ഹൗറ (ബംഗാൾ): മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ ഇഷറത്ത് ജഹാൻ ബിജെപിയിൽ ചേർന്നു. പാർട്ടിയിൽ ചേർന്ന ഇഷറത്തിനെ ഹൗറയിലെ ബിജെപിയുടെ ആസ്ഥാന ഓഫീസിൽ മഹിളാ മോർച്ചാ സംസ്ഥാന പ്രസിഡന്റ് ലോകേത് ചാറ്റർജി സ്വീകരിച്ചു. മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ അഞ്ച് പേരിൽ ഒരാളാണ് ഈ മുപ്പത്തിയൊന്നുകാരി. മുസ്‌ലിം സ്ത്രീ (വിവാഹസംരക്ഷണ അവകാശം) ബിൽ 2017 കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയിരുന്നു. ജനുവരി 29 ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉലുബേരിയ ലോക്‌സഭാ സീറ്റിൽ ഇഷ്റത്ത് ജഹാനെ സ്ഥാനാർത്ഥിയാക്കാനുളള സാധ്യതയുണ്ടെന്ന് ബിജെപി കേന്ദ്രങ്ങൾ പറഞ്ഞു.

മുത്തലാഖിനെതിരായ ബിൽ ലോക്‌സഭ പാസാക്കിയതിൽ സന്തോഷമുണ്ടെന്ന് മാധ്യമങ്ങളോട് ഇഷ്റത്ത് ജഹാൻ പറഞ്ഞു. “മുത്തലാഖ് ബിൽ പാസ്സാക്കാനുളള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഇതിന് ശേഷം അടുത്ത തലമുറയുടെ ജീവിതം സുരക്ഷിതമാകും. ഞങ്ങൾ കടന്നുപോയ അവസ്ഥയിലല്ലാതെ അവർക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും. ഞാൻ ബിജെപിയിൽ ചേർന്നത് അതൊരു രാഷ്ട്രീയ പാർട്ടിയായതുകൊണ്ടല്ല, മറിച്ച് ഞങ്ങൾ ഉന്നയിച്ച ഈ വിഷയത്തെ പിന്തുണച്ചതുകൊണ്ടാണ്” ഇഷ്റത്ത് പറഞ്ഞു

ഇഷറത്ത് പാർട്ടിയിൽ ചേർന്നതിനെ ബിജെപിക്ക്  അഭിമാന നിമിഷം എന്നാണ് ലോകേത് ചാറ്റർജി വിശേഷിപ്പിച്ചത്. “മുത്തലാഖിനെതിരെ പരാതി നൽകിയ അഞ്ച് സ്ത്രീകളിലൊരാളാണ് ഇഷറത്ത്. ബിജെപി മുത്തലാഖ് ബില്ലിന് അനുകൂലമായി റാലികളും സമ്മേളനങ്ങളും നടത്തും. അജയ്യമായ ആർജ്ജവത്തിന്രെ ഉദാഹരണമായ  ഇഷറത്ത് പാർട്ടിയിലേയ്ക്ക് വരുന്നത് ബിജെപിയെ സംബന്ധിച്ച് അഭിമാനാർഹമായ നിമിഷമാണ്. ബംഗാളിലും ഇന്ത്യയിലും ബിജെപി മുസ്‌ലിം സ്ത്രീകൾക്കൊപ്പം നിൽക്കും. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ തങ്ങൾ വിശ്വസിക്കുന്നില്ല” ലോകേത് ചാറ്റർജി പറഞ്ഞു.

പ്രാദേശികമായി ചില ഭീഷണികൾ നേരിട്ട ഇഷറത്ത് മുഖ്യമന്ത്രി മമതാ ബാനർജിയോട് സഹായം അഭ്യർത്ഥിച്ചെങ്കിലും അവർക്ക് സഹായം ലഭിച്ചില്ലെന്ന് ലോകേത് ചാറ്റർജി കുറ്റപ്പെടുത്തി. സാമൂഹിക അനീതിക്കെതിരായി ഇഷ്റത്ത് നടത്തുന്ന പോരാട്ടം തുടരുന്നതിന് ബിജെപി കഴിയുന്ന തരത്തിലുളള എല്ലാ സഹായവും നൽകുമെന്നും മഹിളാ മോർച്ച നേതാവ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook