ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയിത്രയുടെ പ്രശസ്തമായ പാര്‍ലമെന്റ് പ്രസംഗം കോപ്പിയടി ആണെന്ന പ്രചരണം തളളി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മാര്‍ട്ടിന്‍ ലോങ്മാന്‍ രംഗത്ത്. ഇദ്ദേഹം 2017ല്‍ ഡോണള്‍ഡ് ട്രംപിന് എതിരെ എഴുതിയ ‘ഫാസിസത്തിന്റെ 12 സൂചകങ്ങള്‍’ എന്ന ലേഖനം കോപ്പിയടിച്ചാണ് മോയിത്ര പ്രസംഗം തയ്യാറാക്കിയതെന്നാണ് ചിലമ മാധ്യമങ്ങളും വലതുപക്ഷ ശക്തികളും പ്രചരിപ്പിച്ചത്. എന്നാല് തന്റെ ലേഖനം മോയിത്ര കോപ്പി അടിച്ചിട്ടില്ലെന്ന് ലോങ്മാന്‍ തന്നെ പറഞ്ഞു.

അഡോൾഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ ജർമൻ നാസികൾ ചെയ്ത കൂട്ടക്കൊലകളെ കുറിച്ച് പ്രതിപാദിക്കുന്ന ഹോളോകോസ്റ്റ് മ്യൂസിയത്തിലലെ പോസ്റ്ററുകളെ കുറിച്ച് പ്രസംഗത്തില്‍ മോയിത്ര പരാമര്‍ശിച്ചിരുന്നു. ഇത് അതേപടി ലോങ്മാന്റെ ലേഖനത്തില്‍ നിന്ന് കോപ്പി അടിച്ചെന്നായിരുന്നു ആരോപണം. ഇത് നിഷേധിച്ച് മോയിത്ര തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ മോയിത്രയെ തെറ്റായി ലക്ഷ്യം വെക്കുകയാണെന്ന് ലോങ്മാന്‍ അറിയിച്ചു. ‘ഇന്ത്യന്‍ ഇന്റര്‍നെറ്റില്‍ ഞാന്‍ ഇപ്പോള്‍ അറിയപ്പെടുന്ന വ്യക്തിയാണ്. കാരണം എന്റെ ലേഖനം കോപ്പിയടിച്ചെന്ന് തെറ്റായി ആരോപിച്ച് ഒരു രാഷ്ട്രീയക്കാരിയെ ലക്ഷ്യം വെക്കുകയാണ്. വളരെ തമാശയായി തോന്നുന്നു, പക്ഷെ വലതു പക്ഷ വിഡ്ഢികള്‍ എല്ലാ രാജ്യത്തും ഒരു പോലെയാണ്,’ ലോങ്മാന്‍ വ്യക്തമാക്കി.

വിയോജിക്കാനുള്ള അവകാശത്തെ മോദി സർക്കാർ എങ്ങനെ അടിച്ചമർത്തിയെന്ന് എണ്ണിയെണ്ണിപ്പറഞ്ഞ മഹുവ മോയിത്ര ഇന്ന് ലോക്‌സഭയിൽ തീപ്പൊരി പ്രസംഗമാണ് നടത്തിയത്. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്ന് അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മഹുവ മോയിത്ര വിജയിച്ചത്.തന്‍റെ വാദങ്ങളെ ഓരോന്നായി അക്കമിട്ട് നിരത്തി, അതിനെ ഏറ്റവും അനുയോജ്യമായ വിധത്തിൽ വിശദീകരിച്ച്, ഒഴുക്ക് വിടാതെ മഹുവ പറഞ്ഞുവെച്ചു. കയ്യുയർത്തിയും പരിഹസിച്ചും അവഗണിച്ചും അവരെ നിശബ്ദയാക്കാൻ സഭയിൽ വലിയ ശ്രമമുണ്ടായെങ്കിലും ഒരിടത്ത് പോലും തളർന്നില്ല തൃണമൂൽ കോൺഗ്രസിന്‍റെ യുവ എംപി.
ജൂണ്‍ 23ന് പാര്‍ലമെന്‍റിലെ മോയിത്രയുടെ പത്തുമിനിറ്റുള്ള കന്നി പ്രസംഗത്തിന്‍റെ വീഡിയോ വൈറലായി മാറിയിരുന്നു. പുതിയ ലോക്സഭയുടെ ആദ്യ സമ്മേളനത്തിനിടെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം പാസ്സാക്കുന്നതിനിടെ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരുടെ വാക്ധോരണികള്‍ക്കിടയിൽ വേറിട്ട ശബ്ദമായാണ് പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്നുള്ള തൃണമൂൽ കോൺഗ്രസ് അംഗമായ മഹുവ മോയിത്ര കൈയ്യടി നേടിയത്.

Read More: National News

അരലക്ഷത്തിലേറെ ഭൂരിപക്ഷത്തിൽ ജയിച്ച് പാര്‍ലമെന്‍റിലെത്തിയ മഹുവ അക്ഷരാര്‍ത്ഥത്തിൽ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷത്തിന്‍റെയാകെയുള്ള ശബ്ദമായി മാറുകയായിരുന്നു. ഈയടുത്ത കാലത്തൊന്നും ഇത്രയേറെ ശക്തിമത്തായൊരു പാര്‍ലമെന്‍റ് പ്രസംഗം ഒരു എം.പിയും നടത്തിയിട്ടില്ലെന്നാണ് പ്രമുഖരായ രാഷ്ട്രീയ നിരീക്ഷകരുള്‍പ്പെടെ വിലയിരുത്തിയിരിക്കുന്നത്. ലോക്സഭയുടെ നന്ദി പ്രമേയ ചര്‍ച്ച മഹുവയുടെ ഈ പ്രസംഗത്തിന്‍റെ പേരിലായിരിക്കും ഏവരും ഓര്‍ക്കുകയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞിരിക്കുകയാണ്.

എൻഡിഎയെ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തുകൊണ്ടുള്ള ജനവിധി അംഗീകരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് പൊതുവെയുള്ള സാധാരണ പ്രസംഗമായി തുടങ്ങിയ കന്നിപ്രസംഗം പിന്നീട് രൂക്ഷവിമര്‍ശനങ്ങളുമായി കത്തികയറുകയായിരുന്നു. 10 മിനിറ്റ് മാത്രം നീണ്ട പ്രസംഗത്തിൽ വിയോജിപ്പിന്‍റെ ശബ്ദം കേൾക്കാൻ നിങ്ങള്‍ തയ്യാറാവണമെന്ന് പറഞ്ഞു കൊണ്ടായിരുന്നു ബിജെപിക്കെതിരെയായുള്ള തന്‍റെ വാക് ശരങ്ങള്‍ അവര്‍ തൊടുത്തുവിട്ടത്.

ഇതുവരെയില്ലാത്ത വിധം ഏറെ ഭ്രാന്തവും അപകടകരവുമായ വിധം ദേശീയതാ വാദത്തിലേക്ക് രാജ്യം പോയിക്കൊണ്ടിരിക്കുകയാണ്. ദേശീയ ബോധം ജനങ്ങളെ ഒന്നിപ്പിക്കുന്നതാകേണ്ടതാണ്. പക്ഷേ ദൗര്‍ഭാഗ്യവശാൽ അവരെ വിഭജിക്കുന്ന ഒരു ദേശീയതയിലേക്കാണ് നിങ്ങൾ രാജ്യത്തെ കൊണ്ട് പോയിക്കൊണ്ടിരിക്കുന്നത്.
അര നൂറ്റാണ്ടിലധികമായി ഇന്ത്യയിൽ ജീവിക്കുന്ന മനുഷ്യരോടുള്‍പ്പെടെ അവരുടെ പൗരത്വം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്ന സ്ഥിതിയാണ്. എന്നാൽ നിങ്ങളിൽ ചില ഭരണാധികാരികള്‍ സ്വന്തം വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന കോളേജ് സർട്ടിഫിക്കറ്റ് പോലും ഹാജരാക്കാൻ കഴിയാത്തവരാണെന്ന് മറക്കരുത്.

കഴിഞ്ഞ 5 വര്‍ഷത്തെ ഭരണകാലയളവിൽ ഇന്ത്യ കണ്ട കൊലപാതകങ്ങളിൽ ഭൂരിഭാഗവും നിങ്ങള്‍ പാകിയ വിദ്വേഷ രാഷ്ട്രീയത്തിന്‍റെ ഫലമായി ഉണ്ടായതാണ്. മാധ്യമങ്ങളെ മുഴുവൻ നിങ്ങള്‍ വിലയ്‍ക്കെടുത്തിരിക്കുകയാണ്. അതിനാൽ പ്രതിഷേധ ശബ്ദങ്ങളെ മാധ്യമങ്ങള്‍ വിഴുങ്ങുകയാണ്. വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ടാണ് നിങ്ങള്‍ തിരഞ്ഞെടുപ്പ് ജയിച്ചത്.

ഇന്ത്യ ഫാസിസ്റ്റ് രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മള്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ ഈ രാജ്യത്തിന്‍റെ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കണമോ അതോ ഭരണഘടനയുടെ ശവസംസ്കാര കര്‍മ്മത്തിന് സാക്ഷ്യം വഹിക്കണമോയെന്നുള്ള ചോദ്യവും അവര്‍ ഉന്നയിക്കുകയുണ്ടായി. ഒടുവിൽ സഭീ കാ ഖൂൻ ഹേ ശാമിൽ യഹാ കാ മിട്ടീ മേ .. കിസീ കാ ബാപ് കാ ഹിന്ദുസ്ഥാൻ തോഡീ ഹേ എന്നുള്ള രണ്ടുവരി കവിത പാടിക്കൊണ്ട് ബിജെപി സര്‍ക്കാരോടുള്ള രോഷം മുഴുവൻ അവര്‍ പ്രകടമാക്കിയാണ് പ്രസംഗം അവസാനിപ്പിച്ചത്. ഈ രാജ്യത്തെ എല്ലാ വിഭാഗം പ്രതിനിധാനം ചെയ്യുന്ന ജനങ്ങളുടേയും രക്തകണങ്ങൾ അലിഞ്ഞുചേര്‍ന്ന മണ്ണാണിത്. അല്ലാതെ ഹിന്ദുസ്ഥാൻ ആരുടേയും പിതൃ സ്വത്തല്ല എന്നാണ് ആ വരികള്‍ അര്‍ത്ഥമാക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook