ഏകദേശം രണ്ടാഴ്ച മുമ്പ് വരെ നതാലിയ കലിനിയുക്ക് പടിഞ്ഞാറൻ യുക്രൈനിലെ ടെർനോപിൽ മെഡിക്കൽ നാഷണൽ യൂണിവേഴ്സിറ്റിയിൽ (ടിഎംഎന്യു) ഫോറൻസിക് മെഡിസിനെക്കുറിച്ചും മെഡിക്കൽ ലോയെക്കുറിച്ചും ക്ലാസെടുക്കുകയായിരുന്നു. എന്നാലിപ്പോള്‍ യുദ്ധമേഖലയിലെ സാധാരണക്കാര്‍ക്കും സൈനികര്‍ക്കും മരുന്നുകളും ഭക്ഷണങ്ങളുമൊക്കെ സജ്ജീകരിക്കുന്ന തിരക്കിലാണ്. “ഞങ്ങളുടെ നാടിനെ നശിപ്പിക്കുമ്പോള്‍ ഒന്നും ചെയ്യാതിരിക്കാന്‍ എങ്ങനെ കഴിയും,” നതാലിയ ചോദിച്ചു.
റഷ്യന്‍ അധിനിവേശം ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ നാട്ടിലേക്ക് മടങ്ങാന്‍ നിര്ബന്ധിതരാക്കിയപ്പോള് അവരുടെ അധ്യപകര്‍, ആക്രമണം താരതമ്യേന കുറവുള്ള ടെര്‍നോപില്‍, ലിവിവ് എന്നിവിടങ്ങളില്‍ നിന്ന് പോലും യുദ്ധഭൂമിയിലേക്കെത്തി. മരുന്നുകള്‍ ശേഖരിക്കുക, സൈനികര്‍ക്കും സാധരക്കാര്ക്കും ഭക്ഷണം പാകം ചെയ്യുക, ഓണ്‍ലൈനായി വൈദ്യസഹായങ്ങള്‍ നല്‍കുക എന്നിവയാണ് ഇപ്പോഴത്തെ ജോലി. പലരും സൈന്യത്തിനൊപ്പം ചേരുകയും ചെയ്തു.
“ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം സൈന്യത്തില്‍ ചേർന്നതാണ്. അഞ്ചും പത്തും വയസുള്ള എന്റെ കുട്ടികളെ അമ്മയ്ക്കൊപ്പം വിട്ടിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്,” സുഖവിവരം അന്വേഷിച്ചുള്ള തന്റെ വിദ്യാര്‍ഥികളുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി കൊടുക്കുന്നതിനിടെ നതാലിയ പറഞ്ഞു.
“സാധനങ്ങള്‍ ശേഖരിക്കുകയും വിതരണം ചെയ്യുകയുമാണ് എന്റെ പ്രധാന ജോലി. സൈനികരുടേയും ബങ്കറുകളില്‍ തുടരുന്ന സാധരണക്കാരുടേയും ആവശ്യങ്ങള്‍ക്ക് അനുസരിച്ചാണ് സാധനങ്ങള്‍ എത്തിക്കുന്നത്. ഒരുപാട് പേര് യുക്രൈന് വിട്ട് അയല്‍ രാജ്യങ്ങളിലേക്ക് പോയി. രാജ്യത്തിനായി പോരാടുന്ന എന്റെ ഭര്‍ത്താവ്, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരെ ഉപേക്ഷിച്ച് പോകാന്‍ എനിക്കാവില്ല,” നതാലിയ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
മാര്‍ഷ്യല്‍ ലൊ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്ക് അവധി അനുവദിച്ചിരിക്കുകയാണ്. എന്ന് മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നതില്‍ വ്യക്തതയില്ല.
ടിഎംഎന്യുവിലെ ഫിസിയോളജി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ നാക്കോനേച്ന സോഫിയയും നാതാലിയെ പോലെ യുദ്ധസഹായം നല്‍കുന്നവരുടെ കൂട്ടത്തിലുണ്ട്. “എനിക്ക് കൂടുതലും മരുന്നുകള്‍ തരംതിരിക്കുന്ന ജോലികളാണ്. ക്ലിനിക്കല്‍ ഫാര്‍മസിയില്‍ എനിക്കുള്ള ഡിപ്ലോമ മരുന്ന് തരംതിരിക്കല്‍ കൂടുതല്‍ എളുപ്പമാക്കുന്നുണ്ട്. എന്റെ സര്‍വകലാശാലയില്‍ നിന്നുള്ളവരില്‍ സൈന്യത്തില്‍ ചേര്‍ന്ന നാല് പേരെയെങ്കിലും എനിക്കറിയാം,” സോഫിയ പറഞ്ഞു.
“യുദ്ധസമയത്ത് സംഭവിക്കുന്നതും ഏറ്റവും അലട്ടുന്നതുമായ കാര്യം മരണങ്ങള് അല്ല, ആവശ്യമുള്ളവര്‍ക്ക് സഹായം എത്തിക്കാന്‍ കഴിയുന്നില്ല എന്നുള്ളതാണ്. ഞങ്ങളുടെ സര്‍വകലാശലയിലെ ഡോക്ടര്‍മാര്‍ സാധാരണക്കാരെ രക്തസ്രാവം എങ്ങനെ നിയന്ത്രിക്കണമെന്നും, പരുക്കേറ്റയൊരാളെ സഹായിക്കേണ്ട രീതിയെക്കുറിച്ചുമൊക്കെ പരിശീലിപ്പിക്കുന്നുണ്ട്. എല്ലാം സാധാരണ നിലയിലേക്കെത്തുന്നതിനായി കാത്തിരിക്കുകയാണ്,” ടിഎംഎന്യുവിലെ അസിസ്റ്റന്റ് പ്രൊഫസറായ ഒലേന പോക്രിഷ്കൊ പറഞ്ഞു.
തങ്ങളുടെ പൂര്‍വ വിദ്യാര്‍ഥികളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഒലേന പറഞ്ഞു. “ഇറാഖിലുള്ള പൂര്‍വവിദ്യാര്‍ഥികള്‍ 11,000 ഡോളര്‍ സമാഹരിച്ചതായി എന്നെ അറിയിച്ചു. ഞാന്‍ ആവശ്യമായ മരുന്നുകളുടെ ലിസ്റ്റ് കൊടുത്തിട്ടുണ്ട്, ടര്‍ക്കി വഴി അവര്‍ അതെല്ലാം അയച്ചു നല്‍കും. പോളണ്ടിലും ഇന്ത്യയിലുമുള്ള വിദ്യാര്‍ഥികളും സഹായം നല്‍കുന്നുണ്ട്. പലര്‍ക്കും തിരിച്ചു പോകണമെന്നില്ലായിരുന്നു. മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് അവര്‍ക്ക് വഴങ്ങേണ്ടി വന്നു,” ഒലേന കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ വിദ്യാര്‍ഥികളെ എംബസിയുമായി ബന്ധിപ്പിക്കുന്നതിലും യുക്രൈനിലെ അധ്യപകര്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. എല്ലാം സാധരണ നിലയിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. “ഞങ്ങളുടെ ജനങ്ങളെ ഞങ്ങള്‍ സംരക്ഷിക്കും, എല്ലാം പുനര്‍നിര്‍മ്മിക്കും. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കൊപ്പം രാജ്യത്തെ മനോഹരമായ സ്ഥലങ്ങളിലേക്ക് യാത്രയും ചെയ്യും,” നതാലിയ പ്രതീക്ഷ പങ്കുവച്ചു.