ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിക്കാന്‍ കേന്ദ്രം പുതിയ നിയമനിര്‍മ്മാണം നടത്താന്‍ ഒരുങ്ങുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ മുത്തലാഖ് തടഞ്ഞ് കൊണ്ടുളള പ്രത്യേക ബില്‍ അവതരിപ്പിച്ചേക്കാമെന്ന് കേന്ദ്രം അറിയിച്ചു.

സുപ്രിംകോടതിചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറും ജസ്റ്റിസ് എസ്. അബ്ദുല്‍ നസീറും ആറുമാസത്തിനുള്ളില്‍ പാര്‍ലമെന്റില്‍ പുതിയ നിയമനിര്‍മാണം കൊണ്ടുവരണം എന്നു നിര്‍ദേശിച്ചിരുന്നു. ഒറ്റയിരുപ്പിലെ മുത്തലാഖാണു സുപ്രീംകോടതി റദ്ദാക്കിയത്. സാധാരണവിധത്തിലുള്ള തലാഖിനെ ഇതു ബാധിക്കുന്നില്ല.

മുത്തലാക്ക്, നിക്കാഹ് ഹലാല എന്നിവയ്‌ക്കെതിരെ സ്വമേധയാ എടുത്തത് ഉള്‍പ്പെടെ ഏഴ് ഹര്‍ജികളിന്മേല്‍ വാദം കേട്ടാണ് സുപ്രീ കോടതി മുത്തലാഖ് നിരോധിച്ചത്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ മൂന്നുപേര്‍ മുത്തലാഖിന് വിരുദ്ധമായ നിലപാട് എടുത്തപ്പോള്‍ ചീഫ് ജസ്റ്റിസ് അടക്കം രണ്ടുപേര്‍ മുസ് ലിം വ്യക്തിനിയമത്തിന്റെ ഭാഗമാണെന്ന് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

മുത്തലാഖിന്റെ ഇരയായ ഉത്തരാഖണ്ഡ് സ്വദേശി ശഹറാ ബാനുവിന്റെ ഹര്‍ജിക്കാരിയായ കേസിലായിരുന്നു സുപ്രിംകോടതി മുത്തലാഖ് നിരോധിച്ചത്. മുസ്ലിം വിമണ്‍സ് ക്വസ്റ്റ് ഫോര്‍ ഈക്വാലിറ്റി എന്ന സംഘടനയും, മുത്തലാഖിന്റെ ഇരകളായ നാല് മുസ്ലിം സ്ത്രീകളും പിന്നീട് കക്ഷി ചേര്‍ന്നു. ഇവര്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാരും, കോടതി നിശ്ചയിച്ച അമിക്കസ് ക്യൂറി സല്‍മാന്‍ ഖുര്‍ഷിദും മുത്തലാഖ് നിരോധിക്കണമെന്ന് കോടതിയില്‍ വാദിച്ചപ്പോള്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡും, ജംഇയ്യത്തുല്‍ ഉലമ ഹിന്ദും മാത്രമായിരുന്നു പ്രതിരോധിക്കാനുണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ