്‍ലിം സ്ത്രീകളുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.

മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കവെയാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. ജഡ്ജിമാരായ കുര്യന്‍ ജോസഫ്, യു.യു.ലളിത്, ആര്‍.എഫ്.നരിമാന്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റംഗങ്ങള്‍.

മുത്തലാഖ് മുസ്‌ലിം മതവിശ്വാസവുമായി ബന്ധപ്പെട്ട അവകാശമാണോ എന്നതാണ് വാദങ്ങളിൽ പരിശോധിക്കുക. മുത്തലാഖ് വിവാഹമോചനത്തിനുള്ള ഏറ്റവും മോശവും ഹീനവുമായ രീതിയാണ് മുസ്‌ലിംകൾക്കിടയിലുള്ള മുത്തലാഖെന്ന് സുപ്രീംകോടതി നേരത്തെ വാദത്തിനിടെ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ