വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റത് മുതൽ ഡൊണാൾഡ് ട്രംപ് അമേരിക്കക്കാരെയും ലോകജനതയെയും ഞെട്ടിക്കുന്ന തീരുമാനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. മുസ്ലിങ്ങൾക്കും, മുസ്ലിം രാഷ്ട്രങ്ങൾക്കുമെതിരായ അദ്ദേഹത്തിന്റെ തുടക്കം മുതലുള്ള നിലപാട് രൂക്ഷ വിമർശനത്തിന് കാരണമായിരുന്നു.

ഇപ്പോഴിതാ അതേ നിലപാടാണ് തനിക്ക് ട്രാൻസ്ജെൻഡേഴ്സിനോടും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. സൈന്യത്തിലുള്ള ട്രാൻസ്ജെൻഡേഴ്സിന്റെ ചികിത്സയ്ക്കും മറ്റുമായി ധാരാളം പണം ചിലവഴിക്കേണ്ടി വരുന്നുവെന്നും ഇതിനാൽ ഇനി മുതൽ ട്രാൻസ്ജെൻഡേഴ്സിനെ സൈന്യത്തിലേക്ക് എടുക്കില്ലെന്നുമാണ് അദ്ദേഹം ഇന്നലെ ട്വീറ്റ് ചെയ്തത്.

തീർത്തും അപ്രതീക്ഷിതമായാണ് ഇത്തരമൊരു തീരുമാനം വൈറ്റ് ഹൗസിൽ നിന്ന് പുറത്തേക്ക് വന്നത്. ഇത്തരമൊരു തീരുമാനം ട്വിറ്ററിലൂടെ അദ്ദേഹം പ്രഖ്യാപിച്ചത് എന്തുകൊണ്ടാകാമെന്നാണ് ഇപ്പോൾ അമേരിക്കയിലെ പ്രധാന ചിന്ത. എന്ന് മുതലാണ് ഈ തീരുമാനം നടപ്പിലാവുക എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. നിലവിൽ 1320 നും 6630 നും ഇടയിലാണ് അമേരിക്കൻ സൈന്യത്തിലുള്ള ട്രാൻസ്ജെൻഡേഴ്സിന്റെ എണ്ണം.

2016 ലാണ് പെന്റഗൺ, സൈന്യത്തിൽ ട്രാൻസ്ജെൻഡേഴ്സിന് ജോലി ചെയ്യാനുള്ള വിലക്ക് നീക്കിയത്. ഇതിന് പിന്നാലെയാണ് വൈദ്യ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ധാരാളം പണം ചിലവഴിക്കുന്നുവെന്ന് കാരണം ചൂണ്ടിക്കാട്ടി ട്രംപ് ട്രാൻസ്ജെൻഡേഴ്സിനെ പുറത്താക്കിയത്. അമേരിക്കൻ സൈനിക മേധാവികളോട് ചർച്ച ചെയ്ത ശേഷമാണ് ഈ തീരുമാനമെന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ