ലക്നൗ: മുത്തലാഖിന് എതിരെ വിവാദ പരാമർശം നടത്തി യോഗി ആദിത്യനാഥ് മന്ത്രിസഭാംഗമായ സ്വാമി പ്രസാദ് മൗര്യ. കാമം ശമിപ്പിക്കാന്‍ പുരുഷന്‍മാര്‍ മുത്തലാഖിനെ ദുരുപയോഗം ചെയ്യുന്നതായി പ്രസാദ് മൗര്യ പറഞ്ഞു. യാതൊരു അടിസ്ഥാനവും ഇല്ലാത്ത തലാഖ് സമ്പ്രദായം സ്ത്രീകളെയും കുട്ടികളെയും തെരുവിലേക്ക് തള്ളിവിടുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാമം ശമിപ്പിക്കാൻ വേണ്ടിയാണ് ചിലർ ഭാര്യമാരെ മാറ്റിക്കൊണ്ടിരിക്കുകയും സ്വന്തം ഭാര്യയെയും മക്കളെയും തെരുവിൽ ഭിക്ഷ യാചിക്കാൻ നിർബന്ധിക്കുന്നതും. ഇതൊരു അവകാശമാണെന്ന് ആരും പറയില്ലെന്നും മൗര്യ പറഞ്ഞു.

മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷവും മുസ്ലിം സംഘടനാ നേതാക്കളും രംഗത്തെത്തി. പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പു പറയണമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അറിയിച്ചു. മുത്തലാഖിനെ രാഷ്ട്രീയ വിഷയമാക്കരുതെന്ന് പ്രധാനമന്ത്രി അറിയിച്ചതിന് പിന്നാലെയായിരുന്നു മൗര്യയുടെ വിവാദ പരാമര്‍ശം.

ഇതിനുപകരം മുന്നോട്ടുവന്ന് ഈ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. മുസ്‌ലിം സാമൂഹിക പരിഷ്‌കർത്താക്കൾ മുന്നോട്ടുവന്ന് മുസ്ലിം പെൺകുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കെതിരെ പോരാടണമെന്നും മോദി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

ഡൽഹിയിൽ സാമൂഹിക പരിഷ്കത്താവ് ബസവന്നയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ”ഈ സമയത്ത് മുത്തലാഖിനെക്കുറിച്ച് നിരവധി സംവാദങ്ങൾ നടക്കുന്നുണ്ട്. മുസ്‌ലിം സമുദായത്തിൽനിന്നുളള ശക്തരായ നേതാക്കൾ ഈ സമ്പ്രദായത്തെ തുടച്ചുനീക്കാൻ മുന്നോട്ടു വരണമെന്നും” മോദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ