ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ അഞ്ച് മുതിര്‍ന്ന ജഡ്ജിമാര്‍ അടങ്ങിയ ബഞ്ചാണ് മുത്തലാഖ് കേസ് പരിഗണിച്ചത്. മൂന്ന് തവണ തലാഖ് ചൊല്ലി കൊണ്ടുളള വിവാഹമോചനം ഭരണഘടനാ വിരുദ്ധവും പാപവുമാണെന്നാണെന്നായിരുന്നു സുപ്രിംകോടതി പ്രസ്താവിച്ചത്. കേസ് പരിഗണിച്ച ബെഞ്ചിലെ അഞ്ച് ജഡ്ജിമാരും അഞ്ച് വ്യത്യസ്ഥ മതവിഭാഗങ്ങളില്‍ വിശ്വസിക്കുന്നവരാണ്.

ഭരണഘടനാ ബെഞ്ചിലെ മൂന്ന് ജഡ്ജിമാരാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന നിലപാടെടുത്തത്. ഇതില്‍ കുര്യന്‍ ജോസഫ് കൃസ്ത്യന്‍ സമുദായത്തിലും, റോഹില്‍ടണ്‍ നരിമാന്‍ പാഴ്സി സമുദായത്തില്‍ നിന്നുളളയാളും, യുയു ലളിത് ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നയാളുമാണ്.
സിഖ് സമുദായത്തില്‍ നിന്നുളള ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍, മുസ്ലിം സമുദായത്തില്‍ നിന്നുളള അബ്ദുള്‍ നസീര്‍ എന്നിവര്‍ വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

മുത്തലാഖ് നിരോധിക്കാൻ ആവശ്യമെങ്കിൽ ആറുമാസത്തിനകം നിയമനിർമാണം നടത്തണമെന്നു ജഡ്ജിമാരായ ജെ.എസ്. കേഹാറും ജസ്റ്റിസ് എസ്. അബ്ദുൽ നസീറും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഭരണഘടനയുടെ 14, 15, 21, 25 അനുച്ഛേദങ്ങൾ മുത്തലാഖ് ലംഘിക്കുന്നില്ല. മുത്തലാഖ് ആയിരം വർഷത്തിലധികമായി സുന്നി വിഭാഗത്തിന്റെ ഭാഗമാണെന്നും മുസ്‌ലിം വ്യക്തിനിയമത്തിന്റെ പരിധിയിൽപ്പെടുന്നതാണെന്നും ഇരുവരും വിലയിരുത്തി.

പുതിയ നിയമം നിലവിൽ വരുന്നതുവരെ ആറുമാസത്തേക്കു മുത്തലാഖിനു വിലക്കും ഏർപ്പെടുത്തി. ആറുമാസത്തിനുള്ളിൽ നിയമനിർമാണം നടത്തിയില്ലെങ്കിൽ ഈ വിലക്കു തുടരും. മുസ്‌ലിം വ്യക്തിനിയമം മനസ്സിലാക്കി വേണം നിയമനിർമാണം നടത്തേണ്ടതെന്നും രാഷ്ട്രീയ പാർട്ടികൾ വ്യത്യാസങ്ങൾ മാറ്റിവച്ച് നിയമനിർമാണത്തിനു കേന്ദ്രത്തിനു പിന്തുണ നൽകണമെന്നും ഇരുവരും വിധിന്യായത്തിൽ ആവശ്യപ്പെട്ടു.

മുസ്‌ലിങ്ങളുടെ വിശ്വാസത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഭാഗമാണ് മുത്തലാഖ് എന്നായിരുന്നു ചീഫ് ജസ്റ്റീസിന്‍റെ വിയോജന കുറിപ്പ്. മതപരമായ വിഷയത്തിൽ സുപ്രീംകോടതി ഇടപെടുന്നതിനെക്കാൾ ഉചിതം പാർലമെന്‍റ് ഇടപെടുന്നതാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ