ബ്രിഡ്ജ്‌വാട്ടർ (ഇംഗ്ലണ്ട്): 500 വർഷമായി മണ്ണിൽ പുതഞ്ഞു കിടന്നിരുന്ന മോതിരം കണ്ടെത്തി. സോമർസെറ്റിലെ ഗ്ലാസ്റ്റൺബെറിയിലുളള കർഷകന്റെ പാടത്തിൽ നിന്നാണ് ഫാക്ടറി ജോലിക്കാരനായ ബെൻ ബിഷപ്പിന് മോതിരം കിട്ടിയത്.

ഉപയോഗശൂന്യമായി കിടക്കുന്ന പാടങ്ങളിൽ തിരച്ചിൽ നടത്തുന്നത് ബെൻ ഷോപ്പിന്റെ ഹോബിയാണ്. ഇത്തരത്തിൽ ഇതിനു മുൻപ് നിരവധി ഇടങ്ങളിൽ തിരച്ചിൽ നടത്തിയിട്ടുണ്ട്. പാടത്തിൽ തിരച്ചിൽ നടത്തുന്നതിനു മുൻപ് അവയുടെ ഉടമയുമായി കരാറിലെത്തും. പാടത്തിൽനിന്നും വിലപിടിപ്പുളള എന്തെങ്കിലും ലഭിച്ചാൽ അത് തനിക്കായിരിക്കും സ്വന്തം. ഇത്തരമൊരു കരാർ അനുസരിച്ചാണ് ബെൻ ഗ്ലാസ്റ്റൺബെറിയിലെ പാടത്തിലും തിരച്ചിൽ തുടങ്ങിയത്.

മണ്ണ് ഇളക്കി മാറ്റിയപ്പോഴാണ് തിളങ്ങുന്നതായി എന്തോ കണ്ടത്. പുറത്തെടുത്ത് നോക്കിയപ്പോഴാണ് മോതിരമാണെന്ന് മനസ്സിലായത്. പക്ഷേ മോതിരത്തിന് 500 വർഷം പഴക്കമുണ്ടെന്ന് അപ്പോൾ ബെന്നിന് അറിയില്ലായിരുന്നു.

”വർഷങ്ങളായി പാടങ്ങളിൽ തിരയാറുണ്ട്. ഒരുപാട് വസ്തുക്കൾ കിട്ടിയിട്ടുണ്ട്. പക്ഷേ അവയിൽ പലതും ഉപയോഗശൂന്യമായവ ആയിരുന്നു. ഇവിടെയും അതുപോലെ എന്തെങ്കിലും ആയിരിക്കുക കിട്ടുകയെന്നാണ് കരുതിയത്. പുല്ലുകൾ മാറ്റിയശേഷം കുഴിച്ചു തുടങ്ങി. അപ്പോഴാണ് എന്തോ തിളങ്ങുന്നതായി കണ്ടത്. ചെളി മാറ്റി നോക്കിയപ്പോഴാണ് മോതിരം കണ്ടത്. ആദ്യമായാണ് എനിക്ക് സ്വർണം കിട്ടുന്നത്. ഈ മോതിരം കിട്ടിയപ്പോൾ ഞാൻ ശരിക്കും അതിശയിച്ചുപോയി. അതും കൈയ്യിൽ പിടിച്ച് ഞാൻ 40 മിനിറ്റോളം അവിടെ ഇരുന്നു”, ബെൻ പറഞ്ഞതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

Read More: മണ്ണില്‍ പുതഞ്ഞ് 12 വര്‍ഷം; കാണാതായ വജ്രമോതിരം തിരികെ കൊണ്ടുവന്നത് ഒരു കാരറ്റ്

രണ്ടു ഗരുഡന്റെ തലകൾ ആലേഖനം ചെയ്ത മോതിരത്തിന് ഏകദേശം 500 വർഷം പഴക്കമുണ്ട്. 1550-1650 കാലഘട്ടങ്ങളിലുളളതാണ് മോതിരം. ”മോതിരം കണ്ടപ്പോൾ കാലപ്പഴക്കം ഏറെയുളളതാണെന്ന് തോന്നി. മോതിരത്തെക്കുറിച്ച് വിശദമായി പഠനം നടത്തി. ഗരുഡന്റെ തലകൾ ഉളളതിനാലാണ് മോതിരം എലിസബത്ത് I ന്റെ കാലത്തുളളതാണെന്ന് മനസ്സിലായത്”, ബെൻ പറഞ്ഞു.

കഴിഞ്ഞ വർഷം കണ്ടെത്തിയ മോതിരം അടുത്തിടെയാണ് ബെന്നിനു തിരിച്ചു കിട്ടിയത്. ബ്രിട്ടീഷ് മ്യൂസിയം പഠനത്തിനായി ബെന്നിന്റെ കൈയ്യിൽനിന്നും മോതിരം കൊണ്ടുപോയിരുന്നു.

മ്യൂസിയങ്ങൾ ഒന്നും മോതിരം വാങ്ങാൻ തയ്യാറാവാത്തതിനെ തുടർന്നാണ് മോതിരം വീണ്ടും ബെന്നിന്റെ പക്കലേക്ക് തിരിച്ചെത്തിയത്. വരുന്ന സെപ്റ്റംബറിൽ മോതിരം ലേലത്തിൽ വിൽക്കാനൊരുങ്ങുകയാണ് ബെൻ. 17 ഗ്രാം തൂക്കമുളള മോതിരത്തിന് 10,000 പൗണ്ട് (ഏകദേശം 9 ലക്ഷം ഇന്ത്യൻ രൂപ) ലഭിക്കുമെന്നാണ് ബെൻ കരുതുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook