ന്യൂഡല്‍ഹി: ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ലോക്സഭയില്‍ ആഞ്ഞടിച്ച് പൊന്നാനി എംപി ഇ.ടി.മുഹമ്മദ് ബഷീര്‍. കഴിഞ്ഞ ദിവസം മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കുമ്പോഴായിരുന്നു ഇ.ടി.മുഹമ്മദ് ബഷീര്‍ ബിജെപിക്കെതിരെ രൂക്ഷമായി പ്രസംഗിച്ചത്. മുസ്ലിം സമുദായത്തെ ഭയപ്പെടുത്തി നിര്‍ത്താമെന്ന് നിങ്ങള്‍ വിചാരിക്കേണ്ട എന്ന് ഇടി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നോക്കിയായിരുന്നു ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രസംഗം.
മുസ്ലിം സമുദായത്തെ എക്കാലത്തും പേടിപ്പിച്ചു നിർത്താമെന്ന് നിങ്ങള്‍ വ്യാമോഹിക്കേണ്ടതില്ല. നിങ്ങളുടെ ദുഷ്പ്രചരണങ്ങളെ ഞങ്ങള്‍ ശക്തിയായിതന്നെ എതിര്‍ക്കും. എതിര്‍ത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും. നിങ്ങൾ മുസ്ലിം സമുദായത്തെ ലക്ഷ്യം വച്ചിരിക്കുകയാണ്. ഭയപ്പെടുത്തി നിർത്താമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്. എന്നാൽ, അത് നടക്കാൻ പോകുന്നില്ല. അതിനെയെല്ലാം ഞങ്ങൾ എതിർത്ത് തോൽപ്പിക്കുക തന്നെ ചെയ്യും – ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു.
Read Also: ബിജെപിയുടെ വനിതാ എംപിമാരെ വിമാനത്തില്‍ ശബരിമലയിലേക്ക് എത്തിക്കൂ: ഒവൈസി
ആള്‍കൂട്ട കൊലപാതകത്തിന്റെ ഫലമായി അച്ഛനും അമ്മയും സഹോദരനും നഷ്ടപ്പെട്ട സഹോദരിയുടെ സങ്കടം കാണാന്‍ സർക്കാർ പോകുന്നില്ല. 2018 വര്‍ഷത്തില്‍ മാത്രം 27 സഹോദരന്മാര് കൊല്ലപ്പെട്ടു. ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ നിയമ നിര്‍മാണം നടത്തണമെന്ന് സുപ്രീം കോടതി മാര്‍ഗനിര്‍ദേശം നല്കിയിട്ടുപോലും സര്‍ക്കാര്‍ ഒരു ചെറുവിരല്‍ അനക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ലോക്സഭയിൽ ചോദിച്ചു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണ്. ഇവിടെ മുസ്ലിങ്ങള്‍ക്കിടയില്‍ നടക്കുന്ന വിവാഹമോചനങ്ങള്‍ 2011 ലെ സെന്‍സസ് പ്രകാരം 0.5 ശതമാനം മാത്രമാണ്. ഇതില്‍ തന്നെ മുത്തലാഖുകളുടെ എണ്ണം വളരെ നിസാരമാണ്. ഇത്തരം കള്ള കഥകൾ കെട്ടിച്ചമച്ചാല്‍ അതിന് അധികം ആയുസ് ഉണ്ടാവകുയില്ലെന്ന് മനസിലാക്കണമെന്നും മുത്തലാഖ് ബില്ലിനെ എതിർത്ത് ഇ.ടി.മുഹമ്മദ് ബഷീർ കൂട്ടിച്ചേർത്തു.
അതേസമയം, മുത്തലാഖ് ബിൽ ഇന്നലെ ലോക്സഭയിൽ പാസാക്കി. 303 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തപ്പോള്‍ 82 പേര് എതിര്‍ത്ത് വോട്ട് ചെയ്തു. ബില്‍ പാസാക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭ ബഹിഷ്കരിച്ച് ഇറങ്ങി പോയി. തൃണമൂല്‍, ജെഡിയു എംപിമാരും സഭ വിട്ടിറങ്ങി. കേരളത്തില്‍ നിന്നുള്ള സിപിഎം എംപി എ.എം.ആരിഫ്, മുസ്ലിം ലീഗ് എംപിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി. ലോക്സഭയില്‍ പാസായ ബില്‍ ഇനി രാജ്യസഭയില്‍ അവതരിപ്പിക്കും. എന്നാല്‍, രാജ്യസഭയില്‍ ബില്‍ പാസാക്കിയെടുക്കുക ബിജെപി സര്‍ക്കാരിന് വെല്ലുവിളിയാണ്. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.
മുത്തലാഖ് നിയമം മതം, വോട്ട് എന്നിവയുമായി ബന്ധപ്പെട്ടതല്ലെന്നും സ്ത്രീ ശാക്തീകരണം മാത്രമാണ് ബില്ലുകൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയില്‍ പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് നിലവില്‍ ഉള്ളപ്പോള്‍ എന്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖുമായി ബന്ധപ്പെട്ട പുതിയ ബില്‍ കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു. എന്നാല്‍, സുപ്രീം കോടതി വിധി വന്നതിനുശേഷം ഇതുവരെ 345 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇരകളായ സ്ത്രീകളെയെല്ലാം വഴിയില്‍ ഉപേക്ഷിക്കുകയാണോ വേണ്ടതെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു. അങ്ങനെ ചെയ്യാന്‍ താന്‍ രാജീവ് ഗാന്ധി സര്‍ക്കാരിലെ മന്ത്രിയല്ലെന്നും മോദി സര്‍ക്കാരിലെ മന്ത്രിയാണെന്നും രവിശങ്കര്‍ പ്രസാദ് ആഞ്ഞടിച്ചു.