കൊച്ചി: കൊച്ചി മെട്രോയുടെ ട്രയല്‍ സര്‍വീസ് ഇന്നും തുടരും. കേന്ദ്ര മെട്രോ സുരക്ഷാ കമ്മീഷന്റെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് സര്‍വീസ് ട്രയല്‍ ഓട്ടം നടക്കുന്നത്. രാവിലെയോടെ തന്നെ പൂര്‍ണസജ്ജമായ ട്രാക്കിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങി. അനൗണ്‍സ്‌മെന്റും ട്രെയിനിനകത്തുള്ള ഡിസ്‌പ്ലേയില്‍ അതാത് സ്റ്റേഷനുകളുടെ വിവരങ്ങളും മറ്റും ഇന്ന് പ്രദര്‍ശിപ്പിക്കും. ഘട്ടം ഘട്ടമായിട്ടായിരിക്കും മറ്റ് സംവിധാനങ്ങള്‍ പരീക്ഷിക്കുക.

നാല് ട്രെയിനുകളാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. രാത്രി 9.30ന് ഓട്ടം അവസാനിക്കും. 142 ട്രിപ്പുകളാണുണ്ടാവുക. വരുംദിവസങ്ങളില്‍ ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കും.

സാധാരണ യാത്രാ സര്‍വിസിന് സമാനമായിരിക്കും പരീക്ഷണ ഓട്ടമെങ്കിലും യാത്രക്കാരെ കയറ്റുന്നില്ല. ആലുവ മുതല്‍ പാലാരിവട്ടംവരെയും തിരിച്ചുമുള്ള സര്‍വിസുകളില്‍ എല്ലാ സ്റ്റേഷനുകളിലും ട്രെയിന്‍ നിര്‍ത്തും.

കഴിഞ്ഞ ദിവസമാണ് കൊച്ചി മെട്രോയ്ക്ക് കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിച്ചത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളും പാളവും സുരക്ഷാ കമ്മീഷന്‍ പരിശോധിച്ചത്. പരിശോധനയില്‍ ഇവര്‍ നേരത്തേ തൃപ്തിയും രേഖപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ