ന്യൂഡൽഹി: മുത്തലാഖ് അംഗീകരിക്കാതിരിക്കാനുളള അവകാശം മുസ്‌ലിം സ്ത്രീകൾക്ക് നൽകാനാകുമോയെന്ന് സുപ്രീംകോടതി. മുത്തലാഖ് വിഷയത്തില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനോട് കോടതി ഇക്കാര്യം ചോദിച്ചത്. മുത്തലാഖ് പാപമാണെന്ന് വ്യക്തമാക്കി പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതിയുടെ ഏത് നിര്‍ദേശവും അംഗീകരിക്കാന്‍ തയാറാണെന്നും ബോര്‍ഡ് വ്യക്തമാക്കി. മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതിയില്‍ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ വാദം പൂര്‍ത്തിയായി.

മുത്തലാഖിൽ മാറ്റം വരണമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡിനും താൽപര്യമുണ്ട്. എന്നാൽ ആ മാറ്റം പുറമേ നിന്ന് അടിച്ചേൽപ്പിക്കുന്നതല്ല, സ്വയം ഉണ്ടാവേണ്ടതാണെന്നും ബോർഡിനു വേണ്ടി അഭിഭാഷകൻ കപിൽ സിബൽ ഇന്നലെ വാദിച്ചിരുന്നു. മുസ്‌ലിം സമൂഹം 1400 വർഷമായി പിന്തുടരുന്ന നിയമങ്ങളിൽ ഉൾപ്പെട്ടതാണു മുത്തലാഖ്. അതിനെ ഇസ്‌ലാം വിരുദ്ധമാണെന്നു മുദ്ര കുത്തുന്നതു ശരിയല്ല. മുത്തലാഖ് നല്ല ആചാരമാണെന്നു പറയുന്നില്ലെന്നുമായിരുന്നു കപിൽ സിബലിന്റെ വാദം.

മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലാണ് സുപ്രീംകോടതി വാദം കേൾക്കുന്നത്. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. ജഡ്ജിമാരായ കുര്യന്‍ ജോസഫ്, യു.യു.ലളിത്, ആര്‍.എഫ്.നരിമാന്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റംഗങ്ങള്‍. മുത്തലാഖ് മുസ്‌ലിം മതവിശ്വാസവുമായി ബന്ധപ്പെട്ട അവകാശമാണോ എന്നതാണ് വാദങ്ങളിൽ പരിശോധിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ