കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത്ത് ബിശ്വാസ് വെടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും ബിശ്വാസിനെ പിന്നില്‍ നിന്ന് വെടിവയ്ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
നദിയ ജില്ലയിലെ കൃഷ്ണഗഞ്ച് നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു ബിശ്വാസ്. സരസ്വതി പൂജ ആഘോഷങ്ങള്‍ക്കിടയിലാണ് വെടിയേറ്റത്. സാംസ്‌കാരികാഘോഷം നടക്കുന്ന വേദിയിലേക്ക് ബിശ്വാസ് കയറിയ ഉടന്‍ അക്രമികള്‍ വെടിയുതിര്‍ത്തു.
സംഭവത്തിനു പിന്നില്‍ ബിജെപിയും മുകുള്‍ റോയിയുമാണെന്നാണ് തൃണമൂല്‍ ആരോപിക്കുന്നത്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടെ സമീപകാലത്ത് ബിജെപി ജനസ്വാധീനം വർധിപ്പിച്ചിരുന്നു. തൃണമൂലും ബിജെപിയും തമ്മില്‍ സംഘര്‍ഷവും ഇവിടെ പതിവായിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ സംഘര്‍ഷത്തിന്റെ തന്നെ ഇരയാണ് ബിശ്വാസ് എന്ന് ബിജെപി തിരിച്ചടിച്ചു.