ന്യൂഡൽഹി:  പ്രതിപക്ഷം അവതരിപ്പിച്ച എല്ലാ ഭേദഗതികളും തളളി മുത്തലാഖ് ബില്ല് ലോക്സഭയിൽ പാസാക്കി.  245 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 11 പേർ എതിർത്തു. സിപിഎം എതിർത്ത് വോട്ടു ചെയ്തപ്പോൾ കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്കരിച്ചു.

എൻ കെ പ്രേമചന്ദ്രനും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. വോട്ടെടുപ്പിൽ പങ്കെടുത്ത പ്രേമചന്ദ്രനും എതിർത്താണ് വോട്ട് ചെയ്തത്.  കോണ്‍ഗ്രസിന് പുറമെ, അണ്ണാ ഡി എം കെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും വോട്ടെടുപ്പ് ബഹിഷ്കരിച്ചു.

മുത്തലാഖുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തെ ശിക്ഷ എടുത്ത് കളയണം എന്ന ആവശ്യമാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ചത്. മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്ല്.  എന്നാൽ വോട്ടെടുപ്പിൽ ഈ ആവശ്യം തളളി. മുത്തലാഖ് ബില്ലിൽ മാറ്റങ്ങൾ വരുത്തിയാൽ അംഗീകരിക്കാം എന്ന ആവശ്യമാണ് കോൺഗ്രസ് മുന്നോട്ട് വച്ചത്. എന്നാൽ ബിജെപി ഇതിന് തയ്യാറായില്ല.

എന്നാൽ ബില്ല് രാജ്യസഭയിൽ വിജയിപ്പിക്കാനാവില്ലെന്ന് ഇതോടെ വ്യക്തമായി. പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ബില്ലിനെ എതിർത്തതോടെയാണ് രാജ്യസഭയിൽ ബില്ല് പാസാവില്ലെന്ന് വ്യക്തമായത്. ബില്ല് പാസാക്കാൻ അണ്ണാ ഡിഎംകെ, ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെ സഹകരണം ബിജെപി തേടിയിരുന്നെങ്കിലും ഇത് ഉണ്ടായില്ല. അണ്ണാ ഡി എം വോട്ടെടുപ്പ് ബഹിഷ്കരിച്ചപ്പോൾ ബിജു ജനതാദൾ എതിർത്ത് വോട്ട് ചെയ്തു.

കേ​ന്ദ്രനിയമമന്ത്രി രവിശങ്കർ പ്രസാദാണ്​ ബിൽ അവതരിപ്പിച്ചത്​. മുത്തലാഖ്​ ബിൽ മതത്തിനോ വിശ്വാസങ്ങൾക്കോ എതിരല്ലെന്ന്​ നിയമമന്ത്രി പറഞ്ഞു. സ്​ത്രീകളുടെ അവകാശങ്ങളും നീതിയും ഉറപ്പാക്കുകയാണ്​ ബില്ലിലുടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് ‘ഗൂഢ ലക്ഷ്യമാണ് ഉളളത്’ എന്ന് പ്രതിപക്ഷം ആരോപിച്ചു. ​ ബിൽ പാർലമെന്റിന്റെ സെലക്​ട്​ കമ്മിറ്റിക്ക്​ വിടണമെന്ന്​ പ്രതിപക്ഷം ആവശ്യപ്പെട്ടു. കോൺഗ്രസ്​ നേതാവ്​ മല്ലികാർജുൻ ഖാർഗെയും തൃണമൂൽ​ കോൺഗ്രസും ഇതേ ആവശ്യ​ത്തിൽ ഉറച്ച്​ നിൽക്കുകയാണ്​. തമിഴ്​നാട്ടിൽ നിന്നുള്ള എ.​ഐ.എ.ഡി.എം.കെ അംഗങ്ങളും മുത്തലാഖ്​ ബില്ലിനെ എതിർക്കുന്ന സമീപനമാണ്​ സ്വീകരിച്ചത്​.

മുസ്ലിം ഭര്‍ത്താക്കന്മാരെ എന്തിനാണ് കേന്ദ്രം ലക്ഷ്യം വെക്കുന്നതെന്ന് എ.ഐ.എ.ഡി.എം.കെ എംപി അന്‍വര്‍ രാജ ചോദിച്ചു. മുസ്ലിം വ്യക്തി നിയമത്തിനും ഇത് എതിരാണെന്നും അദ്ദേഹം ചോദിച്ചു. മുത്തലാഖ് നിരോധിക്കുക എന്നല്ലാതെ മറ്റ് ചോദ്യങ്ങള്‍ക്കൊന്നും ബില്‍ ഉത്തരം പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ മുസ്ലിം സ്ത്രീകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.

‘മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചെന്ന് പരാതിപ്പെട്ട് മുസ്ലിം സ്ത്രീകള്‍ മോദിയെ സമീപിച്ചിരുന്നു. തന്നെ മൊഴി ചൊല്ലിയെന്ന് ഒരു സ്ത്രീ മോദിയോട് പറഞ്ഞു. എല്ലാവരും 21ാം നൂറ്റാണ്ടില്‍ ജീവിക്കുമ്പോള്‍ ദയയ്ക്ക് വേണ്ടി യാചിക്കാനാണോ ഞങ്ങളോട് പറയുന്നതെന്നാണ് ആ സ്ത്രീ മോദിയോട് ചോദിച്ചത്. പ്രതിപക്ഷത്തിന്റെ വിഷമം ഇരകളെ ഓര്‍ത്തല്ല, കുറ്റവാളികളെ ഓര്‍ത്താണ്,’ കേന്ദ്രമന്ത്രി പറഞ്ഞു.
പാർലമെന്റില്‍ മുത്തലാഖ്​ ബില്ലിലുള്ള ചർച്ച ഇപ്പോഴും തുടരുകയാണ്​. ലോക്​സഭയിൽ ഭൂരിപക്ഷമുള്ളതിനാൽ മുത്തലാഖ്​ ബിൽ പാസാക്കാൻ സാധിക്കുമെന്നാണ്​ ബി.ജെ.പിയുടെ പ്രതീക്ഷ.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ