ഡൽഹി: മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കിക്കൊണ്ടുളള ബില്ലിൽ ഒരു ഭേദഗതി നിർദേശം പോലും അംഗീകരിക്കാതെ ലോകസഭയിൽ പാസ്സാക്കിയ കേന്ദ്ര സർക്കാരിന് രാജ്യസഭയിൽ അതിന് സാധ്യമായില്ല.

ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്രെ ആവശ്യം അംഗീകരിക്കാൻ ഭരണപക്ഷം തയ്യാറായില്ല. സഭ പിരിഞ്ഞ സാഹചര്യത്തിൽ ഇനി ബജറ്റ് സമ്മേളനത്തിലായിരിക്കും ഈ ബിൽ പരിഗണിക്കാൻ സാധ്യത.

മുത്തലാഖ് പ്രശ്നത്തിൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് രാജ്യ സഭ പിരിഞ്ഞു. ലോക സഭ പാസ്സാക്കിയ ബില്ലിനെ ചൊല്ലി രാജ്യ സഭയിൽ ഭരണപക്ഷവും പ്രതി പക്ഷവും തമ്മിൽ ചൂടേറിയ വാദ പ്രതി വാദങ്ങൾ നടന്നു.

സ്ത്രീ ശാക്തീകരണമാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും, ഈ വിഷയത്തിൽ സർക്കാരിന്റെ നിലപാട് മറ നീക്കി പുറത്തുവന്നുവെന്നും തൃണമൂൽ കോൺഗ്രസ് എം പി ഡെറിക് ഒബ്രിൻ പറഞ്ഞതിനെ മന്ത്രി സ്‌മൃതി ഇറാനി എതിർത്തു. “സ്ത്രീശാക്തീകരണമാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ ഇപ്പോൾ തന്നെ ചർച്ചക്ക് തയ്യാറാകണം,” സ്‌മൃതി ഇറാനി മറുപടി നൽകി.

മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ നേരത്തേ തന്നെ ലോകസഭ പാസാക്കിയിരുന്നു. നിയമ മന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ഭേദഗതി നിർദേശങ്ങൾ വോട്ടിനിട്ട് തളളിയാണ് സഭ ബിൽ പാസ്സാക്കിയത്. നാല് മണിക്കൂർ നേരം നീണ്ട ചർച്ചകൾക്ക് ശേഷമാണ് ലോകസഭയിൽ ബിൽ പാസ്സായത്.

മുത്തലാക്ക് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്നതാണ്  ബിൽ. മുത്തലാക്ക് ചൊല്ലുന്ന പുരുഷനു മൂന്നു വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണു ബില്ലിലുളളത്. വിവാഹ മോചനശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അർഹതയുണ്ടാവും.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ മന്ത്രിതല സമിതി തയ്യാറാക്കിയ ബില്ലാണ് ലോക്‌സഭയിലെത്തിയത്. പുതിയ ബില്ലിനെതിരെ മുസ്‌ലിം വ്യക്തിനിയമ ബോർഡ് ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ