ന്യൂഡൽഹി: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം സമ്പൂർണ അടച്ചുപൂട്ടലിലൂടെ കടന്നുപോകുകയാണ്. മൂന്നാം ഘട്ട അടച്ചുപൂട്ടൽ മേയ് 17 നു അവസാനിക്കും. മേയ് 17 നു ശേഷവും നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. അതിനിടെ ജൂൺ 30 വരെയുള്ള എല്ലാ ട്രെയിൻ ടിക്കറ്റുകളും ഇന്ത്യൻ റെയിൽവേ റദ്ദാക്കി.

സ്‌പെഷ്യൽ ട്രെയിനുകളും ശ്രമിക് ട്രെയിനുകളും മാത്രമേ ഇക്കാലയളവിൽ സർവീസ് നടത്തൂ. ജൂൺ 30 വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്‌ത എല്ലാ ടിക്കറ്റുകളും റദ്ദാക്കിയിട്ടുണ്ട്. ടിക്കറ്റിനായി ചെലവഴിച്ച തുക മുഴുവനായും റെയിൽവേ തിരിച്ചുനൽകും. ജൂൺ 30 വരെയുള്ള എല്ലാ സർവീസുകളും റദ്ദാക്കിയ സാഹചര്യത്തിലാണ് ടിക്കറ്റ് തുക തിരിച്ചുനൽകാൻ റെയിൽവേ തീരുമാനിച്ചത്.

Read Also: കോയമ്പേട് മുതൽ പൊലീസ് ഉദ്യോഗസ്ഥരുടെ രോഗബാധ വരെ; വയനാട് അതീവ ജാഗ്രതയിൽ

അതേസമയം, രാജ്യത്ത് സ്‌പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ജൂൺ 11 മുതൽ ആരംഭിച്ചു. മേയ് 12 മുതലാണ് സ്‌പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിച്ചത്. റെയിൽവേ സ്റ്റേഷനുകളിൽ എത്താൻ പ്രത്യേക പാസ് ആവശ്യമില്ല, ഓൺലൈനായി ബുക്ക് ചെയ്‌ത ടിക്കറ്റ് കാണിച്ചാൽ മതി. ടിക്കറ്റ് ഉറപ്പായവർക്ക് മാത്രമേ റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. സ്റ്റേഷൻ കൗണ്ടർ വഴി ടിക്കറ്റ് വിൽപ്പന ഇല്ല.

കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ ഇന്ന്

ആഴ്‌ചയിൽ മൂന്ന് സർവീസുകളാണ് കേരളത്തിലേക്ക് ഉള്ളത്. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് സർവീസ്. ചൊവ്വ, ബുധൻ, ഞായർ ദിവസങ്ങളിലാണ് കേരളത്തിലേക്കുള്ള ട്രെയിനുകൾ. ഇന്നലെയാണ് ആദ്യ സർവീസ് ആരംഭിച്ചത്. ഇന്നലെ രാവിലെ 10.55 ന് ഡൽഹിയിൽ നിന്ന് ട്രെയിൻ പുറപ്പെട്ടു. ഇന്ന് ട്രെയിൻ തിരുവനന്തപുരത്ത് എത്തും. കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ ട്രെയിന് സ്റ്റോപ്പുകളുണ്ട്. സ്‌പെഷ്യൽ രാജധാനി എക്‌സ്‌പ്രസാണ് സർവീസ് നടത്തുന്നത്.

ആകെ സർവീസുകൾ

എല്ലാ ട്രെയിനുകളും രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ യാത്ര ആരംഭിക്കുന്നതോ അവസാനിപ്പിക്കുന്നതോ ആയിരിക്കും. 15 ജോഡി ട്രെയിൻ സർവീസുകളാണ് രാജ്യത്തുള്ളത്. ട്രെയിനുകൾക്ക് ജനറൽ ബോഗി ഉണ്ടാകില്ല. സാമൂഹിക അകലം പാലിച്ചായിരിക്കും യാത്ര. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, തെലങ്കാന, ഗോവ, അസം, ബീഹാർ, ഗുജറാത്ത്, പശ്ചിമബംഗാൾ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ത്രിപുര, ഒഡീഷ, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ 15 സ്റ്റേഷനുകളെ ഡൽഹിയുമായി ബന്ധിപ്പിച്ചാണ് ട്രെയിനുകൾ. എസി ത്രി ടയർ കോച്ചിൽ 52 യാത്രക്കാരെയും എസി ടു ടയർ കോച്ചിൽ 48 യാത്രക്കാരെയും മാത്രമാണ് അനുവദിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook