കൊല്‍ക്കത്ത: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം. പാര്‍ട്ടി അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ വസതിയില്‍ ഒരു മണിക്കൂര്‍ നീണ്ട യോഗത്തിനൊടുവിലാണു തീരുമാനം.
തിരഞ്ഞെടുപ്പില്‍ മുന്‍ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെ എന്‍ ഡി എ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി. പ്രതിപക്ഷ പാര്‍ട്ടികള്‍ മാര്‍ഗരറ്റ് ആല്‍വയെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്ത രീതിയില്‍ പ്രതിഷേധിച്ചാണു തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം.
”പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരിക്കെ എപ്പോഴും സംസ്ഥാനത്തിനു തുരങ്കം വയ്ക്കാന്‍ ശ്രമിച്ച ജഗ്ദീപ് ധന്‍ഖറിനെ ഞങ്ങള്‍ക്കു പിന്തുണയ്ക്കാനാവില്ല. ആശയപരമായി അദ്ദേഹത്തിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. മറുവശത്ത്, പ്രതിപക്ഷ പാര്‍ട്ടികള്‍ മാര്‍ഗരറ്റ് ആല്‍വയെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തു. എന്നാല്‍ അവര്‍ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്ത നടപടി ശരിയായില്ല. ടിഎംസിക്ക് 35 എംപിമാരുള്ളപ്പോള്‍ മമത ബാനര്‍ജിയെപ്പോലുള്ള മുതിര്‍ന്ന നേതാക്കളുമായി ആലോചിക്കാതെയാണ് അവര്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. അതിനാല്‍, ഞങ്ങളുടെ 85 ശതമാനം എംപിമാരുടെയും അഭിപ്രായം സ്വീകരിച്ച ശേഷം, ഞങ്ങള്‍ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു,” തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി പറഞ്ഞു.
എംപിമാരുടെ യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം, തങ്ങളുടെ നീക്കം ബി ജെ പിയെ സഹായിക്കുമെന്ന വാദത്തെ അഭിഷേക് തള്ളി.
”ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്നത് പ്രതിപക്ഷ ഐക്യത്തിന് തടസമാകില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം വികസിപ്പിക്കാനുള്ള ശ്രമങ്ങളില്‍, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ തിരഞ്ഞെടുക്കാന്‍ കഴിയുമായിരുന്നിട്ടും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കു മാത്രമാണു ഞങ്ങള്‍ പോയത്. ബി ജെ പിക്കെതിരെ തെരുവില്‍ പോരാടുന്ന ഏക പാര്‍ട്ടി തങ്ങളാണ്,” അദ്ദേഹം പറഞ്ഞു.