ന്യൂഡല്‍ഹി: ട്രെയിനിലും റെയില്‍വെ സ്റ്റേഷനിലും ഭക്ഷണത്തിന് പലപ്പോഴും പല വിലയാണെന്നത് നമ്മള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. യാത്രയ്ക്കിടെയുളള ബുദ്ധിമുട്ട് ഒഴിവാക്കാനായി നമ്മള്‍ പലപ്പോഴും വിലയുടെ കാര്യത്തെ കുറിച്ച് വാദിക്കാന്‍ നില്‍ക്കാറുമില്ല. എന്നാല്‍ ഭക്ഷണത്തിന് അന്യായമായ വിലയിടുന്നവരെ വിടാന്‍ ഒരുക്കമല്ലെന്നാണ് റെയില്‍വെ വ്യക്തമാക്കുന്നത്. ബില്ല് നല്‍കിയില്ലെങ്കില്‍ വാങ്ങിയ ഭക്ഷണത്തിന് പണം നല്‍കേണ്ടെന്ന തീരുമാനം നടപ്പിലാക്കാനൊരുങ്ങുകയാണ് റെയില്‍വെ. ട്രെയിനില്‍വെച്ചോ, റെയില്‍വെ സ്‌റ്റേഷനില്‍ വെച്ചോ ഭക്ഷണ സാധനങ്ങള്‍ വാങ്ങിയാല്‍ ബില്ല് നല്‍കണമെന്ന വ്യവസ്ഥ ഉടന്‍ നടപ്പാക്കും.

ഏതെങ്കിലും സാഹചര്യത്തില്‍ ബില്ല് നല്‍കാന്‍ സാധിക്കാതെ വന്നാല്‍ ഉപഭോക്താവ് പണം നല്‍കേണ്ടതില്ല. റെയില്‍വെയില്‍ ഭക്ഷണത്തിന് അധിക തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. ബില്ല് നിര്‍ബന്ധമായും കൈപറ്റണമെന്ന് റെയില്‍വെ സ്റ്റേഷനുകളില്‍ വിളിച്ചുപറയും. അനധികൃത കച്ചവടക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും.

‘കാറ്ററിങ് സേവനം കൂടുതല്‍ യാത്രക്കാര്‍ ഉപയോഗപ്പെടുത്താനാണ് റെയില്‍വെ ശ്രമിക്കുന്നത്. അധിക തുക ഈടാക്കപ്പെടുകയോ പറ്റിക്കപ്പെടുകയോ ചെയ്യാത്ത രീതിയില്‍ യാത്രക്കാരെ ഭക്ഷണ സേവനത്തിന് ആശ്രിതരാക്കുക എന്നാണ് ഉദ്ദേശം. അനധികൃത വില്‍പ്പനക്കാരേയും നടപടിയിലൂടെ നേരിടാനാവും,’ റെയില്‍വെ വക്താവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ