scorecardresearch
Latest News

ലൈംഗിക തൊഴിലാളികളുടെ മക്കള്‍ക്കായി അമ്മൂമ്മ വീടൊരുക്കി ഭിന്നലിംഗക്കാരി

അടുത്തിടെ പുറത്തുവന്ന ഒരു ടെലിവിഷന്‍ പരസ്യത്തില്‍ ഭിന്നലിംഗക്കാര്‍ക്കും കുട്ടികളെ ദത്തെടുക്കാനുള്ള അവകാശമുണ്ടെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ട് ഗൗരി ഏറെ ശ്രദ്ധ നേടിയിരുന്നു

ലൈംഗിക തൊഴിലാളികളുടെ മക്കള്‍ക്കായി അമ്മൂമ്മ വീടൊരുക്കി ഭിന്നലിംഗക്കാരി

മുംബൈ: ലൈംഗികവേഴ്ചയ്ക്കിടയിൽ അമ്മയുടെ വസ്ത്രം പിടിച്ചുവലിക്കുന്ന കുഞ്ഞിന്‍റെ മുഖമാണ് ഗൗരി സാവന്ത് എന്ന ഭിന്നലിംഗക്കാരിയെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്. സാമൂഹ്യ പ്രവര്‍ത്തകയായ ഗൗരി അന്ന് മുതല്‍ ചിന്തിക്കുകയായിരുന്നു. ലൈംഗികതൊഴിലാളികളുടെ മക്കളുടെ ഭാവിക്കായി എന്തെങ്കിലും ചെയ്യുക തന്നെ വേണമെന്ന് ഗൗരി നിശ്ചയിച്ചു. ആ കുട്ടികളെ സംരക്ഷിക്കുന്നതിനും വളര്‍ത്തുന്നതിനുമുള്ള ഒരു വീടിന്‍റെ പണിപ്പുരയിലാണ് ഇപ്പോള്‍ ഗൗരി. ഗൗരിയുടെ ഈ സ്വപ്നത്തിനു ‘അമ്മൂമ്മ വീട്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ലൈംഗികതൊഴിലാളികളുടെ കുട്ടികളെ ലൈംഗിക വൃത്തിക്കായി ഉപയോഗപ്പെടുത്തുന്ന സാഹചര്യം ഇല്ലാതാക്കുക എന്നു മാത്രമല്ല അവര്‍ക്ക് സ്വന്തമായൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള അവസരം സൃഷ്ടിക്കുക എന്നുകൂടിയാണ് ‘അമ്മൂമ്മ വീട്’ ലക്ഷ്യം വയ്ക്കുന്നത്.

2001ലാണ് അനാഥയായ ഒരു ലൈംഗിക തൊഴിലാളിയുടെ മകളെ ഗൗരി ദത്തെടുക്കുന്നത്. അത്തരത്തിലുള്ള കുട്ടികള്‍ മിക്കപ്പോഴും സമൂഹത്തില്‍ നിന്നും വിവേചനങ്ങള്‍ നേരിടാറുണ്ടെന്ന് ഗൗരി സാക്ഷ്യപ്പെടുത്തുന്നു. “വീട്ടില്‍ നിന്നും അകന്ന് ഹോസ്റ്റലുകളില്‍ താമസിക്കുമ്പോഴും അവര്‍ നിരന്തരമായി വിവേചനങ്ങള്‍ അഭിമുഖീകരിക്കുന്നു. ഇത്തരത്തിൽ ഹോസ്റ്റലുകളില്‍ കഴിയുമ്പോള്‍ ഒരു ലൈംഗിക തൊഴിലാളിയാണ് തന്റെ അമ്മ എന്ന് ലോകത്തോട്‌ പറയാന്‍ അവര്‍ക്ക് ഒരിക്കലും സാധിക്കില്ല. എന്നാല്‍ തങ്ങള്‍ ‘അമ്മൂമ്മ വീട്ടിലാണ്’ വളര്‍ന്നത് എന്ന് പറയുമ്പോള്‍ ഒരാള്‍ പോലും അവരെ ചോദ്യം ചെയ്യുകയില്ല.” പിടിഐയോട് ഗൗരി പറഞ്ഞു.

അടുത്തിടെ പുറത്തുവന്ന ഒരു ടെലിവിഷന്‍ പരസ്യത്തില്‍ ഭിന്നലിംഗക്കാര്‍ക്കും കുട്ടികളെ ദത്തെടുക്കാനുള്ള അവകാശമുണ്ടെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ട് ഗൗരി ഏറെ ശ്രദ്ധ നേടിയിരുന്നു. മുംബൈക്കടുത്തുള്ള ഗ്രാമത്തില്‍ തന്‍റെ പേരിലുള്ള രണ്ടായിരം ചതുരശ്രയടി ഭൂമിയില്‍ രണ്ടുനിലയുള്ള ‘അമ്മൂമ്മ വീട്’ നിര്‍മിക്കാം എന്നാണ് ഗൗരി ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി ക്രൗഡ്‌ ഫണ്ടിങ് പ്ലാറ്റ്ഫോമായ ‘മിലാപ്’ വഴി 20 ലക്ഷം രൂപ സ്വരൂപിക്കുവാനുള്ള ശ്രമത്തിലാണ് ഗൗരി.

വൃദ്ധയായ സ്ത്രീകളും ഭിന്നലിംഗക്കാരുമാകും അവിടെയെത്തുന്ന കുട്ടികളെ വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുക.”ഗൃഹപാലനത്തില്‍ ഏറെ അനുഭവസ്ഥര്‍ ആയിരിക്കും അവര്‍” ഗൗരി പറയുന്നു.

” താഴത്തെ നിലയില്‍ ഒരു അടുക്കള, ഒരു ഹാള്‍, ഒരു ഓഫീസ് എന്നിവയും മുകളിലത്തെ നിലയില്‍ ഒരു വലിയ ഹാളും ആയാണ് കെട്ടിടം നിര്‍മിക്കുക. പൊതുവായുള്ള ശൗചാലയങ്ങളും ഉണ്ടാവും. രണ്ടുകുട്ടികള്‍ക്ക് ഒരു അമ്മൂമ്മ എന്നതാവും അനുപാതം”. കെട്ടിടം പണിയുക എന്നത് ആദ്യപടി മാത്രമാണെന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് ഗൗരി പറയുന്നു.

“വീടു നിർമിക്കാനുളള പണം സ്വരൂപിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷെ എങ്ങനെയാവും വീട് മുന്നോട്ട് കൊണ്ട് പോവുക എന്നതാണ് ചോദ്യം. കുട്ടികളെ വളര്‍ത്തുക എന്നുള്ളത് ഒട്ടും എളുപ്പമുള്ള കാര്യമല്ല” ഗൗരി പറഞ്ഞു.

കുട്ടികളെ സ്കൂളില്‍ അയച്ച് അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക എന്നതാണ് അമ്മൂമ്മ വീടിന്‍റെ പ്രധാന ഉദ്ദേശ്യം. വിവിധ എന്‍ജിയോകളുടെ സാമ്പത്തിക സഹായം നേടിയും മറ്റു ഫണ്ടുകൾ വഴിയും ഈ പ്രശ്നത്തെ തരണം ചെയ്യാം എന്നതാണ് ഗൗരിക്കു മുന്നില്‍ ഇപ്പോഴുള്ള ഒരേയൊരു പ്രതീക്ഷ.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Transgender activist to set grandmas home for sex workers kids

Best of Express