ആറാഴ്ചയായി കുഞ്ഞിനെ മുലയൂട്ടി ട്രാൻസ് വനിത. ലോകത്ത് ആദ്യമായിട്ടാണ് ട്രാൻസ് വനിതയ്ക്ക് ചികിത്സയിലൂടെ മുലയൂട്ടാൻ സാധിക്കുന്നത്. മുപ്പത് കാരിയായ ട്രാൻസ് വനിതയാണ് ഈ ആദ്യമായി മുലയൂട്ടിയത്. ചികിത്സയിലൂടെ ദിനംപ്രതി 227 ഗ്രാം മുലപ്പാൽ കുഞ്ഞിന് നൽകാൻ സാധിക്കുന്നുണ്ടെന്ന് ന്യൂ സയന്റിസ്റ്റും ട്രാൻസ്‌ജെൻഡർ ഹെൽത്തും റിപ്പോർട്ട് ചെയ്യുന്നു.
മൂന്നര മാസത്തെ ചികിത്സയാണ് ട്രാൻസ് യുവതി ഇതിനായി വേണ്ടി വന്നത്. ഹോർമോൺ ചികിത്സ തുടങ്ങി ആദ്യമാസം മുതൽ തന്നെ അനുകൂല ഫലം കാണിച്ചിരുന്നു. മൂന്ന് മാസമായപ്പോൾ 227 ഗ്രാം മുലപ്പാൽ ഒരു ദിവസം ഉത്പാദിപ്പിക്കാൻ തുടങ്ങി.
ഈ ചികിത്സ ഫലപ്രദവും സുരക്ഷിതവുമാണെന്ന് ഉറപ്പ് വരുത്താൻ സാധിച്ചാൽ ട്രാൻസ് വനിതകൾക്കും കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവർക്കും മുലയൂട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ഗുണകരമാകുമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.
സ്ത്രൈണതായ്ക്കുളള ചികിത്സയിലൂടെ കടന്നുപോകുകയായിരുന്നു ഏറെ വർഷങ്ങളായി ഈ യുവതി.
വൈദ്യശാസ്ത്രത്തിലെ അഭൂതപൂർവ്വമായ നേട്ടമായാണ് ന്യൂയോർക്കിലെ മൗണ്ട് സിനായ് ഹോസ്പിറ്റൽ സെന്റർ ഫോർ ട്രാൻസ്ജെൻഡർ മെഡിസിൻ ആൻഡ് സർജറി വിഭാഗം ഡോ. തമാര്‍ റെയ്‌സ്‌മാൻ ഈ സംഭവത്തെ വിലയിരുത്തുന്നത്.
സ്ത്രൈണതയ്ക്കായുളള ഹോർമോൺ ചികിത്സയും പാലുൽപ്പാദിപ്പിക്കാനുളള മറ്റ് മരുന്നുകളും നൽകിയായിരുന്നു ചികിത്സ. ഈ നേട്ടം ട്രാൻസ്ജെൻഡേഴ്സിനു പൂർണതോതിൽ പ്രത്യുത്പാദന ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്ക് നയിക്കാനുളള വഴി തുറക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.