ന്യൂഡല്‍ഹി: കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശത്ത് കുടുങ്ങിയ 300ല്‍ അധികം യാക്കുകള്‍ വിശന്നു ചത്തു. സിക്കിമിലെ അതിര്‍ത്തി പ്രദേശത്ത് നിന്നും യാക്കുകളുടെ ജഡങ്ങള്‍ കണ്ടടുത്തതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രാജ് യാദവ് വ്യക്തമാക്കി. കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ഡിസംബര്‍ മാസം മുതല്‍ യാക്കുകള്‍ ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. അധികൃതര്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച് ഭക്ഷണം എത്തിച്ച് നല്‍കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

പർവ്വതങ്ങളിൽ ജീവിക്കാൻ അനുയോജ്യമായ കട്ടിയും നീളവും കൂടിയ രോമങ്ങൾ യാക്കുകൾക്ക് ഉണ്ട്. ചമരിക്കാള എന്ന പേരിലും ഈ ജീവി അറിയപ്പെടുന്നു. പർവ്വത പ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യർ പാലിനും, തുകലിനും, ഇറച്ചിക്കും, കമ്പിളിക്കുമായി യാക്കുകളെ വളർത്താറുണ്ട്. മഞ്ഞ് വീഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് അഞ്ച് ദിവസം മുമ്പാണ് ഉദ്യോഗസ്ഥർ പ്രദേശത്ത് എത്തിയത്.

എന്നാല്‍ 300ല്‍ അധികം യാക്കുകളുടെ ജഡങ്ങളാണ് കണ്ടെത്താനായത്. ഓരോ വര്‍ഷവും 10 മുതല്‍ 15 വരെ യാക്കുകള്‍ മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ചാവാറുണ്ടെങ്കിലും ഇത് ആദ്യമായാണ് ഇത്രയധികം യാക്കുകള്‍ ചത്തൊടുങ്ങുന്നത്. പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന 50ഓളം യാക്കുകളെ രക്ഷിക്കാനുളള ശ്രമം ഇപ്പോഴും തുടരുകയാണ്. യാക്കുകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരമായി 30,000 രൂപ വീതം ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook