തായ് ഗുഹയിലെ കുട്ടികള്‍ക്ക് വേണ്ടി നമ്മള്‍ കരഞ്ഞു; കൂലിപ്പണിക്കാര്‍ക്ക് വേണ്ടി ചൊല്ലാന്‍ പ്രാര്‍ത്ഥനകളില്ലാതെ ഇന്ത്യ

എലിമാളം പോലെ നീണ്ട് കിടക്കുന്ന വഴികളുളള ഖനിയില്‍ ഒരാഴ്​ചയിലേറെയായി കുടുങ്ങിക്കിടക്കുകയാണ് തൊഴിലാളികള്‍

ന്യൂഡൽഹി: മേഘാലയയിലെ ഖാസി-ജൈന്റിയ ജനങ്ങള്‍ക്ക് ഖനനം പുതിയ കാര്യമല്ല. 2000 വര്‍ഷത്തോളം ഇതിന് പഴക്കമുണ്ട്. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഖാസി മലനിരകളില്‍ ഖനനം തുടങ്ങിയിരുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയത്. കൽക്കരി ഖനിക്കകത്ത്​ കുടുങ്ങിയ 17 തൊഴിലാളികളെ കണ്ടെത്താനുളള ശ്രമം ഇപ്പോഴും തുടരുകയാണ്. അനധികൃതമായി നടത്തിയ ഖനിയിലാണ് തൊഴിലാളികള്‍ അപകടത്തില്‍ പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. യാതൊരു സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെയാണ് തൊഴിലാളികള്‍ ജൈന്റിയ മലനിരകളിലെ ഖനികളില്‍ പണിയെടുക്കുന്നത്. ഇപ്പോള്‍ കുടുങ്ങിക്കിടക്കുമ്പോഴും അവര്‍ക്ക് സുരക്ഷ ഉറപ്പാക്കാനായിട്ടില്ല. 2012ല്‍ മേഘാലയയിലെ ദക്ഷിണ ഗാരോ പ്രദേശത്ത് 15 ഖനി തൊഴിലാളികള്‍ കുടുങ്ങിയിരുന്നു. ഇന്ന് ഈ റിപ്പോര്‍ട്ട് എഴുതുന്നത് വരെ ആ തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയോ ഇത്തരം അനധികൃത ഖനികള്‍ക്കെതിരെ നടപടികള്‍ എടുക്കുകയോ ചെയ്തിട്ടില്ല.

ഖനി മാഫിയകളുടെ പണം തിരഞ്ഞെടുപ്പ് പ്രചരണങ്ങളെ കൊഴുപ്പിക്കുകയാണെന്ന റിപ്പോര്‍ട്ടുകളെ ശരി വയ്ക്കുന്നതാണ് സര്‍ക്കാരുകളുടെ നിസംഗത. അനധികൃത ഖനിയായതിനാൽ മുങ്ങൽ വിദഗ്​ധരെ സഹായിക്കാൻ സാധിക്കുന്ന ഭൂപടങ്ങളില്ല. വൻ പമ്പുകൾകൊണ്ടുവന്ന്​ വെള്ളം വറ്റിക്കാൻ ശ്രമിച്ചു. ഒരു ദിവസം മുഴുവൻ ശ്രമിച്ചിട്ടും ഒരു സെന്റീമീറ്റർപോലും ജലനിരപ്പ്​ കുറഞ്ഞിട്ടില്ല. 320അടിയുള്ള ഷാഫ്​റ്റ്​​ ഇറക്കിയപ്പോൾ 70 അടി പൂർണമായും വെള്ളത്തിൽ മുങ്ങി. കൽക്കരിയുമായി കലർന്ന്​ കറുത്ത നിറമായിരുന്നു വെള്ളത്തിന്​. സേനയുടെ മുങ്ങൽ വിദഗ്​ധർ അവിടെ അക്ഷരാർഥത്തിൽ അന്ധരാണെന്നും ഉദ്യോഗസ്​ഥൻ അറിയിച്ചു.

നിലവിൽ എട്ട്​ മുങ്ങൽ വിദഗ്​ധരുണ്ട്​. 70 അടി താഴ്​ചയിൽ വെള്ളവുമുണ്ട്​​. എന്നാൽ കൽക്കരി മൂലം ഇവർക്ക്​ 30-40 അടി താഴ്​ചയിൽ കൂടുതൽ പോകാൻ സാധിക്കുന്നില്ല. തെളിഞ്ഞ വെള്ളത്തിൽ ഒരാൾക്ക്​ അഞ്ചടി താഴെ വരെ സാധാരണ കാഴ്​ച ലഭിക്കും. ചെളി വെള്ളത്തിൽ ഇത്​ മൂന്നടിയായി കുറയും. എന്നാൽ ഇപ്പോൾ 300 അടി താഴ്​ചയുള്ള ഖനിയിലെ പരസ്​പരം ബന്ധപ്പെട്ടു കിടക്കുന്ന ഇടുങ്ങിയ അറകളിൽ ഇരുട്ടിൽ തപ്പുകയാണ്​ രക്ഷാപ്രവർത്തകർ.

ഖനിക്ക്​ സമീപത്തെ നദിയിൽ വെള്ളം കയറിയതു മൂലം ഖനിയിലും വെള്ളം നിറഞ്ഞിരിക്കുകയാണ്​. അതിനുള്ളിൽ ഒരാഴ്​ചയിലേറെയായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ഉ​ടനെ കണ്ടെത്തുക പ്രയാസകരമാണ്. ​ഖനി വിദഗ്​ധരുടെ നിർദേശത്താൽ പ്രത്യേക യന്ത്രങ്ങൾ കൊണ്ടുവന്ന്​ വെള്ളം വറ്റിക്കണമെങ്കിൽ പോലും ഒരു മാസം സമയം എടുക്കും. ഖനിയിലുള്ളവർ ജീവിച്ചിരിക്കാനുള്ള സാധ്യതയും വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

1992ല്‍ ഇതേ മലനിരയില്‍ തന്നെ ഖനിയില്‍ വെളളം നിറഞ്ഞ് 30 തൊഴിലാളികള്‍ മരിച്ചിരുന്നു. പ്രാദേശിക മാധ്യമങ്ങള്‍ ഈ മരണങ്ങളും ഇതിന് പിന്നാലെയുളള സമാന റിപ്പോര്‍ട്ടുകളും കൊടുത്തിരുന്നു. എന്നാല്‍ ദേശീയ-രാജ്യാന്തര മാധ്യമങ്ങള്‍ 17 തൊഴിലാളികള്‍ കുടുങ്ങിയിട്ടും വേണ്ടത്ര കവറേജ് നല്‍കാന്‍ തയ്യാറായില്ല. 2018 ജൂണ്‍ മാസം തായ്‌ലന്‍ഡിലെ ഗുഹയില്‍ 13 സ്കൂള്‍ കുട്ടികള്‍ കുടുങ്ങിയപ്പോള്‍ മാധ്യമങ്ങളും ജനങ്ങളും ഒന്നടങ്കം ആശങ്കയറിയിച്ച് രംഗത്തെത്തിയിരുന്നു.

കുട്ടികള്‍ ജീവനോടെ തിരികെ എത്താന്‍ ഇന്ത്യയില്‍ നിന്ന് ലക്ഷക്കണക്കിന് പേര്‍ പ്രാര്‍ത്ഥിക്കുകയും ഓണ്‍ലൈനില്‍ പോസ്റ്റുകള്‍ ഇടുകയും ചെയ്തു. എന്നാല്‍ മേഘാലയയില്‍ ഇത്രയും തൊഴിലാളികള്‍ കുടുങ്ങിയിട്ടും അവശ്യമായ രക്ഷാപ്രവര്‍ത്തന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരുകളോ, രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിക്കാന്‍ ജനങ്ങളോ, വാര്‍ത്ത രീതിയില്‍ കൈകാര്യം ചെയ്യാന്‍ ദേശീയ- രാജ്യാന്തര മാധ്യമങ്ങളോ തയ്യാറായിട്ടില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Trapped miners inside meghalayas rat hole coal mine still await rescue

Next Story
മുസാഫർനഗർ കലാപം: പ്രതി ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽIndian Navy, Suthern Naval Command, Navy In Kerala, Naval officers died, Kochi Navy, ദക്ഷിണ നാവിക സേന, ഇന്ത്യൻ നാവിക സേന, നാവിക സേനാ ഉദ്യോഗസ്ഥർ,
The moderation of comments is automated and not cleared manually by malayalam.indianexpress.com