scorecardresearch
Latest News

ട്രാക്കിൽ ആളുകൾ കിടക്കുന്നതുകണ്ട് ട്രെയിൻ നിർത്താൻ നോക്കി; ഔറംഗാബാദ് ദുരന്തത്തെക്കുറിച്ച് ലോക്കോ പെെലറ്റ്

16 പേർ മരിച്ചു. മഹാരാഷ്ട്ര സർക്കാരിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടിസ്

ട്രാക്കിൽ ആളുകൾ കിടക്കുന്നതുകണ്ട് ട്രെയിൻ നിർത്താൻ നോക്കി; ഔറംഗാബാദ് ദുരന്തത്തെക്കുറിച്ച് ലോക്കോ പെെലറ്റ്

ഔറംഗാബാദ്: റെയിൽവേ ട്രാക്കിൽ ഉറങ്ങികിടന്ന അതിഥി തൊഴിലാളികളുടെ മുകളിലൂടെ ട്രെയിൻ പാഞ്ഞുകയറി 16 പേർ മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഇന്ന് പുലർച്ചെയാണ് സംഭവം. 14 പേർ തൽക്ഷണം മരിച്ചു. രണ്ട് പേർ ആശുപത്രിയിൽ എത്തിയ ശേഷമാണ് മരിച്ചത്. ജൽനയിൽ നിന്നു ബുസ്വാളിലേക്ക് കാൽനടയായി പോകുകയായിരുന്നു ഇവർ. ‘ശ്രമിക്’ സ്‌പെഷ്യൽ ട്രെയിനിൽ മധ്യപ്രദേശിലേക്കു തിരിച്ചു പോകുകയായിരുന്നു ഇവരുടെ ലക്ഷ്യം. റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെയാണ് അപകടം നടക്കുന്നത്.

ട്രെയിൻ സർവീസ് ഇല്ലാത്തതിനാൽ രാത്രി റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയതാണ്. ചരക്കുനീക്കം നടത്തിയിരുന്ന ട്രെയിൻ ഇടിച്ചാണ് മരണം. ഔറംഗാബാദിലെ കർമാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം. അപകടമുണ്ടായ വിവരം രാവിലെ ആറിനാണ് റെയിൽവേ അധികൃതർ അറിയുന്നത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. റെയിൽവേ മന്ത്രി പിയൂഷ് ഗോയലുമായി സംസാരിച്ചെന്നും ആവശ്യമായ സഹായങ്ങൾ ചെയ്‌തു നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ക്ഷീണിതരായതിനെ തുടർന്ന് ട്രാക്കിൽ വിശ്രമിക്കുമ്പോൾ ആകും അപകടം നടന്നതെന്നാണ് ഔറംഗാബാദ് പൊലീസ് പറയുന്നത്. “20 അതിഥി തൊഴിലാളികൾ ഉണ്ടായിരുന്നു. ജൽനയിൽ നിന്ന് ബുസ്വാളിലേക്ക് 150 കിലോമീറ്റർ നടക്കണം. 45 കിലോമീറ്റർ നടന്നുകഴിഞ്ഞപ്പോൾ തൊഴിലാളികൾ ട്രാക്കിൽ വിശ്രമിക്കാൻ കിടന്നുകാണും. ഇവർ വിശ്രമിക്കാൻ കിടന്ന ട്രാക്കിലൂടെ പുലർച്ചെ 5.15 ന് ഒരു ചരക്കുനീക്ക ട്രെയിൻ കടന്നുപോയിട്ടുണ്ട്.” പൊലീസ് പറഞ്ഞു.

ഇന്ത്യൻ റെയിൽവെ സംഭവത്തിൽ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. ചരക്ക് ട്രെയിന്റെ ലോക്കോ പെെലറ്റ് തൊഴിലാളികൾ ട്രാക്കിൽ കിടക്കുന്നത് കണ്ടിരുന്നു. അപകടം ഒഴിവാക്കാനായി ലോക്കോ പെെലറ്റ് കഴിവതും ശ്രമിച്ചു. ട്രെയിൻ അതിവേഗം നിർത്താൻ ശ്രമിച്ചെങ്കിലും അത് സാധ്യമായില്ല. ലോക്കോ പെെലറ്റിനു ട്രെയിന്റെ വേഗത നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇതാണ് അപകടത്തിനു കാരണമെന്ന് റെയിൽവേ ട്വീറ്റ് ചെയ്തു.

മഹാരാഷ്ട്ര സർക്കാരിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടിസ്

മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ പാഞ്ഞുകയറി മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ ഇടപെടുകയായിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് മനുഷ്യാവകാശ കമ്മീഷൻ നോട്ടിസ് അയച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Train runs over a dozen migrant workers in aurangabad