നിരവധി മുസ്ലീം മതപണ്ഡിതന്മാര്‍ പോലും ദുരാചാരമെന്നു വിശേഷിപ്പിച്ച മുത്തലാഖ് എതിര്‍ക്കപ്പെടേണ്ടതാണെന്നും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും സാമൂഹ്യ-രാഷ്ട്രീയ നിരീക്ഷകന്‍ എം.എന്‍ കാരശ്ശേരി. മുത്തലാഖ് മാത്രമല്ല, ത്വലാഖ് തന്നെ നിരോധിക്കണം. ഇതൊരു മതപ്രശ്‌നമല്ല, മറിച്ച് സ്ത്രീപ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിലെ മുജാഹിദ്, ജമാഅതെ ഇസ്ലാമി വിഭാഗങ്ങള്‍ ഉള്‍പ്പെടെ വിഭാഗങ്ങള്‍ മുത്തലാഖിനെ എതിരാണ്. തീര്‍ത്തും അനിസ്ലാമികമായ മുത്തലാഖിനെതിരെ നിരവധി സ്ത്രീകള്‍ കോടതിയെ സമീപിച്ചിരുന്നു. അഞ്ചംഗ ബെഞ്ചില്‍ മൂന്നു ജഡ്ജിമാര്‍ മുത്തലാഖിന് എതിർത്തപ്പോൾ ചീഫ് ജസ്റ്റിസ് അടക്കം രണ്ടു പേര്‍ ഇതിനെ അനുകൂലിക്കുകയാണ് ചെയ്തത്. 1937ലെ ഫസ്‌ക് നിയമ പ്രകാരം ഒരു സ്ത്രീക്ക് തന്റെ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം ലഭിക്കണമെങ്കില്‍ കോടതിയെ സമീപിക്കണം. പക്ഷെ ത്വലാഖ് നിലനില്‍ക്കുന്നതിനാല്‍ തീര്‍ത്തും ഏകപക്ഷീയമായി ഒരു പുരഷന് വീട്ടിലിരുന്നുകൊണ്ട് തന്റെ ഭാര്യയെ വേണ്ടെന്നു വയ്ക്കാം. ഇവിടെ സ്വന്തം ഭാഗം വാദിക്കാന്‍ പോലും ഒരു സ്ത്രീക്ക് അവസരം ലഭിക്കുന്നില്ല. ഇത് കടുത്ത പൗരാവകാശ ലംഘനമാണ്. ഒരു വീട്ടു ജോലിക്കാരിയെ പോലും ഇന്നത്തെ കാലത്ത് അങ്ങനെ പിരിച്ചു വിടാന്‍ സാധിക്കില്ല. പക്ഷെ വിവാഹിതയായ മുസ്ലീം സ്ത്രീയെ ഉപേക്ഷിക്കാന്‍ വളരെ എളുപ്പമാണ്. ഇതിനെ ഒരു മത പ്രശ്‌നമായല്ല ഒരു സ്ത്രീപ്രശ്‌നമായും പൗരാവകാശ പ്രശ്‌നമായുമാണ് കാണേണ്ടത്.’ എംഎന്‍ കാരശ്ശേരി പറഞ്ഞു.

മുത്തലാഖ് അനിസ്ലാമികമാണെന്നും ഇത് ഭരണഘടനാവിരുദ്ധവുമാണെന്ന സുപ്രീംകോടതി വിധിയെ നൂറു ശതമാനം സ്വാഗതം ചെയ്യുന്നുവെന്നും സാമൂഹിക പ്രവര്‍ത്തകന്‍ ഹമീദ് ചേന്നമംഗല്ലൂര്‍. തീര്‍ത്തും സ്ത്രീവിരുദ്ധമായ മുത്തലാഖ് നേരത്തേ നിരോധിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഭരണഘടനയില്‍ പറയുന്ന സമത്വമെന്ന ആശയത്തിന് തീര്‍ത്തും എതിരാണ് മുത്തലാഖ്. മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ മകനും ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് ബി.ഡി അഹമ്മദിനെ പോലുള്ള നിരവധി പ്രമുഖര്‍ നേരത്തേ തന്നെ മുത്തലാഖിന് എതിരായിരുന്നു. തീര്‍ത്തും ഏപക്ഷീയമായ ഒന്നാണ് മുത്തലാഖ്. അങ്ങേയറ്റം സ്ത്രീവിരുദ്ധവും. ഇംഗ്ലീഷില്‍ ട്രിപ്പിള്‍ തലാഖ് എന്നാണല്ലോ പറയുന്നത്. എന്നാല്‍ ട്രിപ്പിള്‍ എന്ന ഇംഗ്ലീഷ് പദത്തിന് സമാനമായ ഒരു പദം പോലും ഖുറാനില്‍ ഇല്ല. പാകിസ്ഥാനും ബംഗ്ലാദേശും ഉള്‍പ്പെടെ 13 അറബ് രാഷ്ട്രങ്ങളില്‍ മുത്തലാഖ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ചു കഴിഞ്ഞു. സുപ്രീം കോടതിയുടെ വിധിയ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.’ ഈ വിധി മുസ്ലീം വ്യക്തിനിയമ ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നൂറ്റാണ്ടുകളായുള്ള മുസ്ലീം സ്ത്രീകളുടെ പോരാട്ടത്തിന് ഫലം കണ്ടുവെന്നാണ് നിസയുടെ സ്ഥാപക വി.പി സുഹ്‌റ അഭിപ്രായപ്പെട്ടത്. മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി തീര്‍ത്തും സ്വാഗതാര്‍ഹമാണ്.

‘ഇത് ജനാധിപത്യത്തിന്റെ വിധിയാണ്. സ്ത്രീകളുടെ വിധിയാണ്. ലിംഗസമത്വത്തിലേക്കും സെക്യുലര്‍ നിയമ നിര്‍മാണത്തിലേക്കുമുള്ള ആദ്യ ചുവടായി ഈ വിധിയെ കാണുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുയോജ്യമായ നിയമനിര്‍മാണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രൂരവും ഏകപക്ഷീയവുമായ മുത്തലാഖ് സമ്പ്രദായത്തിന് അവസാനമുണ്ടാകേണ്ടത് കാലത്തിന്റേയും ഇവിടുത്തേ പാവപ്പെട്ട മുസ്ലീം സ്ത്രീകളുടേയും ആവശ്യമാണ്. അതുകൊണ്ടാണ് നിസ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നത്.’ ഏറെ പ്രതീക്ഷയോടെയാണ് വിധിയെ നോക്കിക്കാണുന്നതെന്നും വി.പി സുഹ്‌റ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ