മുംബൈ: കഴിഞ്ഞ മാസം ബെംഗളൂരുവിലെ വസതിയില്‍ വച്ച് വധിക്കപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ അഭിപ്രായപ്പെട്ട് ബോംബൈ ഹൈക്കോടതിയും. “എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന രീതി അപകടകരമെന്നു” പറഞ്ഞ കോടതി. രാജ്യത്ത് ലിബറല്‍ മൂല്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒരു ബഹുമാനവും ഇല്ലെന്നും കൂട്ടിച്ചേര്‍ത്ത്..

യുക്തിവാദികളായ നരേന്ദ്ര ദാഭോല്‍കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു അവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജി കേള്‍ക്കുകയായിരുന്നു ബോബൈ ഹൈകോടതി. ജസ്റ്റിസ് എസ്സി ധര്‍മാധികാറി, വിഭാ കങ്കന്‍വാഡി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ ആണ് കേസ് കേള്‍ക്കുന്നത്.

” കൂടുതല്‍ പേര്‍ ലക്ഷ്യംവെക്കപ്പെടുമോ ? ലിബറല്‍ മൂല്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും യാതൊരു ബഹുമാനവുമില്ല. ലിബറല്‍ മൂല്യങ്ങള്‍ വച്ചുപുലര്‍ത്തുന്നവര്‍ അതിന്‍റെ പേരില്‍ നിരന്തരം ലക്ഷ്യംവെക്കപ്പെടുകയാണ്. ചിന്തകര്‍ മാത്രമല്ല. ലിബറല്‍ ആശയങ്ങളില്‍ വിശ്വസിക്കുന്ന ഏതൊരു വ്യക്തിയും സംഘടനയും ഇതേപോലെ ലക്ഷ്യംവെക്കപ്പെടുന്നു. എനിക്കെതിരെ എതിര്‍പ്പുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ ഉന്മൂലനം ചെയ്യണം എന്ന സ്ഥിതിവിശേഷമാണിത്” ജസ്റ്റിസ് ധര്‍മാധികാറി നിരീക്ഷിച്ചു.

” എതിര്‍ ശബ്ദങ്ങളെ ഉന്മൂലനം ചെയ്യുന്ന ഈ രീതി അപകടകരമാണ്. ഇത് രാജ്യത്തിനെക്കുറിച്ച് ഒരു മോശം കാഴ്ചപ്പാട് ഉണ്ടാക്കികൊടുക്കുന്നു.” ബെഞ്ച്‌ പറഞ്ഞു.

2013 ഓഗസ്റ്റ്‌ 20നാണ് ദാഭോല്‍കര്‍ പുനൈയിലെ വസതിയില്‍ വച്ച് വധിക്കപ്പെടുന്നത്. ഗോവിന്ദ് പന്‍സാരെക്ക് നേരെ 2015 ഫിബ്രവരി 16നു വെടിയുതിര്‍ക്കപ്പെട്ടുവെങ്കിലും അദ്ദേഹം മരണപ്പെടുന്നത് നാലുദിവസങ്ങള്‍ക്ക് ശേഷമാണ്. രണ്ടു കേസുകളിലും സിബിഐയും മഹാരാഷ്ട്ര സിഐഡികളും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

” നിങ്ങളുടെ പരിശ്രമങ്ങൾ യഥാർഥമാണെങ്കിലും, പ്രധാന കുറ്റാരോപിതർ ഇന്നും ഒളിവിലാണ്” കോടതി പറഞ്ഞു. ” ഓരോ തവണ കോടതി ചേരുമ്പോഴും സമാനമനസ്കരായ ഓരോ വിലപ്പെട്ട ജീവനും പോലിയുകയാണ്.. സമാനമനസ്കയായൊരു വ്യക്തി ബാംഗളൂരില്‍ വധിക്കപ്പെട്ടിരിക്കുന്നു” കോടതി പറഞ്ഞു.

സെപ്റ്റംബര്‍ അഞ്ചിനാണ് ബെംഗളൂരുവിലെ വസതിയില്‍ വച്ച് ഗൗരി ലങ്കേഷിനുനേരെ അജ്ഞാതര്‍ നിറയൊഴിക്കുന്നത്.

ഭാവിയില്‍ കൂടുതല്‍ പേര്‍ നിലപാടുകളുടെയും വിശ്വാസങ്ങളുടെയും പേരില്‍ കൊല്ലപ്പെടില്ലെന്ന് എന്താണ് ഉറപ്പ് എന്നും ബെഞ്ച്‌ ആരാഞ്ഞു. ” കുറ്റാരോപിതരായ വ്യക്തിക്കോ സംഘടനയ്‌ക്കോ കരുത്തുവച്ചതായാണ് അനുഭവപ്പെടുന്നത് എങ്കില്‍ അന്വേഷണ ഏജന്‍സികള്‍ അതൊരു വെല്ലുവിളിയായി കാണേണ്ടതാണ്. ” കോടതി പറഞ്ഞു.

അന്വേഷണ ഏജന്‍സികള്‍ അവരുടെ അന്വേഷണരീതികളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട കോടതി ആവശ്യമെങ്കില്‍ സാങ്കേതികവിദ്യകളും ഉപയോഗിക്കണം എന്നും പറഞ്ഞു. ” അവര്‍ക്ക് സംഘടനാപരമായ പിന്തുണയും ഫണ്ടുകളും സാങ്കേതിക സഹായവും ആയുധശേഖരവും ഉണ്ട്” കോടതി പറഞ്ഞു.

ദാഭോല്‍ക്കറിനു നേരെയുണ്ടായ അക്രമത്തില്‍ പങ്കാളികളെന്നു സിബിഐ കണ്ടെത്തിയ സാരങ്ങ് അകോല്‍കര്‍, വിനയ് പവാര്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. സനാതന്‍ സന്‍സ്ഥ എന്ന തീവ്രഹിന്ദു സംഘടനയുടെ പ്രവര്‍ത്തകരാണ് ഇരുവരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ