ന്യൂഡൽഹി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ലോകസഭ പാസാക്കി,  നിയമ മന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്രെ ഭേദഗതി നിർദേശങ്ങൾ വോട്ടിനിട്ട് തളളിയാണ് സഭ ബിൽ പാസ്സാക്കിയത്. നാല് മണിക്കൂർ നേരം നീണ്ട ചർച്ചകൾക്ക് ശേഷമാണ് ബിൽ പാസ്സായത്.

കേരളത്തിൽ നിന്നുളള സി പി എമ്മിന്രെ എം പിയായ എ സമ്പത്ത്, ആർ എസ് പി എംപി യായ എൻ കെ പ്രേമചന്ദ്രൻ എന്നിവർ ബില്ലിൽ ഭേദഗതി നിർദേശിച്ചിരുന്നുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല. സമ്പത്തിന് പുറമെ കോൺഗ്രസിന്രെ സുസ്മിത ദേവ്, അസാദുദ്ദീൻ ഉവൈസി, ഭർതൃുഹരി മഹതാബ് എന്നിവരുടെ ഭേദഗതികളും അംഗീകരിക്കപ്പെട്ടില്ല. ഏകപക്ഷീയ നിലപാട് എന്ന് ആരോപിച്ച് മുസ്‌ലിം ലീഗ് എം പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എന്നിവർ ഇറങ്ങിപ്പോയി.

മുസ്‌ലിം സ്ത്രീകളുടെ അന്തസ് ഉയർത്തിപ്പിടിക്കുന്നതാണ് ബില്ലെന്നും ചരിത്ര ദിനമാണെന്നും ബിൽ അവതരിപ്പിച്ച  മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ എതിർപ്പ് തള്ളിയാണ് മന്ത്രി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. ബിൽ അവതരിപ്പിക്കുന്നതിനെ സിപിഎം, കോൺഗ്രസ്, ആർജെഡി എന്നീ കക്ഷികൾ എതിർത്തു. പ്രതിപക്ഷത്തിന്റെ എതിർപ്പിനെ ശബ്ദവോട്ടോടെ നേരത്തെ  ലോക്‌സഭ തളളി.ബിൽ പാസ്സാക്കി സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. ബിൽ ഇനി രാജ്യസഭ പരിഗണിക്കും.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ മന്ത്രിതല സമിതി തയ്യാറാക്കിയ ബില്ലാണ് ലോക്‌സഭയിലെത്തിയത്. പുതിയ ബില്ലിനെതിരെ മുസ്ലീം വ്യക്തിനിയമ ബോർഡ് ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്.

ഒറ്റയടിക്കു മൂന്നു തവണ തലാഖ് ചൊല്ലുന്നതു നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബിൽ. മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നു വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണു ബില്ലിലുളളത്. വിവാഹ മോചനശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അർഹതയുണ്ടാവും.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ