ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസാക്കി. 303 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തപ്പോള്‍ 82 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ബില്‍ പാസാക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭ ബഹിഷ്‌കരിച്ച് ഇറങ്ങി പോയി. തൃണമൂല്‍, ജെഡിയു എംപിമാരും സഭ വിട്ടിറങ്ങി. കേരളത്തില്‍ നിന്നുള്ള സിപിഎം എംപി എ.എം.ആരിഫ്, മുസ്ലീം ലീഗ് എംപിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി. ലോക്‌സഭയില്‍ പാസായ ബില്‍ ഇനി രാജ്യസഭയില്‍ അവതരിപ്പിക്കും. എന്നാല്‍, രാജ്യസഭയില്‍ ബില്‍ പാസാക്കിയെടുക്കുക ബിജെപി സര്‍ക്കാരിന് വെല്ലുവിളിയാണ്. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.

Read Also: ബിജെപിയുടെ വനിതാ എംപിമാരെ വിമാനത്തില്‍ ശബരിമലയിലേക്ക് എത്തിക്കൂ: ഒവൈസി

ബിൽ അവതരിപ്പിച്ചുകൊണ്ട് നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞത് ഇങ്ങനെ:

മുത്തലാഖ് നിയമം മതം, വോട്ട് എന്നിവയുമായി ബന്ധപ്പെട്ടതല്ലെന്നും സ്ത്രീ ശാക്തീകരണം മാത്രമാണ് ബില്ലുകൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് നിലവില്‍ ഉള്ളപ്പോള്‍ എന്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖുമായി ബന്ധപ്പെട്ട പുതിയ ബില്‍ കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു. എന്നാല്‍, സുപ്രീം കോടതി വിധി വന്നതിനുശേഷം ഇതുവരെ 345 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇരകളായ സ്ത്രീകളെയെല്ലാം വഴിയില്‍ ഉപേക്ഷിക്കുകയാണോ വേണ്ടതെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു. അങ്ങനെ ചെയ്യാന്‍ താന്‍ രാജീവ് ഗാന്ധി സര്‍ക്കാരിലെ മന്ത്രിയല്ലെന്നും മോദി സര്‍ക്കാരിലെ മന്ത്രിയാണെന്നും രവിശങ്കര്‍ പ്രസാദ് ആഞ്ഞടിച്ചു.

ശക്തമായി എതിർത്ത് പ്രതിപക്ഷം

മുസ്ലീം ഭര്‍ത്താക്കന്‍മാരെ മാത്രം ക്രിമിനലുകള്‍ ആക്കുന്ന തരത്തില്‍ നിയമം കൊണ്ടുവരുന്നത് എന്തിനാണെന്ന് പ്രതിപക്ഷത്തുനിന്ന് ശശി തരൂര്‍ എംപി ചോദിച്ചു. കേരളത്തില്‍ നിന്നുള്ള സിപിഎം എംപി എ.എം.ആരിഫും ബില്ലിനെ എതിര്‍ത്തു.

സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ് മുത്തലാഖ് ബില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്ന ബിജെപി വാദത്തെ എഐഎംഐഎം എംപി അസാദുദീന്‍ ഒവൈസി ചോദ്യം ചെയ്തു. ആള്‍ക്കൂട്ട ആക്രമണത്തിന് എതിരായ ബില്‍ എന്തുകൊണ്ട് ഇതുവരെ സഭയില്‍ കൊണ്ടുവന്നില്ല എന്ന് ഒവൈസി ചര്‍ച്ചയ്ക്കിടെ ചോദിച്ചു. ജെല്ലിക്കെട്ടിന് നിങ്ങള്‍ നിയമനിര്‍മാണം നടത്തി. മുസഫര്‍നഗറില്‍ ഒരു മുസ്ലീം യുവതി പീഡിപ്പിക്കപ്പെട്ടപ്പോള്‍ എന്തുകൊണ്ട് ശക്തമായ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഒവൈസി ചോദിച്ചു. ശബരിമലയെ കുറിച്ചും ചര്‍ച്ചയില്‍ പരാമര്‍ശമുണ്ടായി. നിങ്ങള്‍ക്ക് സ്ത്രീകളോട് എന്തെങ്കിലും ബഹുമാനമുണ്ടെങ്കില്‍ എല്ലാ ബിജെപി വനിതാ എംപിമാരെയും പ്രത്യേക വിമാനത്തില്‍ ശബരിമലയിലേക്ക് എത്തിക്കൂ എന്നും ഒവൈസി ലോക്‌സഭയില്‍ പറഞ്ഞു.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ഈ ബില്‍. മൂന്ന് വര്‍ഷം വരെ പുരുഷന്‍ ജയിലില്‍ കിടക്കേണ്ടി വരും. ഇത് ക്രിമിനല്‍ ചട്ടങ്ങളുടെ ലംഘനമാണെന്നും ഒവൈസി ചര്‍ച്ചക്കിടെ പറഞ്ഞു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook